Pularvettom

പുലർവെട്ടം 333

{പുലർവെട്ടം 333}

I don’t study to know more, but to ignore less.

-Juana Inés de la Cruz

കുട്ടികൾ പഠിക്കുന്ന എല്ലാ വീടിനകത്തും വിക്ടേഴ്സ് ചാനലാണ് ഉയർന്നുകേൾക്കുന്നത്. അവർ പഠിക്കുന്നു എന്ന തോന്നൽ വീടിന്റെ ചലനങ്ങളെ കുറേക്കൂടി സുഭഗമാക്കിയിട്ടുണ്ട്. അവരോടൊപ്പം മുതിർന്നവരും പുതിയ ചില കാര്യങ്ങൾ മനസ്സിലാക്കുകയും മറന്നുതുടങ്ങിയതിനെ പൊടി തട്ടിയെടുക്കുകയും ചെയ്യുന്നു. ചില ശാസ്ത്രബോധങ്ങൾ, നാട്ടറിവുകൾ, സാഹിത്യകൃതികൾ ഒക്കെ പല രീതിയിൽ കോലായകളിലും ഉമ്മറങ്ങളിലും ചിതറിവീഴുന്നുണ്ട്. കുട്ടികൾ കൊണ്ടുവരുന്ന വിജ്ഞാനത്താൽ അലങ്കരിക്കപ്പെടുന്ന വീടുകൾ. അറിവിന്റെ ഒരു പുതിയ വഴിയാണത്.

തീരെ കനമോ ഖേദമോ ആകുലതയോ ഇല്ലാതെ അപ്പൂപ്പൻതാടി പോലെ സ്വതന്ത്രനായ ഒരാൾ; പുരുഷാർത്ഥത്തിലെ നാലാമത്തേതായ മോക്ഷം അതാണ്. ഇഹലോകസാധ്യതയായിത്തന്നെ അതിനെ പരിഗണിക്കുന്നു. മോക്ഷത്തിലേക്ക് മൂന്നു പാതകളുണ്ടെന്നാണ് ഭാരതം വിശ്വസിക്കുന്നത്. ലോകത്തോടുള്ള അൻപു നിമിത്തം പ്രതിഫലേച്ഛയില്ലാതെ പരാർത്ഥകർമങ്ങളിൽ ഏർപ്പെടുകയാണ് ആദ്യത്തേത്, കർമയോഗം. രണ്ടാമത്തേത് ഭക്തിയോഗം, ആ പരമചൈതന്യത്തിന്റെ പാദങ്ങളിൽ പൂർണമായി അർപ്പിച്ച ഒരു ജീവിതകർമ്മമാണത്. മൂന്നാമത്തേത് ജ്ഞാനയോഗം; ജീവിതാന്ത്യത്തോളം ജ്ഞാനതീർത്ഥാടനങ്ങളിലാവുക. ബോധത്തിലും തെളിച്ചത്തിലും സദാ ഇരിക്കുക എന്നു സാരം. സ്വച്ഛന്ദമൃത്യുവിന്റെ ശരശയ്യയിൽ ആയിരിക്കുമ്പോഴും പാഠങ്ങൾ സ്വീകരിക്കാനും നൽകാനും തയാറാവുന്ന ഭീഷ്മരാണ് മാതൃക. ശ്രീനാരായണഗുരു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന പദങ്ങളിലൊന്ന് ‘അറിവ്’ ആണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അറിവിന്റെ ആനന്ദം ഘോഷിക്കാനാണ് ഒരാൾ യുറേക്ക എന്നു മുഴക്കി കുളിത്തൊട്ടിയിൽ നിന്ന് തെരുവീഥിയിലേക്ക് കുതിക്കുന്നത്. ‘ഞാനതു കണ്ടെത്തി’ എന്നാണ് ആ ഗ്രീക്ക് പദത്തിന്റെ അർത്ഥം. ‘ഞാൻ ഇവയൊക്കെ നിങ്ങളോടു പറയുന്നത് നിങ്ങളുടെ ആനന്ദം പൂർണമാകാനാണ്’ (ജോൺ 15: 11) അറിവോളം മനുഷ്യരെന്ന നിലനില്പിനു ചാരുതയേകുന്ന മറ്റെന്തുണ്ട്! ഹൈപേഷായേക്കുറിച്ചുള്ള സൂചന പോലെ, എ ഡി 350-നും 370-നുമിടയിൽ അലക്സാണ്ട്രിയയിൽ ജീവിച്ച അവർ ആദ്യത്തെ ഗണിതശാസ്ത്രജ്ഞയായി ഗണിക്കപ്പെടുന്നു. ജ്ഞാനസൗന്ദര്യങ്ങളെ ഭയപ്പെട്ട മതദ്രോഹവിചാരണയ്ക്കൊടുവിൽ കാമുകനോടൊപ്പം കൊല്ലപ്പെടുകയായിരുന്നു അവൾ. ഇന്നു നിലനിൽക്കുന്ന ഗണിതപാഠങ്ങൾക്കടിസ്ഥാനം ഹൈപേഷായുടെ ഗണിതസങ്കല്പങ്ങളായിരുന്നു. ടി ഡി രാമകൃഷ്ണൻ ‘ഫ്രാൻസിസ് ഇട്ടിക്കോര’യിൽ അതിവിദഗ്ദ്ധമായി അവരുടെ ജീവിതത്തെ വിളക്കിച്ചേർത്തിട്ടുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും അഴകുള്ള സ്ത്രീകളിലൊരാളായി അവർ വാഴ്ത്തപ്പെടുമ്പോൾ അഴകിന്റെ സങ്കല്പങ്ങൾ പുനർനിർവചിക്കപ്പെടുന്നു.

ഈ മഴക്കാലത്തും മാൻ മാർക്ക് കുട ഓർമിക്കപ്പെടാൻ പോകുന്നത് ഒരു കുട എന്ന നിലയിലല്ല; വി ടി ഭട്ടതിരിപ്പാട് തന്റെ യൗവനത്തിൽ ആദ്യം ഉരുവിട്ട പദം എന്ന നിലയിലാവണം. ഒരു ചെറിയ പെൺകുട്ടി അയാളെ അക്ഷരം പഠിപ്പിക്കുകയാണ്. ‘കണ്ണീരും കിനാവും’ എന്ന ആത്മകഥയിലെ ഏറ്റവും വികാരനിർഭരമായ നിമിഷമാണത്. തീക്കാറ്റു പോലെ ആളിപ്പിടിക്കുന്ന അറിവിനു വേണ്ടി ആത്മനിവേദനമേകിയവർ.

സത്യം കൊണ്ട് സ്വതന്ത്രരാവുക എന്ന സുവിശേഷമൊഴി ഈ ഗണത്തിൽപ്പെട്ട മനുഷ്യർക്കുള്ള വാഴ്ത്താണ്.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s