{പുലർവെട്ടം 337}
ദീർഘമായ 27 വർഷത്തെ തടവറവാസത്തിനുശേഷം പുറത്തേക്കു കടക്കുമ്പോൾ നെൽസൺ മണ്ടേല തന്നോടുതന്നെ പറഞ്ഞത് ഇതാണ്: “പകയും കയ്പ്പും ആ മതിൽക്കെട്ടിനപ്പുറം ഉപേക്ഷിച്ചില്ലെങ്കിൽ ഞാനിനിയും തടവറയിൽത്തന്നെയായിരിക്കും.” ആത്മപീഡനമാണ് വെറുപ്പെന്ന് അയാൾക്കറിയാം.
അജ്ഞതയിൽ നിന്നാണ് വെറുപ്പുണ്ടാകുന്നതെന്നുതന്നെയാണ് ബുദ്ധ കരുതിയത്. ഓരോരോ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യചരടുണ്ടെന്ന ധാരണയില്ലാതെ പോകുന്നതുകൊണ്ടാണത്. ജീവന്റെ ചാരുതയെ ഹനിക്കുന്ന മൂന്നു തരം വിഷങ്ങളിൽ ഒന്നായിട്ടാണ് അതെണ്ണുന്നത്. മറ്റു രണ്ടെണ്ണം അവിദ്യയും ആർത്തിയുമാണ്. ഭാവചക്രത്തിൽ – Wheel of Life – അതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. നാഗം വിദ്വേഷത്തിന്റേയും സുകരം അവിദ്യയുടെയും കുക്കുടം ആർത്തിയുടേയും ബിംബങ്ങളാണ് അതിൽ. അവിദ്യയെ ജ്ഞാനം കൊണ്ടും ആർത്തിയെ ഔദാര്യം കൊണ്ടും ദ്വേഷത്തെ അൻപു കൊണ്ടുമാണ് ഒരാൾ നേരിടേണ്ടത്.
സ്നേഹത്തിന് ഒരു കാരണമില്ലാത്തതുപോലെ വെറുപ്പിനും ചൂണ്ടിക്കാട്ടാൻ ഒരു കാരണമില്ലെന്നു തോന്നുന്നു. നെഗറ്റീവ് വോട്ടെഴുതി ഒരാളെ പിൻവലിക്കാൻ കഴിവുള്ള ഒരു പുരാതനസംസ്കാരത്തിൽ തനിക്ക് അനിഷ്ടമുള്ളയാളുടെ പേരെഴുതിയിടാൻ അക്ഷരജ്ഞാനമില്ലാത്ത ഒരാൾ സഹായം തേടുന്നത് അതേ പേരുകാരനോടാണ്. നിസംഗതയോടെ ആ പേരെഴുതി അയാൾ, ‘ഇത്രയും വെറുപ്പ് അനുഭവപ്പെടാൻ അയാൾ നിങ്ങൾക്ക് എന്ത് അപരാധമാണ് ചെയ്തതെ’ന്ന് ആരാഞ്ഞു. അയാളെ എനിക്ക് അറിയത്തേയില്ലെന്നു മറുപടി.
“പിന്നെ?”
“അയാളേക്കുറിച്ച് നല്ലതു കേട്ടു മടുത്തു.”
കഥയല്ലിത്.
ലോകത്തെ ഏറ്റവും കരുണയുള്ള മനുഷ്യനാണ് ജീവിതാന്ത്യത്തോളം ഒരു ശത്രുവിനെ കൊണ്ടുനടക്കേണ്ടിവന്നത്. ചെറുപ്പത്തിലെ ചെറിയ ചെറിയ തർക്കങ്ങൾ കുമിഞ്ഞുകുമിഞ്ഞ് അയാളുടെ അൻപിന്റെ ജാലകങ്ങൾ അടഞ്ഞിരുന്നു. ബുദ്ധയെ കൊലപ്പെടുത്താൻ നിശ്ചയം ചെയ്തിടത്തോളം കാര്യങ്ങളെത്തി. അങ്ങനെ ആചാര്യനെ വധിക്കാൻ ദേവദത്തൻ മല്ലന്മാരെ ഏർപ്പെടുത്തി. പക്ഷേ, ബുദ്ധയുടെ മുൻപിലെത്തിയ അവർ അവന്റെ അനുഭാവത്തിൽ മയങ്ങിപ്പോയി. (ഒരു ചെറിയ ജംപ് കട്ടിൽ, തോട്ടത്തിലെത്തിയ സായുധരായ പട്ടാളക്കാർ ‘അതു ഞാനാണെ’ന്ന യേശുമൊഴിയിൽ മോഹാലസ്യപ്പെട്ടത്.) പിന്നെ ഉയരങ്ങളിൽ നിന്ന് ഒരു കല്ലുരുട്ടി വീഴ്ത്തുകയായിരുന്നു. അതും വഴിമാറി. ഒടുവിൽ നളഗിരി എന്ന അപകടകാരിയായ ഒരാനയെ ലഹരി പിടിപ്പിച്ച് ആ കൃശഗാത്രനിലേക്ക് നയിച്ചു. അതാവട്ടെ, ഒന്നു ചിന്നം മുഴക്കി പാദാരവിന്ദങ്ങളിൽ ഭജനയിരുന്നു. പകയുടെ മീതെ കരുണ നേടുന്ന ആത്യന്തികവിജയത്തിന്റെ നാൾവഴിയായി ഇവയെ എണ്ണാവുന്നതാണ്.
ഇതൊക്കെയാണ് ഇഹജീവിതത്തിലെ ഉയർപ്പ്. പകയിൽ മുങ്ങിപ്പോകാൻ സാധ്യതയുള്ള നമ്മുടെ ശരാശരി ജീവിതങ്ങളിലേക്ക് കരം നീട്ടി അയാൾ പറയുന്നുണ്ട്, ‘മീതെ നടക്കൂ.’ മിഴികൾ അയാളിലേക്ക് ഉറ്റുനോക്കിയാൽ മാത്രം സാധ്യമാകുന്ന ഒന്നാണത്. അവനവനിലേക്കു നോക്കിയാൽ ആ വലിയ മുക്കുവന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, നിങ്ങൾ ഈയക്കട്ട പോലെ താണുപോയേക്കും.
ഒരു ചെറിയ മത്സ്യം കക്ക വിഴുങ്ങുന്നതുപോലെയാണ്. മത്സ്യം ചെറുതായതുകൊണ്ടും പുറന്തോട് കഠിനമായതുകൊണ്ടും അതു ദഹിക്കുന്നില്ല. ചുരുക്കത്തിൽ അകത്തിരുന്നത് മത്സ്യത്തെ ഭക്ഷിക്കുകയാണ്.
-ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Categories: Pularvettom