Pularvettom

പുലർവെട്ടം 339

{പുലർവെട്ടം 339}

“When anxious, uneasy and bad thoughts come, I go to the sea, and the sea drowns them out with its great wide sounds, cleanses me with its noise, and imposes a rhythm upon everything in me that is bewildered and confused.”

-Rainer Maria Rilke

സമാധാനമുള്ള ഒരു കുഞ്ഞു പടം കണ്ടു- കപ്പേള. വിചിത്രാനുഭവങ്ങളുടെ ഒരു കഠിനപകലിന്റെ ഒടുവിൽ അതിലെ പെൺകുട്ടിക്ക് ഒരാഗ്രഹം ഇപ്പോഴും നിലനിൽക്കുന്നുണ്ട്: “എനിക്കൊന്ന് കടൽ കാണിച്ചു തരുമോ?” അത് ആ ചിത്രത്തിന്റെ ചാരുതയെ ഉയർത്തി. ആത്മാവിനോട് ആഴത്തിൽ മന്ത്രിക്കുന്ന എന്തോ ഒന്ന് കടലലകളിലുണ്ട്. നോക്കുന്ന ദൂരത്തിൽ കടലുണ്ടായിരുന്നുവെന്നതായിരുന്നു പഠിച്ച പള്ളിക്കൂടത്തിന്റെ സമാശ്വാസം. അറുപതോളം പേരൊക്കെ തുഴഞ്ഞുപോയിക്കൊണ്ടിരുന്ന വലിയ വഞ്ചികൾ തീരത്തുണ്ടായിരുന്നു. അതിൽ കയറിക്കിടന്നാൽ പുതിയ ലോകമാണ്. പൊതുവേ ബുദ്ധിയില്ലാത്തവരായിട്ടാണ് അദ്ധ്യാപകർ അക്കാലത്ത് കുട്ടികളെ എണ്ണിയിരുന്നത്. മൾട്ടിപ്പിൾ ഇന്റലിജൻസിലെ കായികബുദ്ധിയും നിരീക്ഷണബുദ്ധിയും വിന്യാസബുദ്ധിയും ഞങ്ങൾക്കുണ്ടെന്ന് പറഞ്ഞുതരാൻ പരുവപ്പെട്ട കാലമായിരുന്നില്ല അത്.

അക്കാദമികമായ അറിവുകളേക്കാൾ ഭാവനകളാണ് കടലിനെ ഭീതിദമോ വിലോഭനീയമോ ആയ അറിവിടങ്ങളാക്കി നിലനിർത്തുന്നത്. കടൽഭാവനകളെ സ്ഫുടം ചെയ്തത്, ജീവിതത്തിന്റെ കണ്ണാടിക്കാഴ്ച അതിന്റെ തിരയടങ്ങിയ ആഴങ്ങളിൽ കണ്ട ആദിമസമൂഹങ്ങളാണ്. അത് സഞ്ചാരത്തിന്റെയോ ദേശാന്തരസ്വപ്നങ്ങളുടെയോ അധിനിവേശത്തിന്റെയോ മാർഗങ്ങൾ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ അസ്ഥിരതയും വ്യാമോഹങ്ങളും കാത്തിരിപ്പുകളും പുനസമാഗമങ്ങളും സ്വത്വാന്വേഷണങ്ങളും മടക്കയാത്രകളുമൊക്കെ പല സൂചനകളിൽ, ഭാവനകളിൽ മുത്തും പവിഴവും ശംഖുകളും കിനാവള്ളികളുമൊക്കെയായി കടലിന്റെ അഗാധങ്ങളിൽ ചിതറിക്കിടക്കുന്നു. ഉൾക്കടലുകളിലേക്കും ആഴങ്ങളിലേക്കും പോകുന്നവരെക്കുറിച്ചുള്ള ഓർമ്മകൾ പോലും ജീവിതത്തിന്റെ കാണാപ്പുറങ്ങൾ കാത്തിരിക്കുന്നവരെപ്പോലെയും നട്ടുച്ചയിൽ അസ്തമയം അനുഭവിച്ചവരെപ്പോലെയും ഭയപ്പെടുത്തി. എന്നിട്ടും ചില സ്വപ്നങ്ങളിൽ കടൽ ഭ്രമാത്മകമായി ഇടപെട്ടു; കൗതുകം നിറഞ്ഞ കാഴ്ചകളുടെ അരങ്ങായി. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന കഥ അന്തർവാഹിനിയായി പ്രലോഭിപ്പിച്ചു. ഓരോ കാലത്തും കടൽരൂപകങ്ങൾ, കാഴ്ചകൾ മാറിവന്നു. കടൽ അപ്പോഴും ദുരൂഹതയേറിയ നീലവിശാലതയായി അകത്തും പുറത്തും അലയടിച്ചു. ഭൂമിയുടെ അറ്റം കടലാണെന്നു വിശ്വസിച്ച പുരാതന മനുഷ്യരുടെ സൗന്ദര്യസങ്കല്പങ്ങളിൽ സമയവും അനന്തതയുമാണ് ഉണ്ടായിരുന്നത്. അവരുടെ സമുദ്രഭാവനകളിലെല്ലാം അവസാനിക്കാറായ സമയത്തെക്കുറിച്ചും ഭൂമിയിൽ ബാക്കിയാവുന്ന അപൂർണ്ണമായ ജീവിതത്തെക്കുറിച്ചുമുള്ള ഭയത്തിന്റെയും അസഹ്യതയുടെയും വേവലാതികളുണ്ടായിരുന്നു.

അന്തമില്ലാത്ത കടൽപ്പരപ്പിനെ ഉറ്റുനോക്കിയാണ് പലരും അനാദിയുടെ സാന്നിധ്യം അറിഞ്ഞത്; ഉദയാസ്തമയങ്ങളിൽ ആന്തരികശുദ്ധി അനുഭവിച്ചതും ബലിതർപ്പണങ്ങളിൽ അപരലോകങ്ങൾ ദർശിച്ചതും പ്രണയസമാഗമങ്ങളിൽ സാന്ത്വനപ്പെട്ടതും കടൽപ്പാലം പോലെ മുറിഞ്ഞുപോയ ബന്ധങ്ങളിൽ പിടഞ്ഞതും ഏകാന്തതയുടെ അപാരതീരങ്ങൾ ഭാവന ചെയ്തതും. തീരങ്ങൾ ഇല്ലാത്ത കടൽ എന്ന ഭൗമികമായ യാഥാർത്ഥ്യം എത്രയോ മനുഷ്യരുടെ ഭാവനകളെ ഉദ്ദീപിപ്പിച്ചിട്ടുണ്ട്; സി. വി. രാമൻപിള്ളയാണത്. കടലിൽ ചിറ കെട്ടിയവരും കടലിനു കുറുകെ പറന്നവരും കടലിന്റെ അധിനാഥരും അടങ്ങുന്ന വിശുദ്ധ ഭാവനകളുടെ അടിത്തട്ടിൽ കടലിന്റെ ജീവിതബന്ധമാണുള്ളത്. പിൽക്കാല സാഹിത്യഭാവനകളിലെല്ലാം മടക്കയാത്രയുടെ, അസ്ഥിരമായ മോഹനിദ്രകളുടെ ഇടമായി കടൽ മാറുന്നുണ്ട്. വെള്ളിയാങ്കല്ലിൽ തുമ്പികളായി പാറിക്കളിക്കുന്ന ആത്മാക്കൾ, മകന്റെ പൊതിച്ചോറുമായി നിസ്സഹായതയോടെ കടൽത്തീരത്തെത്തുന്ന വെള്ളായിയപ്പൻ, ജീവിതസ്വപ്നങ്ങളുമായി പത്തേമാരികളിൽ പുറപ്പെട്ടു പോയവർ, മരണശേഷം കടൽവഞ്ചികൾ കാത്തുനിൽക്കുന്ന ഈ.മ.യൗ വിലെ ആത്മാക്കൾ…

ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നീല സാന്നിധ്യം. ബ്ലൂ കൾചറൽ സ്റ്റഡീസ്, ബ്ലൂ ഹ്യുമാനിറ്റീസ് എന്നിവയൊക്കെ തരുന്ന പാരിസ്ഥിതികവിവേകത്തിനുമപ്പുറമുള്ള മനസ്സിന്റെ പാഠശാലയാണിത്.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s