പുലർവെട്ടം 334

{പുലർവെട്ടം 334}

ഇന്നലെ തിരുഹൃദയത്തിന്റെ കടശി ആയിരുന്നു. വൈകി വായിച്ചു തുടങ്ങിയവർക്കുവേണ്ടി- ഒരു മാസം നീളുന്ന വണക്കത്തിന്റെ ഒടുവിലത്തെ ദിനമാണ് കടശി. മേയ് മാസം മേരിക്ക്, മാർച്ച് ജോസഫിന്, ജൂൺ തിരുഹൃദയത്തിന്- അങ്ങനെയാണത്. നാട്ടിൻപുറത്ത് പലയിടങ്ങളിലായി അന്ന് വണക്കമാസപ്പുരകളുണ്ടായിരുന്നു. അവിടെ ചില്ലിട്ട രൂപങ്ങൾ അലങ്കരിച്ചു വച്ചിട്ടുണ്ടാവും. പുതമണ്ണിനു മീതെ കയറ്റുപായ വിരിച്ച് പനമ്പു കൊണ്ടു കെട്ടിമറച്ച് ഓലമേൽക്കൂരയുമൊക്കെയായി അമ്മമാർക്ക് സൊറ പറഞ്ഞിരിക്കാനുള്ള ഒരിടം കൂടിയായിരുന്നു അത്. പാച്ചോറോണ് കടശിയിലെ വിശേഷം. ഇനി അതിന്റെ റെസിപ്പി പറയുകയാണ് പുതിയ കാല എഴുത്തുരീതി. ഭാഷയിൽ ഈ പരിപാടി തുടങ്ങിയത് എൻ എസ് മാധവനാണ്. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകളി’ൽ ദം ബിരിയാണി ഉണ്ടാക്കുന്ന വിധമൊക്കെയുണ്ട്.

കാത്തലിക് ഭവനങ്ങളിലെ ഭിത്തിയിൽ നിശ്ചയമായും ഒരു തിരുഹൃദയചിത്രം പ്രതിഷ്ഠിക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ, ഉള്ളിൽ ആദ്യം പതിഞ്ഞ യേശുപ്രതീകം അതായിരുന്നു. തീനാളങ്ങൾക്കിടയിലെ ഒരു ഹൃദയമാണത്. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊക്കെ അതിനു മുൻപിൽ മെഴുകുതിരികൾ തെളിഞ്ഞുനിന്നു. ഒരു പോയിന്റ് ഓഫ് റഫറൻസായിട്ടാണ് ഇന്നതിനെ പിടുത്തം കിട്ടുന്നത്. അമിതവൈകാരികതയുടെ മണൽപ്പുറത്ത് കെട്ടിയുയർത്തിയ വീടെന്ന നിലയ്ക്ക് സ്ഥായിയായ ചിലതിനെ ഉറ്റുനോക്കിയേ മുന്നോട്ടുപോകാനാവൂ.

തീനാളങ്ങളിൽ പലതിന്റേയും ധ്വനി അടക്കം ചെയ്തിരിക്കുന്നു. ദഹനബലിയായി മാറിയ ഒരു ജീവിതം എന്നതിന് യഹൂദപശ്ചാത്തലമുണ്ട്. കുന്നു കയറുന്ന മകൻ അബ്രഹാമിനോടു ചോദിക്കുന്നുണ്ട്, ‘തീയും വിറകുമുണ്ട്, ബലിമൃഗമെവിടെ?’ കത്തിത്തീരുകയാണ് അർപ്പണത്തിന്റെ പൂർണത. ദൈവസാന്നിധ്യത്തിന്റെ പുതിയനിയമസംക്രമണം കൂടിയാകാമത്. മോശ കത്തുന്ന മുൾപ്പടർപ്പിലാണ് ആദ്യമായി ആ സ്വരം കേട്ടുതുടങ്ങിയത്. എല്ലാത്തിലുമുപരി മനുഷ്യരാശിക്കുവേണ്ടിയുള്ള ഒരാളുടെ പാഷനേറ്റ് എന്നു വിശേഷിപ്പിക്കേണ്ട സ്നേഹമായിട്ടാണ് നാമതിനെ വായിച്ചെടുക്കേണ്ടത്. ശിരസിൽ ഒരിക്കലണിഞ്ഞ അപമാനത്തിന്റെ മുൾമുടിയാണ് ഇപ്പോൾ ഹൃദയത്തെ ചുറ്റിനിൽക്കുന്നത്. അപമാനിച്ചവർ കടന്നുപോയി. എല്ലാ അപമാനങ്ങൾക്കും ഒടുവിൽ സ്നേഹം അതിന്റെ കിരീടം ചൂടും.

കുട്ടികളോടു പറയുന്ന കഥ പോലെ, ഒരിക്കൽ ആചാര്യനായ ഒരു ചെറുപ്പക്കാരനോട് ‘അങ്ങ് എത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നു’ എന്നാരാഞ്ഞപ്പോൾ ഒരാൾക്ക് വിരച്ചുപിടിക്കാവുന്നത്രയും തന്റെ കരങ്ങൾ നീട്ടി ‘ഇത്രയും’ എന്നു പറഞ്ഞ് അയാൾ കണ്ണുപൂട്ടി. ആ കുരിശാണ് തിരുഹൃദയചിത്രത്തിൽ വേരുകളാഴ്ത്തി നിൽക്കുന്നത്. മാർഗരറ്റ് അലകോഖ് (1647- 1690) എന്ന മിസ്റ്റിക്കായ സന്യാസിനിയാണ് തിരുഹൃദയാചരണത്തിന്റെ പതാകാവാഹകയായി നിലകൊണ്ടത്. അവർ ഈ പ്രതീകത്തെ സംഗ്രഹിച്ചത് ഇങ്ങനെയാണ് – the entire reality of the crucifixion derives its meaning from and — cannot be understood apart from — the heart of Jesus.

പേടിയാണ് നമുക്ക്, എപ്പോൾ വേണമെങ്കിലും നമുക്കിടയിലെ സ്നേഹം തണുത്തുപോകുമെന്ന്. ആരോപണങ്ങളും ആവലാതികളും ശ്വാസം മുട്ടിക്കുന്ന പൊസസീവ്‌നസും ഒക്കെ പറയാൻ ശ്രമിക്കുന്നത് അഗാധങ്ങളിലെ പരിഹരിക്കപ്പെടാത്ത ആ ഭയമാണ്. കത്തിനിൽക്കുക, നാളങ്ങളെ ഊതിയുണർത്തുക എന്നൊക്കെയാണ് ഈ ശൈത്യകാലത്ത് അയാളുടെ മിടിക്കുന്ന ഹൃദയം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment