Pularvettom

പുലർവെട്ടം 392

{പുലർവെട്ടം 392}
 
അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാൻ ഒരാൾ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂർത്തമുണ്ട്. അവിടെയാണ് അയാളുടെ ആന്തരികസഞ്ചാരത്തിന്റെ നാന്ദി. പത്രോസിന്റെ ദർശനത്തിലെന്നപോലെ ഭൂതലത്തിനു മീതെയുള്ള സർവചരാചരങ്ങളേയും ഉൾക്കൊണ്ട് ആകാശത്തുനിന്ന് ഒരു കൊട്ട പ്രത്യക്ഷപ്പെടുന്നു, ‘ഇതു നിനക്ക് കഴിക്കാനുള്ളതാണ്.’ അയാളതു നിഷേധിച്ചു, ‘ശുദ്ധമല്ലാത്തതൊന്നും ഞാൻ ഭക്ഷിച്ചിട്ടില്ല.’ ഞാൻ സൃഷ്ടിച്ചതിനെ ശുദ്ധമെന്നും അശുദ്ധമെന്നും വേർതിരിക്കാനായി നിന്നെ ആരാണു നിശ്ചയിച്ചത്? ചില ദേശങ്ങളേയും സമൂഹങ്ങളേയും ഒഴിവാക്കിയുള്ള അയാളുടെ സുവിശേഷപഥങ്ങൾക്കുള്ള താക്കീതായിരുന്നു അത്. ഇഷ്ടാനിഷ്ടങ്ങളെ കുറുകെ കടന്ന്, ഒരിക്കൽ വിട്ടുപോരികയും മറുതലിക്കുകയും ചെയ്ത അനുഭവങ്ങളെ ആലിംഗനം ചെയ്യാനുള്ള ദൂതായിരുന്നു അത്.
ദ്വന്ദങ്ങളുടെ ഈ ജീവിതത്തിൽ നാമറിയാതെ ഒരു പട്ടിക രൂപപ്പെടുന്നുണ്ട്- ഇഷ്ടം / അനിഷ്ടം. അത്തരം അനിഷ്ടങ്ങൾ ഫോബിയകളായിപ്പോലും പരിണമിക്കുന്നു. ഒരു ചെറിയ കാലത്തെ തടവറവാസത്തിനും സാമാന്യം ദീർഘമായ ഒരു ജ്വരക്കാലത്തിനും ശേഷം അസ്സീസിയിലെ ഫ്രാൻസിസിനു സംഭവിച്ചത് ശ്രദ്ധിക്കണം. തന്റെ കാലത്തെ മറ്റാരെയുംപോലെ കുഷ്ഠരോഗികളെഅയാളും ഭയപ്പെടുകയും വെറുക്കുകയും ചെയ്തിരുന്നു. എതിരേ വരുന്ന രോഗബാധിതനിൽ നിന്ന് പതിവുപോലെ വഴുതിമാറാനുള്ള ഇൻസ്റ്റിങ്റ്റിനെ അയാൾ നേരിടാൻ തീരുമാനിച്ചു. കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി അയാൾ അവനെ ആലിംഗനം ചെയ്തു, ചുണ്ടിൽ മൃദുവായി ചുംബിച്ചു. പിന്നീട് അയാളിങ്ങനെയാണ് എഴുതിയത്: “When I was in sin, the sight of lepers nauseated me beyond measure; but then God himself led me into their company, and I had pity on them. When I became acquainted with them, what had previously nauseated me became the source of spiritual and physical consolation for me.” ഒരിക്കൽ മനം മടുപ്പിച്ചിരുന്ന കാഴ്ചകളിലേക്ക് എന്നെ ദൈവം തന്നെ കൂട്ടിക്കൊണ്ടുപോവുകയും അൻപുണർത്തുകയും ചെയ്തു. അവരെ പരിചയപ്പെട്ടപ്പോൾ മനംപിരട്ടലിനു പകരം ആത്മാവിന്റേയും ശരീരത്തിന്റേയും ആശ്വാസമായി അതു പരുവപ്പെട്ടു.
ക്രിസ്തു രൂപപ്പെടുവോളം സാധകൻ കടന്നുപോകേണ്ടിവരുന്ന ഈറ്റുനോവിനേക്കുറിച്ച് ഗലാത്യരോട് പോൾ പറയുന്നുണ്ട്. ക്രിസ്തു എന്നാൽ നിർമലസ്നേഹത്തിലേക്കുള്ള ഒരുവന്റെ ജ്ഞാനസ്നാനമെന്ന് തിരുത്തിവായിക്കണം. ആ ഈറ്റുനോവിന്റെ സൂചനകളിൽ ആദ്യത്തേതാണ് നമ്മൾ പരാമർശിച്ചത്. എങ്ങനെയാണ് ഒരു സ്ത്രീ തന്റെ ഉള്ളിലെ നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? ഇന്നലെവരെ ഇഷ്ടമുള്ള പല വിഭവങ്ങളും ഇന്നവളെ മടുപ്പിക്കുന്നു- nauseating. ഒപ്പം, ഇന്നലെവരെ തെല്ലും താല്പര്യമുണർത്താതിരുന്നവയോട് പുതിയ കൗതുകങ്ങളും മമതകളും രൂപപ്പെടുന്നു. ഇതാണ് ആത്മീയതയുടെ പ്രഭാതരോഗം- morning sickness. സന്ധ്യകളിൽ ചങ്ങാതിക്കൂട്ടത്തോടൊപ്പം പാനോപചാരങ്ങളിൽ സന്തോഷിച്ചിരുന്ന ഒരാളെ പെട്ടെന്ന് മടുപ്പ് പിടികൂടുന്നു. പുലരിയിലെ തണുത്ത നാട്ടുവഴികളിലൂടെ തിടുക്കത്തിൽ ആരാധനാലയത്തിലേക്കു പോകുന്ന ഒരു വയോധികൻ അയാളെ കൗതുകപ്പെടുത്തുകയും ചെയ്യുന്നു. അവിടെ എന്തായിരിക്കാം അയാളെ കാത്തിരിക്കുന്നത്?
ഫ്രാൻസിസ് കുറിച്ചത് ഇങ്ങനെയാണ്: “ഇന്നലെവരെ കയ്പ്പുള്ളവ ആ നിമിഷം മുതൽ എനിക്കു മധുരമായി, മധുരം കയ്പ്പും.”
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s