ദിവ്യബലി വായനകൾ Saturday of week 25 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 ശനി, 26/9/2020

Saturday of week 25 in Ordinary Time 
or Saints Cosmas and Damian, Martyrs 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.
ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സഭാ 11:9-12:8
യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.

യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും. മനസ്സില്‍ നിന്ന് ആകുലത അകറ്റുക. ശരീരത്തില്‍ നിന്നു വേദന ദുരീകരിക്കുക; യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്.
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. സൂര്യനും പ്രകാശവും, ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞ മേഘങ്ങള്‍ വീണ്ടും വരും. വീട്ടുകാവല്‍ക്കാര്‍ സംഭ്രമിക്കുകയും ശക്തന്മാര്‍ കൂനിപ്പോവുകയും, അരയ്ക്കുന്നവര്‍ ആളു കുറവായതിനാല്‍ വിരമിക്കുകയും, കിളിവാതിലിലൂടെ നോക്കുന്നവര്‍ അന്ധരാവുകയും ചെയ്യും; തെരുവിലെ വാതിലുകള്‍ അടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ്ദം കേട്ട് മനുഷ്യന്‍ ഉണര്‍ന്നുപോകും; ഗായികമാരുടെ ശബ്ദം താഴും. ഉയര്‍ന്നു നില്‍ക്കുന്നതും വഴിയില്‍ കാണുന്നതുമെല്ലാം അവര്‍ക്കു ഭീതിജനകമാകും; ബദാം വൃക്ഷം തളിര്‍ക്കും; പച്ചക്കുതിര ഇഴയും, ആശ അറ്റുപോകും; മനുഷ്യന്‍ തന്റെ നിത്യഭവനത്തിലേക്കു പോവുകയും, വിലപിക്കുന്നവര്‍ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങള്‍ തകരും, അരുവിയില്‍വച്ച് കുടം ഉടയും, നീര്‍ത്തൊട്ടിയുടെ ചക്രം തകരും; ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്ക ലേക്കു തിരിച്ചുപോവുകയും ചെയ്യും. സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ; സമസ്തവും മിഥ്യ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 90:3-4,5-6,12-13,14,17

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

മനുഷ്യനെ അവിടുന്നു
പൊടിയിലേക്കു മടക്കി അയയ്ക്കുന്നു;
മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍
എന്ന് അങ്ങു പറയുന്നു.
ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍
കഴിഞ്ഞുപോയ ഇന്നലെപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന
സ്വപ്നം പോലെ തുടച്ചുമാറ്റുന്നു;
പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍.
പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു;
സായാഹ്‌നത്തില്‍ അതു വാടിക്കരിയുന്നു,

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍
ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങേ ദാസരോട് അലിവു തോന്നണമേ!

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

പ്രഭാതത്തില്‍ അങ്ങേ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍
ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ
ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ!
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:43-45
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും. അതിനെപ്പറ്റി ചോദിക്കുവാന്‍ ശിഷ്യന്മാര്‍ ഭയപ്പെട്ടു.

അക്കാലത്ത്, ജനക്കൂട്ടം മുഴുവന്‍ യേശുവിന്റെ പ്രവര്‍ത്തനങ്ങളില്‍ വിസ്മയഭരിതരായിരിക്കുമ്പോള്‍, അവിടുന്നു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. അവര്‍ക്ക് ഈ വചനം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരു ന്നു. അതെപ്പറ്റി അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

One thought on “ദിവ്യബലി വായനകൾ Saturday of week 25 in Ordinary Time

Leave a comment