മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപം

മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിൻ്റെ കഥ
പരിശുദ്ധ കന്യകാ മറിയത്തിൻ്റെ ജനന തിരുനാൾ ദിനത്തിൽ മരിയ ബമ്പീന എന്ന അത്ഭുത തിരുസ്വരുപത്തെ നമുക്കു പരിചയപ്പെടാം.
ഇറ്റാലിയൻ ഭാഷയിൽ മരിയ ബമ്പീന “Maria Bambina” എന്നു പറഞ്ഞാൽ ശിശുവായ മറിയം എന്നാണ്. വി. ജോൺ എഡ്യൂസ് , വി. ജോസഫ് കുപ്പർത്തീനോ വിശുദ്ധ പാദ്രേ പിയോ തുടങ്ങി നിരവധി വിശുദ്ധർ ഉണ്ണി മരിയായോടുള്ള അഥവാ ശിശുവായ മറിയത്തോടുള്ള ഭക്തിയുടെ പ്രചാരകരാണ് . ശിശുവായ മറിയത്തോടുള്ള അടുപ്പം ഈ വിശുദ്ധരെപ്പോലെ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും അവളുടെ പുണ്യ പൂർണ്ണതയിലും നമ്മളെയും വളർത്തും. യേശു ക്രിസ്തുവിൻ്റെ ഏറ്റവും ഉത്തമ ശിഷ്യയെന്ന നിലയിൽ പരിശുദ്ധ മറിയം നമ്മുടെ കർത്താവിനെ അവൻ്റെ എല്ലാ പുണ്യങ്ങളിലും അനുകരിച്ചു, ഉണ്ണീശോയുടെ വിശുദ്ധ കൂട്ടിക്കാകാലത്തെ പുണ്യങ്ങളും അനുസരിക്കാൻ ദൈവം അവൾക്കു അവസരം നൽകി.
ഇറ്റലിയിലെ തോദിയിലുള്ള പാവപ്പെട്ട ക്ലാരയുടെ സഹോദരിമാർ എന്ന മഠത്തിലെ സുപ്പീരിയർ സി. ഇസബെല്ലാ ക്യാര ഫോർനാരി എന്ന കന്യകാസ്ത്രീയാണ് 1735 ൽ മരിയ ബമ്പിനയുടെ മെഴുകു രൂപം മെനഞ്ഞെടുത്തത്. പതനാറാം നൂറ്റാണ്ടിലെ കൗണ്ടർ റിഫോർമേഷൻ സമയത്തു ഉണ്ണീശോയുടെയും ഉണ്ണി മരിയയുടെയും മെഴുകു പ്രതിമകളാടുള്ള വണക്കം യുറോപ്പിൽ വ്യാപകമായിരുന്നു. 1738 ൽ ആൽബെറികൊ സിമൊനെത്ത മെത്രാൻ (Bishop Alberico Simonetta) മരിയ മരിയ ബമ്പീനയുടെ മെഴുകു പ്രതിമ സ്വദേശമായ മിലാനിലേക്കു കൊണ്ടു വന്നു. ആൽബെറികൊ സിമൊനെത്തയുടെ മരണശേഷം വിശുദ്ധ മരിയ ദെല്ലി ആഞ്ചെലി ( St. Maria degli Angel) ആശ്രമത്തിലെ കപ്പൂച്ചിൻ സിറ്റേഴ്സിനു മരിയ ബമ്പീനയുടെ രൂപം കൈവശം വയ്ക്കാൻ മെത്രാൻ്റെ സഹോദരൻ അനുവാദം നൽകി. യുവാക്കളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിലും കത്താലിക്കാ പ്രബോധനങ്ങൾ പഠിപ്പിക്കുന്നതിലും തൽപ്പരയായതിനാലാണ് മരിയ ബമ്പീനയുടെ രൂപം സിസ്റ്റേഴ്സിനു കൈമാറാൻ മെത്രാൻ്റെ സഹോദരനെ പ്രേരിപ്പിച്ചത്. ഈ കപ്പൂച്ചിൻ സന്യാസിമാർ ഉണ്ണി മരിയുടെ ഭക്തി പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
ജോസഫ് രണ്ടാമൻ ചക്രവർത്തിയും നെപ്പോളിയൻ ചക്രവർത്തിയും 1810 ൽ സന്യാസ സഭയ്ക്കു വിലക്ക് ഏർപ്പെടുത്തിയപ്പോൾ അവസാനത്തെ കപ്പൂച്ചിൻ സന്യാസിനിയായ ബാർബറ വ്യസ്സോലിയ എന്ന സിസ്റ്ററിൻ്റെ കൈയ്യിൽ ഈ രൂപം വന്നെത്തി. സിസ്റ്റർ ബാർബറ ചിലർ സിസ്റ്റേഴ്സ് രഹസ്യമായി താമസിച്ചിരുന്ന കാനോനിക്കേസെ ലത്തറ നേസി ഇൻ വിയ ദെൽ അനുൺച്ചാത്തൊയി ലം എന്ന ആശ്രമത്തിലേക്കു
(Canonichesse Lateranensi in Via dell’ Annunciato) ഈ രൂപത്തെ കൊണ്ടുപോയി. പിന്നീടു സിസ്റ്റർ ബാർബറ തൻ്റെ മരണത്തിനു മുമ്പ് ഉണ്ണി മരിയായുടെ തിരുസ്വരൂപം സാന്താ മാർക്കോ പള്ളിയിലെ വികാരി ലൂയിജി ബാസീസിയൊ അച്ചനു കൈൈമാറി.ലൂയിജി അച്ചൻ ഈ തിരുസ്വരൂപം 1842 ൽ ചിച്ചേറി ഹോസ്പിറ്റലിൽ ശുശ്രൂഷ ചെയ്തിരുന്ന ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർ സുപ്പീരിയർ തെരേസാ ബോസിയോയ്ക്കു കൈമാറി.
1876 ഏപ്രിൽ ഇരുപത്തി നാലാം തീയതി ഉണ്ണി മേരിയുടെ മെഴുകു പ്രതിമ ഇപ്പോൾ സൂക്ഷിച്ചിരുന്ന ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർ ഹൗസിൽ കൊണ്ടുവന്നു. ഈ സമയം മരിയ ബമ്പീനയോടുള്ള ഭക്തി ചാരിറ്റി സന്യാസ സഭയിലെ സിസ്റ്റേഴ്സിനും നോവീസിനുമായി പരിമിതപ്പെടുത്തിയിരുന്നു. നവ സന്യാസഭവനത്തിൽ പ്രതിഷ്ഠിച്ചിരുന്ന
ഈ തിരുസ്വരൂപം പരിശുദ്ധ മാതാവിൻ്റെ ജനനത്തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടു തുടങ്ങി തുടർന്നു വരുന്ന എട്ടു ദിവസങ്ങൾ ചാപ്പലിൽ പ്രതിഷ്ഠിച്ചിരുന്നു. കാലഹരണപ്പെട്ടതിനാൽ രൂപത്തിൻ്റെ മുഖ കാന്തി നഷ്ടപ്പെട്ടിരുന്നു
1884 സെപ്റ്റംബർ 9 മുതൽ ഉണ്ണി മരിയായോടു ഭക്തി പുലർത്തിയിരുന്നവർക്കു അനുഗ്രഹങ്ങൾ ലഭിക്കാൻ തുടങ്ങി. സിസ്റ്റർ ജുസെപ്പ വൊയ്നോവിച്ച് എന്ന ചാരിറ്റി സിസ്റ്ററിൻ്റെ കൈകാലുകൾ തളർവാതം നിമിത്തം തളർന്നതിനാൽ കിടന്ന കിടപ്പിലായിരുന്നു.
സെപ്റ്റംബർ എട്ടാം തീയതി സിസ്റ്റർ ജുസെപ്പ മദർ ജനറൽ നസാറിയോടു മരിയ ബമ്പീനയുടെ തിരുസ്വരൂപം ഒരു രാത്രി താൻ കിടക്കുന്ന രോഗിമുറിയിൽ കൊണ്ടുപോകാൻ അനുവാദം ചോദിച്ചു. അടുത്ത പ്രഭാതത്തിൽ രോഗിയായി കിടക്കുന്ന സിസ്റ്ററിൻ്റെ മുറിയിൽ രൂപം കൊണ്ടുപോകാൻ മദർ അനുവാദം നൽകി. രോഗി പരിചരണ മുറിയിൽ ജൂല്യ മകാറിയൊ എന്ന മറ്റൊരു നവ സന്യാസിനി രോഗിണിയായി കിടപ്പിലായിരുന്നു.
രോഗ പീഡകൾ നിമിത്തം കൈകാലുകൾ ചലിക്കാൻ അവൾക്കു ബുദ്ധിമുട്ടായിരുന്നു. വലിയ വിശ്വാസത്തോടെ ഉണ്ണി മേരിയുടെ രൂപം കൈകളിലെടുത്ത് സൗഖ്യത്തിനായി അവൾ കേണപേക്ഷിച്ചു. അത്ഭുതമെന്നു പറയട്ടെ അ നവസന്യസിക്കു പൊടുന്നനെ രോഗ സൗഖ്യം ലഭിച്ചു.
ഈ അത്ഭുതത്തിനു ശേഷം ഉണ്ണി മേരിയുടെ രൂപം മദർ ജനറിലിൻ്റെ മുറിയിൽ സൂക്ഷിച്ചു പോന്നു. 1884 ഒക്ടോബർ പതിനെട്ടം തീയതി, ദൈവമാതാവിൻ്റെ മാതൃത്വ തിരുനാൾ ദിനത്തിൽ മരിയ ബമ്പീനയെ അലങ്കരിച്ച വസ്ത്രത്രമണിയിച്ച് മനോഹരമായ ഒരു തൊട്ടിലിലാക്കി പ്രദിക്ഷണത്തോടെ ഭവനത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ ഒരു ചാപ്പലിൽ ആഘോഷമായി പ്രതിഷ്ഠിച്ചു. മരിയ ബമ്പീനയുടെ മുമ്പിലൂടെ കടന്നുപോയിരുന്ന സിസ്റ്റേഴ്സ് പ്രാർത്ഥനയ്ക്കായി കുറച്ചു സമയം അവിടെ ചിലവഴിച്ചിരുന്നു. .
അടുത്ത മാസങ്ങളിൽ സിസ്റ്റർ ക്രോച്ചിഫിസ്സ മിസ്മെത്തി സിസ്റ്റർ ജുസെപ്പ വൊയ്നോവിച്ച് എന്നിവർ മരിയ ബമ്പീനയുടെ മധ്യസ്ഥ ശക്തിയാൽ മാരക രോഗങ്ങളിൽ നിന്നു അത്ഭുതകരമായി സുഖമാക്കപ്പെട്ടു. നിരവധി അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഉണ്ണി മരിയുടെ മധ്യസ്ഥത വഴി സംഭവിച്ചു. ഇതിനിടയിൽ മദർ ജനറിലിനോടു ഉണ്ണി മരിയുടെ രൂപം രോഗിപരിചരണ മുറിയിൽ കൊണ്ടു പോകുന്നതിനു ആദ്യമായി അനുവാദം ചോദിച്ച
സിസ്റ്റർ ജുസെപ്പ വൊയ്നോവിച്ചും തളർവാതത്തിൽ നിന്നു സുഖം പ്രാപിച്ചു.
മരിയ ബമ്പീനയുടെ മധ്യസ്ഥതയാൽ നിരവധി ചാരിറ്റി സിസ്റ്റേഴ്സിനു രോഗ സൗഖ്യം ലഭിച്ചതിനാൽ അവരെ മരിയ ബമ്പീനയുടെ സിസ്റ്റേഴ്സ് എന്നും വിളിക്കുന്നു.
1885 ജനുവരി പതിനാറിനു ഉണ്ണി മേരിയുടെ രൂപത്തിനു രൂപാന്തരീകരണം സംഭവിക്കുകയും കൂടുതൽ നിറമുള്ളതും സൗന്ദരമുള്ളതാവുകയും ചെയ്തു.
1888 സെപ്റ്റംബർ മാസം എട്ടാം തീയതി പുതിയ മദർ ജനറൽ ക്ലമൻ്റിനാ ലാച്ച്മാൻ മരിയ ബമ്പീനയുടെ രൂപം പുതിയ ചാപ്പലിൽ പ്രതിഷ്ഠിച്ചു. മദർ ഹൗസിലെ ചാപ്പലിൽ രാവിലെ 9 മുതൽ വൈകിട്ട് നാലു വരെ വിശ്വസികൾക്കു ഉണ്ണി മേരിയെ വണങ്ങുന്നതിനു അവസരം ഒരുക്കികിയിരുന്നു .
1904 മെയ് 31 നു കർദ്ദിനാൾ ഫെറാറി ഉണ്ണിമേരിയുടെ ശിരസ്സിൽ കിരീടം അണിയിച്ചു .
തുടർന്നുള്ള വർഷങ്ങളിൽ മരിയ ബമ്പനിയുടെ ബഹുമാനാർത്ഥം “League of the Innocent” എന്ന ഭക്തസംഘടനയ്ക്കു രൂപം നൽകി. നവദമ്പതികൾക്കു വിവാഹ സമ്മാനമായി മരിയ ബമ്പനിയുടെ ഒരു ചെറിയ മെഴുകു പ്രതിമ സമ്മാനമായി നൽകുന്നത് പതിവായി . ചുരുങ്ങിയ കാലയളവു കൊണ്ട് മരിയ ബമ്പനീയോടുള്ള ഭക്തി മിലാനിൽ നിന്നു ഇറ്റലിൽ ഉടനീളം വ്യാപിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ 1942 ഒക്ടോബർ ഇരുപത്തിനാലാം തീയതി മദർ ഹൗസിൽ ബോംബു വർഷിക്കപ്പെട്ടതിനാൽ മദർ ജനറൽ മരിയ ബമ്പീനയുടെ തിരുസ്വരൂപം ഒരു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. 1943 ആഗസ്റ്റ് പതിനഞ്ചു പതിനാറു തീയതികളിൽ തുടർച്ചയായ ബോംബാക്രമണത്തിൽ മദർ ഹൗസും ചാപ്പലും പൂർണ്ണമായി തകർന്നെങ്കിലും സിസ്റ്റേഴ്സും മിലാൻ നിവാസികളും പരിശുദ്ധ അമ്മുടെ ജനന തിരുനാൾ ആഘോഷിക്കുന്നതിൽ നിന്നു പിന്മാറിയില്ല. 1945 സെപ്റ്റംബർ നാലാം തീയതി മരിയ ബമ്പിനയുടെ രൂപം മിലാനിൽ തിരികെ കൊണ്ടുവന്നു. ഉണ്ണി മേരിയുടെ ബഹുമാനത്തിനായി മൂന്നു ദിവസം തിരുനാൾ ആഘോഷിച്ചു. അതിനു ശേഷം പുതിയ സന്ദർശന ചാപ്പലിൽ പുനപ്രതിഷ്ഠിച്ചു. പിന്നിടു താൽക്കാലിക മദർ ഹൗസിലെ ചാപ്പലിലേക്കു മാറ്റി. 1953 നവംബർ പതിനെട്ടാം തീയതി മദർ ഹൗസിലെ പുതിയ ചാപ്പലിലേക്കു മരിയ ബമ്പീനയെ മാറ്റി.
എല്ലാ വർഷവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുനാൾ ദിനത്തിൽ സിസ്റ്റേഴ്സു ചെറിയ പഞ്ഞി കൊണ്ടു മരിയ ബമ്പിനയുടെ തിരുസ്വരൂപം സ്പർശിക്കുകയും വിശ്വാസികൾക്കു നൽകുകയും ചെയ്യാറുണ്ട്.
ഫാ. ജയ്സൺ കുന്നേൽ mcbs

Leave a comment