Uncategorized

തയ്യാറാണ്, പക്ഷേ നീതി കിട്ടണം

കേരളത്തിലെ ആദ്യകാല സ്ത്രീവാദി എന്നറിയപ്പെടുന്ന ബഹുമാന്യയായ വനിത Hon. Justice അന്നാചാണ്ടിയാണ്. ചരിത്രതാളുകളിൽ ഏറെ ശോഭയോടെ തിളങ്ങിനിൽക്കേണ്ടുന്ന ഒരു വനിതാരത്‌നം.

ഇൻഡ്യയിലെ ആദ്യത്തെ, ലോകത്തിലെ രണ്ടാമത്തെ വനിതജഡ്ജി. 1937ഇൽ ജില്ലാകോടതിയിലും, 1948ഇൽ ജില്ലാജഡ്ജിയായും, 1959ഇൽ ഹൈക്കോടതിയിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. പേരെടുത്ത ക്രിമിനൽ വക്കീലായിരുന്നു. കേരളപോലീസിൽ ഐ.ജി ആയിരുന്ന പി.സി ചാണ്ടിയുടെ ഭാര്യ.

സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിയ സ്ത്രീ. സ്ത്രീകൾ ജോലിക്കു പോകേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചു സമൂഹത്തെ ബോധ്യപ്പെടുത്തിയ സ്ത്രീ. അടുക്കളയിലും മാതൃത്വത്തിലും മാത്രമല്ല, ജീവിതത്തിലും കുടുംബത്തിന്റെ ഭാവിയിലും ഭാര്യാഭർതൃബന്ധങ്ങളിലും സ്ത്രീകൾക്ക് പങ്കുണ്ടാകാൻ വാദിച്ച സ്ത്രീ. സ്ത്രീപുരുഷ സമത്വത്തിന്റെ (ഭരണത്തിന്റെയല്ല) ആവശ്യകത സമൂഹത്തെ ബോധ്യപെടുത്താൻ പരിശ്രമിച്ച സ്ത്രീ.

(ആകെയുള്ള ഒരു ചെറിയ വൈരുദ്ധ്യം IPC 497 ഇനെകുറിച്ചുള്ള അഭിപ്രായമാണ്. –2018ഇൽ പരിഷ്‌ക്കരിച്ച നിയമം.– പക്ഷേ, പരിഷ്കരിക്കുന്നതിന് 47 വർഷം മുൻപുള്ള ആ അഭിപ്രായപ്രകടനത്തിന്റെ കാരണമായി പറഞ്ഞതിലും ഒരു അന്തസ്സ് ഉണ്ടായിരുന്നു. തുല്യപങ്കാളിത്തമായി വിവാഹത്തെ കാണണം, അല്ലെങ്കിൽ പുരുഷനും സ്ത്രീക്കും തുല്യശിക്ഷ നൽകണം.)

ഈ വനിതയെക്കുറിച്ചു പറയാനുള്ള കാരണം ആദ്യത്തെ ഫെമിനിസ്റ്റും ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾ എന്ന തലക്കെട്ടിൽ അറിയപ്പെടുന്നവരുടെ രീതികളും തമ്മിലുള്ള അന്തരമാണ്.

ഇന്ന് ഫെമിനിസ്റ്റ് എന്ന് പറഞ്ഞാൽ വലിയപങ്കും ലൈംഗികത യാതൊരു മാന്യതയുമില്ലാതെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ പച്ചയ്ക്ക് പറയാനും എഴുതാനും, അതായത് കാമശാസ്ത്രആശയങ്ങൾ പ്രാകൃതരൂപത്തിൽ -പച്ചയായ ഭാഷയിൽ പ്രായഭേദമന്യേ ആരോടും പറയാൻ യാതൊരു മടിയും ജാള്യതയുമില്ലാത്ത ആധുനികവനിതകൾ.

ഇങ്ങനെ പച്ചയ്ക്ക് പറയുന്നവർക്ക് ഈ നാട്ടിൽ എന്തും ചെയ്യാം, പറയാം. അവരിൽ ചിലർ ചേർന്ന് നിയമം കൈയിലെടുത്താലും അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതികരണമായി തലപ്പത്തിരിക്കുന്നവർ കാണും. അവരുടെ വേദനയിൽ പങ്കുചേരും, നടപടികൾ എടുക്കാൻ തയ്യാറാകും.

ഈ നാട്ടിൽ വേറെ ഒരു സ്ത്രീസമൂഹമുണ്ട്. ക്രൈസ്തവ മതത്തിലെ സന്യാസിനികൾ/ കന്യാസ്ത്രീകൾ/ സിസ്റ്റേഴ്സ്. ഞങ്ങളുടെ അമ്മമാർ.

കേട്ടാലറയ്ക്കുന്ന ഭാഷയിൽ, ഞങ്ങളുടെ ചങ്കുതകർക്കുന്ന ഭാഷയിൽ ഇവിടെയുള്ള പല വീരപുരുഷകേസരികളും സോഷ്യൽ മീഡിയയിൽ ഈ അമ്മമാരെ ഒന്നടങ്കം പുലയാട്ട് (ഇത്രേം വയസ്സിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു പദം ഉപയോഗിക്കുന്നത്, അത്രയ്ക്ക് വേദന കടിച്ചമർത്തിയിരിക്കുകയാണ്, ഈ നാട്ടിലെ നിയമവ്യവസ്ഥകളെ വിശ്വസിച്ച്) നടത്തിയിരുന്നു.

ഇപ്പോൾ മേൽപറഞ്ഞവരുടെ വേദനകളെ ‘സ്വന്തം രോദനങ്ങളായും, പ്രതിഷേധപ്രകടനത്തെ ‘അത്യാവശ്യമായിരുന്നു എന്നും പറയുന്ന പല സ്ത്രീപുരുഷമനുഷ്യരൂപികളും അന്ന് കൂടെചേർന്ന് അസഭ്യവും പുലഭ്യവും വിളമ്പി ആർത്തുചിരിച്ചിരുന്നു.

ഞങ്ങൾ അന്നും ചങ്കിലെ തീ പൊട്ടിതെറിയാകാതെ ക്ഷമയോടെ പ്രതികരിച്ചൊള്ളൂ.

ഇനി ഞങ്ങൾ എന്ത് വേണം? എന്ത് ചെയ്യണം? ആരെയൊക്കെ ബോധിപ്പിക്കണം?
അതോ ഞങ്ങളുടെ അമ്മമാരുടെ സേവനം മാത്രം മതിയോ നിങ്ങൾക്ക്? അവർ നിങ്ങൾക്ക് ബലിമൃഗങ്ങൾ മാത്രമാണോ? അവരുടെ സ്ത്രീത്വത്തിന് ഏറ്റ അപമാനം നിങ്ങൾക്കൊന്നും ബാധകമല്ലേ?

അവരെപോലെയുള്ള ജന്മങ്ങൾ ഈ നാട്ടിൽ ഇല്ലെങ്കിൽ വികസനത്തിന്റെ കാര്യം പ്രഘോഷിക്കുന്ന നിങ്ങളൊക്കെ ഭരിക്കുന്ന -നമ്മളൊക്കെ ജീവിക്കുന്ന ഈ നാടിന്റെ റോഡുകളും ഓടകളും ആരുമില്ലാത്തവരുടെ ശരീരങ്ങളാലും ശവങ്ങളാലും നിറഞ്ഞേനേ.

അപമാനിച്ചാൽ ബോംബിടാനും വെട്ടാനും കൊല്ലാനും അസഭ്യങ്ങൾ പറയാനും ഇറങ്ങാത്ത സമൂഹം ആയതാണോ ഞങ്ങളുടെ തെറ്റ്?? സ്വന്തം വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ചു ലോകനന്മയ്ക്കു വേണ്ടി ഇറങ്ങിതിരിച്ച ഞങ്ങളുടെ അമ്മമാർക്ക് നീതികിട്ടാൻ ഞങ്ങളിനി ആരുടെയൊക്കെ കാല് പിടിക്കണം??? തയ്യാറാണ്, പക്ഷേ നീതി കിട്ടണം.

✍️ റോസ് മരിയ (അച്ചു)

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s