വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി / St Francis of Assisi
സവിശേഷമായ വ്യക്തിത്വത്തിനുടമയായ ഫ്രാന്‍സിസ് അസ്സീസി എല്ലാ മനുഷ്യരോടുo ചരാചരങ്ങളോടുo മുഴുവന്‍ പ്രകടിപ്പിച്ച സ്നേഹത്തിന്റെയും സഹോദരഭാവത്തിന്റെയും പ്രത്യേകo അനുസ്മരിക്കുന്ന വിശുദ്ധന്. ദരിദ്രരോടും സകല ജീവജാലങ്ങളോടും സ്നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചവന്. ഉന്നതകുലജാതനായിട്ടും പണത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യനോടുമുള്ള സ്നേഹത്തെപ്രതി ഉപേക്ഷിച്ച് സുന്ദരിയായ ദാരിദ്രം എന്ന വധുവിനെ പ്രണയിച്ചവന്. ആ പ്രണയം ശിഷ്ട ജീവിതം വരെ തുടര്‍ന്ന വിശുദ്ധന്. അവസാനത്തെ ഉടുതുണിപ്പോലും തെരുവിലെ ദരിദ്രന് കൊടുത്തവന്.
ആര്‍ജവത്തോടെ ദൈവത്തില്‍ ആoഹ്ലാദിച്ച് ലളിത ജീവിതം നയിച്ച ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ, നമ്മുടെ മുന്പില് സാക്ഷ്യം വഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഈശോസഭാ വൈദികന് ആയിരുന്നതിനാല്‍ അദ്ധേഹം ‘ഫ്രാന്‍സിസ്’ എന്ന നാമം സ്വീകരിച്ചപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ പിന്തുടരല് ആണെന്ന് ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍, ദാരിദ്രത്തിന്റെയും സമാധാനത്തിന്റെയും മനുഷ്യനായതുകൊണ്ടാണ് ഫ്രാന്‍സിസ് അസ്സീസിയുടെ നാമം സ്വീകരിച്ചതെന്ന് തന്റെ വിശുദ്ധ ജീവിതത്തിലൂടെ ലോകജനതയ്ക്ക് വ്യക്തമാക്കിക്കൊടുക്കുന്ന നമ്മുടെ മാര്‍പാപ്പയെ ‘രണ്ടാം ഫ്രാന്‍സിസ് അസ്സീസി’ എന്ന് വിളിക്കുന്നതാണ് ഉത്തമം.
തന്നെ മാര്‍പാപ്പയായി തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലെ അവൂര്‍വ്വ നിമിഷങ്ങള്‍ അദ്ധേഹം പങ്കുവച്ചത് ഇപ്രകാരമാണ്.
“ബ്രസീലിലെ സാവോപൌളോ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ക്ളോഡിയോ ഹ്യൂമ്സ് ആയിരുന്നു എന്റെ അടുത്തിരുന്നത്. കര്‍ദിനാള്‍ എന്നെ മാര്‍പാപ്പയുമായി തിരഞ്ഞെടുത്തുവെന്ന വിവരം അറിഞ്ഞപ്പോള്‍ അദ്ധേഹം എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു പാവങ്ങളെ മറക്കരുതെന്ന് പറഞ്ഞു. അതെന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഞാന്‍ പെട്ടെന്ന് ഫ്രാന്‍സിസ് അസ്സീസിയെ ഓര്‍ത്തു. സമാധാനത്തെയും ദാരിദ്രത്തെയും സ്നേഹിച്ച മനുഷ്യന്. ……………………..”
നിക്കോസ് ഖസാന്ദ സാക്കിസിന്റെ ഫ്രാന്‍സിസ് അസ്സീസിയെ സംബന്ധിച്ചുള്ള നോവലില്‍ ഇന്നസെന്റ് മൂന്നാമന് മാര്‍പാപ്പയെ കാണാന്‍ പോകുന്ന ഒരു രംഗമുണ്ട്.
മാര്‍പാപ്പ ഫ്രാന്‍സിസ് അസ്സീസിയോട് ചോദിച്ചു.
നീ വന്നോ? സഭയുടെ ഉത്തരവാദിത്വം എന്റെ തലയില്‍ ആണ്, എന്നെ ശല്യപ്പെടുത്തരുത്. ഫ്രാന്‍സിസ് അതിന് മറുപടി പറഞ്ഞു. “പരിശുദ്ധ പിതാവേ എനിക്കൊരു സ്വപ്നമുണ്ടായി പള്ളികളുടെ പള്ളിയായ ലാറ്ററന്‍ ബസിലിക്ക ഞാന്‍ കണ്ടു. നോക്കി നില്‍ക്കേ അതിന്റെ ഗോപുരം ഇടിയുന്നു. ഞാനൊരു നിലവിളി കേട്ടു. ഫ്രാന്‍സിസ് സഹായിക്കൂ….
സ്വപ്നമോ?. നിന്റെ ശിരോവസ്ത്രം മാറ്റു. നിന്റെ മുഖം ഞാന്‍ കാണട്ടെ. എപ്പോഴാണ് നിനക്ക് സ്വപ്നം ഉണ്ടായത്? ഇന്നുരാവിലെ.
സ്വപ്നം ഫ്രാന്‍സിസ്നെ വിട്ടപ്പോള്‍ മാര്‍പാപ്പയെ തേടി വന്നു.
നീ കണ്ടത് ഞാനും കണ്ടു. എന്നാല്‍, നീ കാണാത്തത് ഞാന്‍ കണ്ടു.പള്ളിതാങ്ങുന്ന വിരൂപനായ സന്ന്യാസി നീയല്ലേ?.
ആ സ്വപ്നം നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ സാക്ഷാത്കരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിസ് അസ്സീസിയെപ്പോലൊരു മാര്‍പാപ്പ.
നിക്കോസ് ഖസാന്ദ സാക്കിസിന്റെ ഫ്രാന്‍സിസ് അസ്സീസി എന്ന നോവലിലൂടെ യാത്രച്ചെയ്തപ്പോള് എന്നെ സ്പര്‍ശിച്ച , അല്ല വായിക്കുന്ന ആരെയും സ്പര്‍ശിക്കുന്ന ഒരു കഥ.
“മരങ്ങള്‍ക്കിടയില്‍ ഒരു കുഷ്ഠരോഗി. കൈയില്‍ മണിക്കെട്ടിയ വടി. മണിയൊച്ചകള്‍ കേട്ടാല്‍ വഴിപോക്കര്‍ മാറിക്കൊള്ളണമെന്നാണ് ചട്ടം. ഫ്രാന്‍സിസ് മുന്നോട്ട് കുതിച്ചു. ഒരാള്‍ കൈകള്‍ വിരിച്ച് തന്റെ നേരെ ഓടിവരുന്നത് കണ്ട് ആ കുഷ്ഠരോഗി ഭയപ്പെട്ടു. അവന് നിലവിളിച്ചുക്കൊണ്ട് നിലത്ത് മുട്ടിലിരുന്നു.
മൂക്കിന്റെ പകുതിയും ദ്രവിച്ചുപോയ മുഖം….
കൈകളില്‍ വിരലുകള്‍ ഒന്നുമില്ല…..
വീര്‍ത്ത് ചലം നിറഞ്ഞ ചുണ്ടുകള്‍……
ഫ്രാന്‍സിസ് ഓടിച്ചെന്ന് ആ കുഷ്ഠരോഗിയെ കെട്ടിപ്പിടിച്ചു. മുഖം കുനിച്ച് ആ വീര്‍ത്ത് പഴുത്ത അധരങ്ങളില്‍ ചുംബിച്ചു. അദ്ധേഹം ആ കുഷ്ഠരോഗിയുടെ കുപ്പായം ഊരാന്‍ ശ്രമിച്ചു.
അപ്പോഴാണ് മനസിലായത് കുപ്പായമില്ല, കുഷ്ഠരോഗിയുമില്ല.
ഫ്രാന്‍സിസ് പൊട്ടികരഞ്ഞുകൊണ്ട് നിലത്ത് സാഷ്ടാoഗം വീണു. തറയില്‍ ചുംബിച്ചു.
അത് കുഷ്ഠരോഗിയായിരുന്നില്ല.
ലിയോ, നിങ്ങള്‍ കണ്ടോ? നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ ഫ്രാന്‍സിസ് വിറയലോടെ സഹചരനോടു ചോദിച്ചു.
കണ്ടു. മനസിലായി. ദൈവം നമ്മെ കബളിപ്പിക്കുകയാണെന്ന് മനസിലായി.
ഫ്രാന്‍സിസ് പറഞ്ഞു. എനിക്ക് മനസിലായത് കുഷ്ഠരോഗികളുടെയും, മുടന്തരുടേയും, പാപികളുടെയും ചുണ്ടില്‍
നാം ചുംബിച്ചാല്‍…………
ചുംബിച്ചാല്‍ പറയൂ………………..
ഏറെനേരത്തെ നിശബ്ദതതയ്ക്ക് ശേഷം ഫ്രാന്‍സിസ് പിറുപിറുത്തു.
നാം ചുംബിച്ചാല്‍, ദൈവമേ ഞാനീ പറയുന്നതു ക്ഷമിക്കണേ..
നാം ചുംബിച്ചാല്‍ അവരൊക്കെ ക്രിസ്തുവായി തീരും”.
പേരും പെരുമയും ഇല്ലാത്ത, ആരോരുമില്ലാതെ, ആരാലും അവഗണിക്കപ്പെടുന്ന, ആരാലും സ്നേഹിക്കപ്പെടാതെ, ഒരു തുള്ളി സ്നേഹത്തിനായി കൊതിക്കുന്ന ഈ മക്കളില്‍ നിന്ദയും തിരസ്ക്കരണവും അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്നേഹം തേടിവരുന്ന ക്രിസ്തുവിനെ എന്തേ നമ്മള് ആട്ടിപ്പായിക്കുന്നത്?
ഇവരെ ചുംബിച്ചാല്‍…………. ദൈവമേ ഞാനീ പറയുന്നതു ക്ഷമിക്കണേ
നാം ചുംബിച്ചാല്‍ അവരൊക്കെ ക്രിസ്തുവായി തീരും…………………..
എല്ലാവര്ക്കും വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ആശംസകള്‍
Sherin Chacko, Ramakkalmettu
sherinchacko123@gmail.com
Categories: Sherin Chacko