Pularvettom

പുലർവെട്ടം 348

{പുലർവെട്ടം 348}

റബ്ബി തന്റെ കൗമാരക്കാരനായ മകനേക്കുറിച്ച് വളരെയേറെ ആശങ്കാകുലനായിരുന്നു. ചില സായന്തനങ്ങളിൽ അവൻ എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോകുന്നു. അവനെ പിന്തുടരാൻ റബ്ബി തീരുമാനിച്ചു. നാട്ടുവഴികൾ വിട്ട് അവൻ വനത്തിന്റെ അഗാധതയിലേക്കു പോകുന്നതും അവിടെ ഒരു മരച്ചുവട്ടിൽ മിഴി പൂട്ടി പ്രാർത്ഥിക്കുന്നതും കണ്ടു. മടങ്ങിയെത്തിയ മകനോട് അയാൾ തിരക്കി: “നിനക്കിതെന്തു പറ്റി? ദൈവം എല്ലായിടത്തും ഒരുപോലെയുണ്ടെന്ന് ചെറുപ്പം മുതലേ ഞാൻ നിനക്ക് പറഞ്ഞുതന്നിട്ടില്ലേ?” കുട്ടി തലയുയർത്താതെ പറഞ്ഞു, “ശരിയാണപ്പാ, ദൈവം എല്ലായിടത്തും ഒരേപോലെ തന്നെ. എന്നാൽ, ഞാനെല്ലായിടത്തും ഒരുപോലെയല്ല!” അതാണ് ശരിയായ കാരണം. ആ ഇടം നമ്മളിൽ നിന്ന് ആവശ്യപ്പെടുന്ന ഭാവനയുടെ ഒരു ഡ്രസ് കോഡുണ്ട്. അതുകൊണ്ടാണ് ദേവാലയങ്ങൾ ദൈവത്തിനുവേണ്ടിയല്ല, മനുഷ്യനുവേണ്ടിയാണെന്ന് നമ്മൾ കരുതുന്നത്.

പഴയ നിയമത്തിൽ ബഥേൽ എന്നൊരിടമുണ്ട്. ഒരു കോവണി ഇറങ്ങിവരുന്നതായി യാക്കോബ് എന്ന പൂർവപിതാവ് ദർശനം കാണുന്നു. അതിലൂടെ മാലാഖമാർ ആരോഹണാവരോഹണങ്ങളിൽ ഏർപ്പെടുന്നു. ആ ഇടത്തിൽ അയാളൊരു കല്ലു നാട്ടി. ഏതൊരു പ്രാർത്ഥനാലയത്തിന്റെ പ്രതിഷ്ഠയുമായി വായിച്ചെടുക്കാവുന്ന ഭാഗമാണത്; അനന്തത ഭൂമിയെ തൊടുന്നുവെന്ന് നാം നിനയ്ക്കുന്ന ഇടങ്ങൾ.

1936 നവംബർ 12-ന് ചിത്തിര തിരുനാൾ ബാലരാമവർമ്മ ക്ഷേത്രപ്രവേശന വിളംബരം നടത്തുന്നതിനു കാരണങ്ങളിലൊന്നായി സൂചിപ്പിക്കുന്നത് ആ ഇടം ഉറപ്പുകൊടുക്കുന്ന ശാന്തിയും സാന്ത്വനവും ഒരാൾക്കും നിഷേധിക്കാൻ പാടില്ല എന്നതായിരുന്നു. ഒരുകാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളെല്ലാം അറിയപ്പെട്ടിരുന്നത് സങ്കേതങ്ങളായിട്ടായിരുന്നു. വലിയ അഭയവും കോട്ടയുമായി പരിക്ഷീണമനസുകൾക്ക് അതനുഭവപ്പെട്ടിട്ടുണ്ടാവും. Refuge of the sanctuary എന്നൊരു പഴയ യുദ്ധകാലസങ്കല്പമുണ്ടായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട് നിരായുധനായ ഒരു മനുഷ്യനു മുൻപിൽ അവശേഷിക്കുന്ന ഏകവഴി ഏതെങ്കിലും ഒരു ബലിക്കല്ല് കണ്ടെത്തി അതിൽ അഭയം തേടുകയായിരുന്നു. അയാളെ ഇനി വധിക്കുവാൻ ഒരു മനുഷ്യന് അവകാശമില്ല. സദാ ദുർവിധിയാൽ പിന്തുടരപ്പെടുന്നു എന്ന ഭയത്തിൽ നിന്നാവണം മിക്കവാറും എല്ലാ അഭയസങ്കേതങ്ങളുടേയും ആവിഷ്കാരം. പിന്നീട് അത് അതിൽത്തന്നെ അനുഭൂതി പകരുന്ന ഒരിടമായി മാറിയിട്ടുണ്ടാവും.

മനുഷ്യരുടെ നിരന്തരമായ സാന്നിധ്യം കൊണ്ട് ഇടങ്ങൾ മംഗളദായകമാകുന്നു എന്നൊരു കാരണം കൂടിയുണ്ട്. പണ്ടുകാലത്ത് ദേവാലയനിർമിതിക്കു ശേഷം ചെയ്തിരുന്നൊരു കാര്യം കുറച്ചധികം ദിനങ്ങൾ അതു വന്നു കാണാൻ ഭക്തർക്ക് സാഹചര്യം ഒരുക്കുകയാണ്. ഓരോ കാൽച്ചുവടും ആ ഇടത്തെ അനുഗ്രഹപൂരിതമാക്കിയെന്നും അതുകൊണ്ടുതന്നെ ആശീർവാദം സംഭവിച്ചു എന്നും വിശ്വസിച്ചിരുന്നു. നമ്മൾ നമുക്കാവുന്ന വിധത്തിൽ ഒരു ചക്രവാളത്തുണ്ട് നിർമിക്കാൻ ശ്രമിക്കുകയാണ്- meeting point of sky and the earth.

ക്രൈസ്തവ- ഹൈന്ദവ – ജൈന ആലയ നിർമിതികൾക്ക് അതിന്റെ അടിസ്ഥാന മതഭാവനയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് നിരീക്ഷിച്ചാൽ പിടുത്തം കിട്ടും. ആകാശങ്ങളിലേക്ക് കൂമ്പി നിൽക്കുന്ന കരങ്ങളായിട്ടാണ് ഈ പള്ളികളെയൊക്കെ വിഭാവനം ചെയ്തിരിക്കുന്നത്. വലം ചുറ്റി വലം ചുറ്റി ഓരോരോ കാര്യങ്ങളെ ഒഴിവാക്കിയും അങ്ങനെ അഗാധമാക്കിയും അവനവന്റെ ആന്തരികപ്രഭയെ കണ്ടെത്തുന്ന രീതിയിലാണ് ഗർഭഗൃഹം രൂപപ്പെട്ടിരിക്കുന്നത്. ഹെർമൻ ഹെസ്സെയുടെ യൗവനകാലകവിതകളിലൊന്നിൽ പറയുന്നതുപോലെ, ആരാധനാലയങ്ങൾ എല്ലാവരുടേയും വിശ്വാസവുമായി നിരക്കുകയോ നിലനിൽക്കുകയോ ചെയ്യുന്നതവണമെന്നില്ല. എന്നാൽ, അയാൾ അനുഭവിച്ചതുപോലെ അതിന്റെ കാഴ്ച ഏതൊരു സംസ്കൃതമനുഷ്യനും സാന്ത്വനമാകുന്നുണ്ടാവും. “Oh, beloved, intimate chapels of this country! You bear the signs and inscriptions of a God who is not mine. Your believers utter prayers whose words I do not know. And yet I can still pray in you just as well as in the oak forest or in the mountain meadow.”

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s