Pularvettom

പുലർവെട്ടം 398

{പുലർവെട്ടം 398}
 
തന്റെ അനുഭവത്തിലെ ഏറ്റവും നല്ല രചനയായി മഹാശ്വേതാദേവി എണ്ണുന്നത് ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രകൾ’ ആണ്. കാലത്തിൽ നിന്നും ചരിത്രത്തിൽ നിന്നും നീതിക്കുവേണ്ടി ഇരന്ന് സദാ തോല്പിക്കപ്പെടുന്ന സാധാരണ മനുഷ്യന്റെ ജീവിതരേഖയാണതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഒന്നര നൂറ്റാണ്ടു മുൻപുള്ള ഭരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്ന് ഒരു കഥാപാത്രം ദേശത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് കഠിനമായ നീതിനിഷേധങ്ങൾ അഭിമുഖീകരിക്കുന്നതാണ് കഥ. തൂക്കുകയറിന്റെ കുരുക്ക്, അയാളുടെ മെല്ലിച്ച കഴുത്തിനു നിരക്കുന്നതുകൊണ്ടു മാത്രം വധാർഹനാവുകയാണ് ഗോവർദ്ധൻ.
മെല്ലിച്ച, നിസ്വനായ, വയോധികനായ ഒരാളുടെ ചിത്രം കാണുമ്പോൾ ഗോവർദ്ധനെ ഇങ്ങനെ ഇപ്പോൾ ഓർക്കുന്നതെന്താവാം? മാനവികതയ്ക്ക് അസാധാരണമൂല്യം നൽകുന്ന ഒരു സന്യാസസമൂഹമാണ് ജെസ്യൂട്സ്. അതിൽ അംഗമാണ് എൺപത്തിമൂന്നുകാരനായ ഫാദർ സ്റ്റാൻ സ്വാമി. മാവോയിസ്റ്റ് എന്ന ചാപ്പ കുത്തിയാണ് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചത്. സ്റ്റാൻ സ്വാമിയുടെ പ്രായം, പാൻഡമിക് ആകുലതകൾ ഇവയൊന്നുമല്ല ഇവിടുത്തെ വിഷയം. അവ വിഷയമാവുകയും വേണ്ട. ദീർഘകാലമായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിലായിരുന്നു അദ്ദേഹം. കോർപറേറ്റുകളുടെ വിഭവചൂഷണത്തിനെതിരായിരുന്നു സ്റ്റാനിന്റെ എക്കാലത്തെയും ഉപരോധം. ഭീമ-കൊറെഗാവ് കേസിലാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. പോരാട്ടത്തിൽ കൊല്ലപ്പെട്ടു എന്നു കരുതപ്പെടുന്നവർക്കൊക്കെ പിറകിൽ നിന്നു വെടിയേൽക്കപ്പെടുന്നത് എന്തുകൊണ്ട്?
ബൈബിൾ ക്ലാസിൽ നിന്നു കേട്ട ഒരു കൗതുകം ഓർമിക്കുന്നു. ആരുടെയും ഇടപെടലോ അവനവന്റെ തന്നെ നിലവിളിയോ ഇല്ലാതെ യേശു സൗഖ്യം നൽകിയ രണ്ട് അവസരങ്ങളേയുള്ളു. അത് 38 വർഷമായി ഒരു തീർത്ഥപ്പടവിൽ തളർന്നുകിടന്ന ഒരാളുടെ കാര്യത്തിലും സിനഗോഗിൽ കണ്ട കൂനു പിടിച്ച സ്ത്രീയുടെ കാര്യത്തിലുമാണ്. മനുഷ്യന്റെ നട്ടെല്ല് നേരെ നിൽക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനു നിരക്കാത്ത എല്ലാ സാഹചര്യങ്ങളോടുമുള്ള തർക്കങ്ങളും പോരാട്ടങ്ങളും നവമാനവികതയുടെ ജ്ഞാനസ്നാനത്തിന്റെ ഭാഗമാണ്. ഓർമിക്കണം, അടിമുടി ഒറ്റ വ്രണമായി നിൽക്കുമ്പോഴും ‘അവന്റെ എല്ലുകളൊന്നും തകർത്തില്ല’ എന്ന് രേഖപ്പെടുത്തുവാനായിരുന്നു സുവിശേഷകരുടെ ശ്രദ്ധ.
സ്റ്റാൻ പുറത്തായിരിക്കേണ്ടത് പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ആവശ്യമാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s