Article

സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ

സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ

സംവരണ രഹിത വിഭാഗങ്ങളിലെ (General Category) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം EWS (Economic Weaker Sections) ഏർപ്പെടുത്തികൊണ്ടു 2019ൽ കേന്ദ്ര ഗവർമെന്റ് ഭരണഘടന 103-)o വകുപ്പ് ഭേദഗത്തിയിലൂടെ (Article 15(6), 16(6) ) പുറത്തിറക്കിയ ഉത്തരവ് ഈ കഴിഞ്ഞ 2020 ജനുവരി മൂന്നാം തിയ്യതി മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരികയുണ്ടായി. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഈ നടപടി വലിയ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴി തെളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. നിലവിലുള്ള സംവരണങ്ങൾക്ക് പുറമെ സാമ്പത്തിക മേഖലയെ മാനദണ്ഡമായി ഏർപ്പെടുത്തിയ ഈ സംവരണത്തെക്കുറിച്ചു കൂടുതൽ മനസിലാക്കാൻ കുറച്ചു ചരിത്ര അവബോധം നല്ലതാണ്.

സംവരണം ഭരണഘടനയിൽ

ഒരു മത നിരപേക്ഷക (Secular) രാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ ഒരു വേർതിരിവ് ഉണ്ടാകരുത് എന്ന നമ്മുടെ ഭരണഘടന ശില്പികളുടെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാകണം മതത്തിന്റെ പേരിൽ മാത്രമായി ഒരു സംവരണം ജോലി- പഠന മേഖലകളിൽ ഭരണഘടന നൽകിയിട്ടില്ല. അതേ സമയം ഹൈന്ദവ ഭൂരിപക്ഷമായ ഇന്ത്യയിൽ ഒരു മതം മറ്റു മതങ്ങളെ വിഴുങ്ങാതിരിക്കുവാനുള്ള ഒരു കരുതൽ അംബേദ്കറിനെയും നെഹ്രുവിനെപോലെയും ഉള്ള രാഷ്ട്ര നിർമ്മാതാക്കൾ കാണിക്കുകയും ചെയ്തു. അതു കൊണ്ടായിരിക്കണം ഭരണഘടനയുടെ ഉത്ഭവത്തിൽ തന്നെ ഭാഷ- മതന്യൂനപക്ഷങ്ങൾക്ക് (Ligustic- Religious Minorities) ചില കാര്യങ്ങളിൽ എങ്കിലും കൂടുതൽ അവസരം നൽകുകയും ചെയ്തത്. ഉദാഹരണത്തിന് ഭരണഘടന ആർട്ടിക്കിൾ 30 പ്രകാരം വിദ്യഭാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്തികൊണ്ടു പോകുവാനുമുള്ള അവകാശം ഭാഷ -മത ന്യൂനപക്ഷങ്ങൾക്കു നല്കുന്നു. അതേ സമയം ജാതിയുടെ കൂച്ചു വിലങ്ങുകൾ ഇന്ത്യൻ സമൂഹത്തിൽ നിന്നും എളുപ്പത്തിൽ മുറിച്ചു മാറ്റാൻ കഴിയില്ല എന്ന് മനസിലാക്കിയതിനാൽ ഭരണഘടനയുടെ ആരംഭകാലഘട്ടങ്ങളിൽ തന്നെ പട്ടിക ജാതി(SC) പട്ടിക വർഗ( ST) വിഭാഗകാർക്കായി പ്രത്യക സംവരണം ഏർപ്പെടുത്തുകയും ചെയ്തു.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്

സംവരണത്തിന്റെ രംഗത്തു പിന്നീടു് കാര്യമായ ഒരു മാറ്റത്തിന് ഇടയാക്കിയത് മണ്ഡൽ കമ്മീഷനു റിപ്പോർട്ട് ആണ്. സാമൂഹ്യപരവും വിദ്യാഭ്യാസപരവുമായി പിൻപന്തിയിലായിരുന്ന സമൂഹങ്ങളെ (SEBC) കുറിച്ചു പഠിക്കാനുള്ള ദേശിയ തല കമ്മീഷൻ 1979ൽ അന്നത്തെ പ്രധാന മന്ത്രി മൊറാർജി ദേശായി പാരലിമെന്ററിയൻ ആയിരുന്ന ബി.പി.മണ്ഡലിന്റെ മേൽനോട്ടത്തിൽ നിയമിച്ചു. ആ കമ്മീഷണന്റെ പഠനം അനുസരിച്ച SC, ST എന്നിവക്കു പുറമെ OBC (Other Backward Caste) എന്നൊരു വിഭാഗംകൂടി സംവരണത്തിൽ ഉൾപ്പെടുത്താം എന്നു ശിപാർശ വന്നു. മണ്ഡൽ കമ്മീഷനു റിപ്പോർട്ട് അനുസരിച്ചു SC, ST എന്നിവക്ക് പുറമെ രാജ്യത്തെ ഏകദേശം 52ശതമാനം ജനങ്ങൾ കൂടി സംവരണത്തിന് അർഹരാണ് എന്നു പ്രസ്താവിച്ചു.
എന്നാൽ ദേശ വ്യാപകമായ എതിർപ്പിനെ തുടർന്ന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നിർദേശങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ല. മാത്രമല്ല ആകെയുള്ള സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന് സുപ്രീം കോടതി വിധിയും ഈ കമ്മീഷനു റിപ്പോർട്ട് നടപ്പിലാക്കുന്നതിന് കാലതാമസം വരുത്തിച്ചു.
എന്നാൽ വീണ്ടും 1990 ൽ അതായത് റിപ്പോർട്ട് സമർപ്പിച്ചു ഏകദേശം 10 വർഷത്തിനുശേഷം വി. പി. സിങ്ങിന്റെ നേതൃത്വത്തിൽ ഉള്ള ഗവർമെന്റ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചു 27 ശതമാണ് സംവരണം ദേശീയതലത്തിൽ OBC ക്കു നൽകാമെന്ന് തത്വത്തിൽ അംഗീകരിച്ചു.

ഇന്ദ്ര സോഹനി കേസ്

എന്നാൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനു എതിരായി ഇന്ദ്ര സോഹനി എന്ന യുവതി സുപ്രിംകോടതിക്കു മുന്നിൽ പരാതിയുമായി വന്നു. 3 പ്രധാന കാരണങ്ങൾ ആണ് ഈ റിപ്പോർട്ട് നടപ്പിലാക്കുന്നതിനു എതിരായി അവർ മുന്നോട്ടു വച്ചതു.

1. സംവരണത്തിലുള്ള വർധനവ് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള തുല്യ അവസരം എന്ന നിലപാടിന് എതിരാണ്.

2. ജാതി(Caste) ഒരിക്കലും സാമ്പത്തിക പിന്നോക്ക അവസ്ഥയുടെ മാനദണ്ഡമായി കണക്കാക്കാൻ പറ്റില്ല.

3. ഇത്തരത്തിലുള്ള ഒരു സംവരണം പൊതു മേഖല വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യക്ഷമതയെ(Efficiency)യെ സാരമായി ബാധിക്കും

ഇത്തരം ഒരു നടപടിയുടെ വെളിച്ചത്തിൽ മണ്ഡൽ കമ്മീഷനു റിപ്പോർട്ട് പ്രാവർത്തികമാക്കുന്നതിനു ദേശീയ തലത്തിൽ 2 വർഷം കൂടി കാത്തിരിക്കേണ്ടതായി വന്നു. അങ്ങിനെ 1993 ൽ ദേശിയ തലത്തിൽ OBC കാർക്കായി 27 ശതമാനം സംവരണം നിലവിൽ വന്നു.അങ്ങിനെ പട്ടിക ജാതി (15%) പട്ടിക വർഗം (7.5%) ഒപ്പം OBC (27%) അടക്കം 49.5% ആയി മാറി ദേശീയ തലത്തിൽ സംവരണത്തിന്റെ നിലവാരം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കേരളത്തിൽ OBC റീസെർവഷൻ ദേശീയ തലത്തേക്കാൾ വളരെ കൂടുതൽ(40%) ആണ് എന്നതാണ്. ഇതിൽ നല്ല ഒരു ഭാഗവും ഒരു പ്രത്യേക മത വിഭാഗത്തിനു പോകുന്നു എന്നതുമാണ്.

സാമ്പത്തിക സംവരണം (EWS)

1993ൽ നടപ്പിലാക്കിയ OBC സംവരണത്തിനു ശേഷം സംവരണത്തിന്റെ കാര്യത്തിൽ ഉണ്ടായ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ ആണ് 2019 ജനുവരിയിൽ ഭരണഘടന 103 വകുപ്പ് ഭേദഗതി പ്രകാരം സംവരണ രഹിത വിഭാഗങ്ങളിൽ ( General Category) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി ഏർപ്പെടുത്തിയ10 ശതമാനം സംവരണം അഥവാ EWS (Economic Weaker Sections) ആണ്. കേരള സർക്കാർ 2020 ജനുവരി 3 നു പുതിയ സാമ്പത്തിക സംവരണത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. നിലവിലുള്ള സംവരണത്തിനു പുറത്തുള്ള വിഭാഗങ്ങൾക്കാണ് (General Category) ആണ് 10 ശതമാനമുള്ള EWS സംവരണം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നു. ഉന്നത വിദ്യഭാസ രംഗത്തും സർക്കാർ ജോലി കളിലും ആണ് ഈ സംവരണത്തിന്റെ ആനുകൂല്യം പ്രധാനമായും ഒരു വ്യക്തിക്ക് ലഭിക്കുക.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം നോക്കുമ്പോൾ ഏകദേശം എല്ലാ മുസ്ലിംമുകളും 73 ശതമാനതോളം ഹിന്ദുക്കളും സംവരണത്തിന് യോഗ്യരാണ്. എന്നാൽ ക്രിസ്ത്യാനികളിൽ 24% ആളുകൾ മാത്രം ആണ് സംവരണത്തിന് അർഹതയുള്ളത്. ആയതുകൊണ്ട് ഈ സംവരണ ആനുകൂല്യം കൂടുതൽ ഉപയോഗപ്രദമാകുന്ന വിഭാഗങ്ങളിൽ ഒന്നു ക്രിസ്ത്യൻ സമൂഹമാണ്.പ്രതേകിച്ചു ഇവിടുത്തെ സുറിയാനി ക്രിസ്‌ത്യാനികൾ. എന്നാൽ നിർഭാഗ്യവശാൽ തങ്ങൾക്കു അനുവദിച്ചു കിട്ടിയിരിക്കുന്ന ഈ അവകാശത്തെ കുറിച്ചു അവരിൽ ബഹു ഭൂരിപക്ഷവും അവബോധരല്ല എന്നതാണ് സങ്കടം.

സാമ്പത്തിക സംവരണത്തിന്റെ ആനുകാലിക പ്രസക്തി

ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളം പോലുള്ള ഒരു സംസ്ഥാനത്തു ഇന്ന് ജാതി വ്യവസ്ഥയേക്കാൾ ദുഷ്കരമായിരിക്കുന്നത് സാമ്പത്തിക രംഗത്തെ ഉച്ചനീചത്വങ്ങളാണ്. ഉള്ളവനും ഇല്ലാത്തവനും (‘The Have’ and ‘The Have not’) തമ്മിലുള്ള വിടവ് ഓരോ നാളിലും കൂടി കൂടി വരുന്നു. ഈ സാഹചര്യത്തിൽ ദരിദ്രന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള സാമ്പത്തിക സംവരണത്തിന്റെ കാലിക പ്രസക്തി എടുത്തു പറയാതെ വയ്യ. 1993ൽ OBC സംവരണം അനുവദിച്ചു കൊണ്ടു വന്ന കോടതി വിധിയുടെ വ്യഖ്യാന നിരീക്ഷണം ശ്രദ്ധേയമാണ്. അതായത് ഒരു വ്യക്തിയുടെ കഴിവും (Merit) തുല്യതയും (Equality) ഒരുപോലെ നിശ്ചയിക്കുക എളുപ്പമല്ല. ഉദാഹരണത്തിന് ഒരേ ബുദ്ധിയുള്ള രണ്ടു വ്യക്തികൾ ഒരാൾ ഉയർന്ന ജാതിയിലും മറ്റയാൾ താഴന്ന ജാതിയിലും ഉണ്ടെന്നു ഇരിക്കട്ടെ. ഉയർന്ന ജാതിയിലുള്ള ഒരാൾക്ക് താഴ്ന്ന ജാതിയിലുള്ള ഒരാൾക്ക് കിട്ടുന്നതിനേക്കാൾ അവസരങ്ങൾ കൂടുതൽ ഉണ്ട് എന്നതിനാൽ അവരെ തുല്ല്യരായി പരിഗണിക്കുക നീതിയല്ല. മറിച്ചു താഴ്ന്ന ജാതിയിൽ പെട്ടവനെ തുല്യതയിലേക്കു ഉയർത്തുന്നതിനുള്ള ഒരു മാർഗം ആയി സംവരണത്തെ കാണേണ്ടതുണ്ട്. ഈ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ സമ്പത്തിയമായി മുന്നോക്കം നിൽക്കുന്ന ഒരുവന് പിന്നോക്കം നിക്കുന്നവനേക്കാൾ അവസരം കൂടുതൽ ഉണ്ട് എന്നതിൽ തർക്കമില്ല. ആയതിനാൽ ഇപ്പോൾ നിലവിൽ വന്ന 10 ശതമാനം സംവരണത്തിലൂടെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവനെ ഉയർത്താനായി നാം ശ്രമിക്കുന്നു എന്നു വേണം കാണക്കാക്കാൻ. മാത്രമല്ല ഉയർന്ന ജാതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധാരാളം പേർ ഉണ്ട് എന്ന സത്യം നാം തിരിച്ചറിയാതെ പോകരുത്. അതുപോലെ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളിൽ സാമ്പത്തികമായി ഉയർന്നവരും ഉണ്ട് എന്ന കാര്യവും നാം കണ്ണടച്ചു കളയരുത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം EWS സംവരണം നിലവിൽ സംവരണം ഉള്ള വിഭാഗക്കാരുടെ അവസരങ്ങളെ ഒരു വിധത്തിലും നഷ്ടപ്പെടുത്തുന്നുമില്ല എന്നതാണ്.

നിങ്ങൾ എങ്ങിനെ നിങ്ങളായി..?

സാമൂഹ്യപരമായും വിദ്യഭ്യാസപരമായും താഴ്ന്നുകിടക്കുന്നവർ എന്നു കരുതിയ സമുദായങ്ങളെ കുറിച്ചു പഠിക്കാൻ നിശ്ചയിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആണ് OBC സംവരണം കൊടുവന്നത്. എന്നു കരുതി അജീവനാന്തം ആ സംവരണത്തിന് ഇത്തരം വിഭാഗത്തിൽ പെട്ടവർ അർഹരാണ് എന്നു കരുതുന്നതിൽ അർത്ഥമില്ല. മറിച്ചു ഭരണ ഘടന ലക്ഷ്യം വക്കുന്ന ഉന്നമതിയിലേക്കു അവരെ എത്തിക്കുന്നതിലേക്കുള്ള ഒരു മാർഗമാണ് മാത്രമാണ് സംവരണം.
ആയതുകൊണ്ട് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന EWS സംവരണത്തിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്ന ജന പ്രധിനിധികളും പിന്നെ കൊടിപിടിച്ചും പേപ്പർ കത്തിച്ചും പ്രതിഷേധത്തിന് മുതിരുന്നവർ ഒന്നോർത്താൽ നന്ന്. ഇതിലും വലിയ പ്രധിഷേധങ്ങൽ മറികടന്നാണ് 1993 ൽ OBC സംവരണം രാജ്യം ഒന്നാകെ ഏർപോലെടുത്തിയത് . അന്നു മുതൽ ഇന്നുവരെ ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതു നിങ്ങൾ അനുഭവിച്ചിരുന്നപ്പോൾ ഞങ്ങൾ പാലിച്ചിരുന്ന മൗനം വിവേകത്തിന്റെ ലക്ഷണമായി കണക്കാക്കുക. അതുകൊണ്ടു നിങ്ങൾ ഓർക്കുക നിങ്ങൾ എങ്ങിനെ നിങ്ങളായി എന്ന്. എന്നിട്ടും പ്രതിഷേധത്തിന്റെ മുൻനിരയിൽ വർഗീയതയുടെ വിഷം കുത്തി വക്കാൻ ഒരുങ്ങുന്നവരെകാണുമ്പോൾ പഴയ ഒരു പഴംച്ചൊല്ലു ഓർത്തു പോവുകയാണ്. അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും നായക്കാണ് മുറുമുറുപ്പ്!!!
എന്താലേ….??

ഫാ. നൗജിൻ വിതയത്തിൽ

Categories: Article

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s