നരകത്തീയിൽ വീഴാതിരിക്കാൻ പ്രാർത്ഥന

🔥 നരകത്തീയിൽ വീഴാതിരിക്കാൻ പരിശുദ്ധ കന്യകാമാതാവിനോടുള്ള പ്രാർത്ഥന ❤️
++++++++++++++++++++++++++++++++
🙏നരകത്തീയിൽ വീഴാതിരിക്കാൻ 🙏
++++++++++++++++++++++++++++++++

ഓ, ഏറ്റം പ്രിയപ്പെട്ട നാഥേ, ഞാൻ എന്റെ പാപങ്ങൾ മുഖേന പലതവണ നരകത്തിന് അർഹനായെങ്കിലും (അർഹയായെങ്കിലും) എന്നെ പലപ്പോഴായി നരകത്തിൽനിന്നു രക്ഷപ്പെടുത്തിയതിനു നന്ദി പറയുന്നു. ഓ, എത്ര ദുരിതപൂർണ്ണനായ (യായ) പാപിയാണ് (പാപിനിയാണ്) ഞാൻ. നരകത്തിൽപോകാനായി നേരത്തെതന്നെ വിധിക്കപ്പെട്ടിരുന്നെങ്കിലും അങ്ങയുടെ കരുണ എന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ എന്റെ ആദ്യ പാപത്തിനുശേഷം ആ ശിക്ഷാവിധി എന്റെമേൽ പ്രയോഗികമാക്കിയേനെ.

ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ എന്റെ ഹൃദയ കാഠിന്യത്തെ കീഴടക്കിയും ദൈവികനീതിയെ തടഞ്ഞുനിർത്തിയും അങ്ങിൽ ആത്മവിശ്വാസമർപ്പിക്കാൻ എന്നെ അങ്ങിലേയ്ക്ക് വലിച്ചടുപ്പിച്ചത് അങ്ങയുടെ കരുണയാണ്. ഓ, എന്റെ ഏറ്റം സ്നേഹനിധിയായ അമ്മേ, അങ്ങ് എനിക്കുവേണ്ടി നേടിയെടുത്ത കൃപകൾ മുഖാന്തരം അങ്ങ് എന്നെ കാത്തുരക്ഷിച്ചില്ലായിരുന്നെങ്കിൽ എന്റെ മുന്നിൽ തുറന്നുവച്ചിരിക്കുന്ന അപകടങ്ങളിലും എൻത്രയധികം പാപങ്ങളിലും ഞാൻ വീണുപോകുമായിരുന്നു. ഓ, എന്റെ രാജ്ഞീ, ഇപ്പോഴും എന്നെ അങ്ങ് നരകത്തിൽനിന്നു കാത്തുരക്ഷിച്ചിരിക്കുന്നു.

എന്നാൽ, ഞാൻ നരകത്തിലേക്ക് വിധിക്കപ്പെട്ടവനാണെങ്കിൽ എന്റെമേൽ വർഷിക്കപ്പെട്ട ഉപകാരങ്ങൾകൊണ്ടും കരുണകൊണ്ടും എന്ത് പ്രയോജനം? ഒരിക്കൽ ഞാൻ അങ്ങയെ സ്നേഹിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ദൈവം കഴിഞ്ഞാൽ എല്ലാത്തിനും ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഓ, അങ്ങിലൂടെ അനേകം കൃപകൾ എനിക്ക് വിതരണം ചെയ്ത ദൈവത്തിൽനിന്നും അങ്ങിൽനിന്നും മുഖം തിരിക്കാൻ എന്നെ അനുവദിക്കരുതേ. അങ്ങയെ സ്നേഹിക്കുന്ന അങ്ങയുടെ ഒരു ദാസൻ (ദാസി) നഷ്ടപ്പെടുന്നത് അങ്ങ് സഹിക്കുമോ?

ഓ, പരിശുദ്ധ മറിയമേ, അങ്ങ് എന്നെ ഉപേക്ഷിച്ചാൽ ഞാൻ നഷ്ടപ്പെട്ടുപോകും. എന്നാൽ, പരിശുദ്ധ മറിയത്തെ ഉപേക്ഷിക്കാൻ ഏതു ഹൃദയത്തിനാണ് സാധിക്കുന്നത്? എന്നോടുള്ള അങ്ങയുടെ സ്നേഹം എനിക്ക് എങ്ങനെ മറക്കാൻ കഴിയും? എന്റെ അമ്മേ, എന്നെ രക്ഷിക്കാൻ അങ്ങ് വളരെയധികം പ്രയത്നിച്ചിട്ടുള്ളതിനാൽ ആ പ്രവർത്തികൾ പൂർത്തീകരിക്കുക. എന്നെ സഹായിക്കുന്നത് തുടരുക. എന്നെ സഹായിക്കാൻ അങ്ങേയ്ക്കു ആഗ്രഹമില്ലേ?

അങ്ങയെ മറന്നുകൊണ്ട് ജീവിച്ചപ്പോൾ അങ്ങ് വളരെയധികം ഉപകാരങ്ങൾ എനിക്ക് ചെയ്തുവെങ്കിൽ ഞാൻ അങ്ങയെ സ്നേഹിക്കുകയും എന്നെ അങ്ങേയ്ക്കു ഇപ്പോൾ ഭരമേല്പിക്കുകയും ചെയ്യുന്ന ഈ സമയത്ത് ഞാൻ എത്രയധികമായി പ്രത്യാശിക്കണം!

ഇല്ല, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവർ ഒരിക്കലും നഷ്ടപ്പെടുകയില്ല. തങ്ങളെത്തന്നെ സ്വയം അങ്ങേയ്ക്കു ഭരമേല്പിക്കാത്തവർ മാത്രമേ നഷ്ടപ്പെട്ടുപോകൂ. ഓ, എന്റെ അമ്മേ, എന്നെ കൈവെടിയരുതേ. അങ്ങനെചെയ്താൽ ഞാൻ നഷ്ടപ്പെട്ടുപോകും. എല്ലായ്പ്പോഴും അങ്ങയെ വിളിച്ചപേക്ഷിക്കത്തക്ക രീതിയിൽ എന്നെ വാർത്തെടുക്കണമേ. എന്നെ രക്ഷിക്കണമേ. എന്റെ പ്രത്യാശയെ, എന്നെ നരകത്തിൽനിന്നു രക്ഷിക്കണമേ. ആദ്യംതന്നെ, എന്നെ നരകത്തിന് അർഹനാക്കുന്ന (അർഹയാക്കുന്ന) പാപത്തിൽനിന്നു എന്നെ രക്ഷിക്കണമേ.

(വിശുദ്ധ അല്ഫോൻസ്സ് ലിഗോരിയുടെ “പരിശുദ്ധ കന്യകാമറിയത്തിന്റെ മഹത്വകീർത്തനങ്ങൾ”, അധ്യായം 32, p.472)

Leave a comment