Fr Jaison Kunnel MCBS

ജർമ്മനിയിലെ അൽഫോൻസ വി. അന്നാ ഷേഫർ

St. Anna Schäffer of Mindelstetten, Germany
ജർമ്മനിയിലെ അൽഫോൻസ വി. അന്നാ ഷേഫറിൻ്റെ വിശുദ്ധ പദവിക്ക് ഇന്ന് (ഒക്ടോബർ 21 ) 8 വർഷം പൂർത്തിയാകുന്നു.
 
“സഭയുടെ ആകാശത്തേക്കു ഒരു പുതിയ നക്ഷത്രം ഉയർന്നിരിക്കുന്നു.” അന്നാ ഷേഫറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു തലേന്നു 1999 മാർച്ച് 6 നു റോമിൽ ദിവ്യബലി അർപ്പിക്കുമ്പോൾ അന്നു വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ തന്റെ പ്രസംഗം ആരംഭിച്ചതു ഇപ്രകാരം. പതിമൂന്നു വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 21-നു അന്നയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ പഴയ കർദ്ദിനാൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയിരുന്ന അന്നു ജർമ്മനിയിൽ നിന്നു വിശ്വസികളോടു അദ്ദേഹം പറഞ്ഞു ” നിങ്ങളുടെ നഷത്രം സാർവ്വത്രിക സഭയ്ക്കു വേണ്ടി ഇപ്പോൾ പ്രകാശിക്കുന്നു.” അൾത്താരയിലെ വണക്കത്തിലേക്കു എത്തപ്പെടാൻ അവൾ പിന്നിട്ട വഴികൾ കഠിനമായിരുന്നു.
ഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിറുത്തി കുടുംബ സംരക്ഷണത്തിനായി മറ്റു വീടുകളിൽ ജോലിക്കു പോയി മുടങ്ങി. ഒരു സന്യാസ സഭയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. 1898 ൽ ഈശോയുടെ ഒരു ദർശനം അവൾക്കുണ്ടാവുകയും നീണ്ട സഹനങ്ങൾക്കു യാതനകൾക്കു വേണ്ടിയുള്ളതാണ് അവളുടെ ജീവിതം എന്നു ഓർമ്മിപ്പിക്കുകയും ചെയ്തു.
1901 ഫെബ്രുവരി 4 നു വസ്ത്രം കഴുകുന്ന ലോണ്ടറിയിൽ വസ്ത്രം അലക്കുന്നതിനിടയിൽ അന്നാ തെന്നി വീഴുകയും അലക്കുയന്ത്രത്തിലെ ചൂടു കുഴൽ അവളുടെ കാലുകളെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാരകമായ പൊള്ളൽ അന്നയുടെ ശരീരത്തെ തളർത്തിയിരുന്നു. പിന്നീടു ഓപ്പറേഷനുകളുടെ ഒരു നീണ്ട നിരയായിരുന്നു. മുറിവുകൾ വൃത്തിയാക്കുമ്പോൾ വേദന കൊണ്ടു അവൾ പുളഞ്ഞിരുന്നു. അന്നയുടെ ഡോക്ടർ ഡോ. വാൾഡിൻ അവളെ ശുശ്രൂഷിക്കുന്നതിൽ സജീവശ്രദ്ധാലുവായിരുന്നു എങ്കിലും ചർമ്മം കൂട്ടി യോചിപ്പിക്കുന്ന ചികത്സാ രീതികൾ വിജയം കണ്ടില്ല. അതവളെ കിടക്കയിൽ ബന്ധനത്തിലാക്കി. സന്യാസസഭയിൽ ചേരാനുള്ള അവളുടെ ചിരകാല അഭിലാഷത്തിനു അതു കാർമേഘം വീഴ്ത്തി. അമ്മയാണ് അന്ത്യം വരെ അവളെ വീട്ടിൽ പരിചരിച്ചിരുന്നത്.
കൊടിയ സഹനങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസം അവളെ കൈവിട്ടില്ല. വേദന നിമിത്തം ഉറക്കമൊഴിഞ്ഞ നാളുകൾ അവളുടെ കളി കൂട്ടുകാരിയായി, പക്ഷേ ഈ രാവുകൾ ഈശോയിലേക്കും മറിയത്തിലേക്കും അവളെ കൂടുതൽ അടിപ്പിച്ചു. ജപമാല പ്രാർത്ഥന ഈശോയുടെ ജീവിതത്തെ അടുത്തു കാണാനുള്ള അവസരമായാണു അന്ന കണ്ടിരുന്നത്. വലിയ വേദനകൾ വരുമ്പോൾ ദീർഘമേറിയ പ്രാർത്ഥനകൾ ജപിക്കുവാൻ അവൾക്കു സാധിച്ചിരുന്നില്ല അപ്പോൾ കുരിശു രൂപത്തിലേക്കു നോക്കി ചൊല്ലിയിരുന്ന കൊച്ചു സുകൃതജപ പ്രാർത്ഥനകൾ ആയിരുന്നു അന്നയുടെ ശക്തികേന്ദ്രം . ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയാൽ അവൾ സ്വയം എരിഞ്ഞിരുന്നു. അന്നാ ഷേഫറിനു ഒരു പുരോഹിതൻ അനുദിനവും വിശുദ്ധ കുർബാന കൊണ്ടുവന്നു കൊടുത്തിരുന്നു. അവൾ ഇപ്രകാരം തന്റെ ഡയറിയിൽ കുറിച്ചു :” ഒരോ ദിവ്യകാരുണ്യ സ്വീകരണശേഷവും ഞാൻ എത്ര മാത്രം സന്തോഷവതിയാണന്നു അക്ഷരങ്ങൾ കൊണ്ടു വിവരിക്കാൻ എനിക്കു കഴിയുകയില്ല. അപ്പോൾ ഞാൻ എന്റെ ഈ ഭൂമിയിലെ സഹനങ്ങൾ മറക്കുകയും വലിയ തീക്ഷ്ണതയോടെ എന്റെ പാവപ്പെട്ട ആത്മാവ് ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന എന്റെ ദൈവവും രക്ഷകനുമായ ഈശോയിലേക്കു കൂടുതൽ അടുക്കുകയും ചെയ്യുന്നു.!”
1910 മുതൽ പഞ്ചക്ഷതം അന്നക്കു ഉണ്ടാകാൻ തുടങ്ങി, അതു രഹസ്യമായി സൂക്ഷിക്കാൻ പരിശ്രമിച്ചിരുന്നുവെങ്കിലും, പലപ്പോഴും സാധിച്ചിരുന്നില്ല. നിസ്വാർത്ഥതയും പ്രാർത്ഥനയും അവളുടെ പുണ്യജീവിതത്തിനു കൂടുതൽ തിളക്കമേകി. മറ്റുള്ളവർക്കു കത്തെഴുതുക അവർക്കു വേണ്ടി പ്രാർത്ഥിക്കുക, ജീവിത ക്ലേശങ്ങളുമായി അടുക്കൽ വരുന്നവരെ അവർ അവിശ്വസികൾ ആണങ്കിൽ പോലും അവരെ ശ്രവിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുക ഇതൊക്കെ അന്നയുടെ ദിനചര്യകൾ ആയിരുന്നു
1925ൽ അന്നയുടെ വൻകുടലിനു ക്യാൻസർ സ്ഥിരീകരിച്ചു, തളർവാതം അവളുടെ സുക്ഷ്മന നാഡിയെയും ബാധിച്ചു, സംസാരിക്കുന്നതിലും എഴുതുന്നതിലും ക്ലേശങ്ങൾ ആയി. ഒക്ടോബർ അഞ്ചാം തീയതി വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെ അവൾ പറഞ്ഞു : ഈശോയെ ഞാൻ നിനക്കു വേണ്ടി ജീവിക്കുന്നു” നിമിഷങ്ങൾക്കകം അവൾ മരണമടഞ്ഞു. ഒരു വിശുദ്ധയുടെ കബറടക്ക ശുശ്രൂഷയിലാണ് തങ്ങൾ പങ്കെടുക്കുന്നത് എന്നു അന്നാ ഷേഫറിനെ ഒരിക്കലെങ്കിലും കണ്ടിരുന്നവർക്കു അറിയാമായിരുന്നു.
അന്നയുടെ വിശുദ്ധി കേട്ടറിഞ്ഞവർ ‘അവളുടെ കബറിടത്തിങ്കലേക്ക് ഒഴുകിയെത്തി. 1929 മുതൽ വി. അന്നയുടെ മധ്യസ്ഥതയിൽ നടന്നതായി രേഖപ്പെടുത്തിയ പതിനയ്യായിരത്തിൽ കൂടുതൽ അത്ഭുതങ്ങൾ ഉണ്ട്. 1998 ആയപ്പോഴേക്കും മിൻഡെൽസ്റ്റെറ്റൻ ഇടവകയിൽ തന്നെ അഞ്ഞൂറോളം അത്ഭുഭുതങ്ങൾ നടന്നതായി രേഖങ്ങൾ ഉണ്ട്. 1973 ലാണ് നാമകരണത്തിനുള്ള നടപടികൾ ആരംഭിച്ചത് ഇതിനു വേണ്ടി ഇരുപതിനായിരത്തോളം കത്തുകളും സാക്ഷ്യങ്ങളും പരിശോധിക്കുകയുണ്ടായി. 1999 മാർച്ചുമാസം ഏഴാം തീയതി അന്നാ ഷേഫറെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞു: ” വാ. അന്ന ഷേഫറിന്റെ ജീവിതത്തിലേക്കു നമ്മൾ നോക്കുമ്പോൾ വി. പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ “പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്െറ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.” (റോമാ 5: 5) ഈ വചനത്തിനുള്ള വ്യാഖ്യാനം നമ്മൾ വായിക്കുന്നു. ദൈവഹിതത്തിനു തന്നെത്തന്നെ കീഴടക്കുന്ന സമരത്തിൽ അവൾ തീർച്ചയായും ഉപേക്ഷകാണിച്ചില്ല. സഹനങ്ങളും ബലഹീനതകളും ദൈവം അവന്റെ സുവിശേഷം രചിക്കുന്ന താളുകളായി അവൾ മനസ്സിലാക്കിയിരുന്നു… അവളുടെ രോഗ കിടക്ക ലോകം മുഴുവൻ വ്യാപിക്കുന്ന ശുശ്രൂഷയുടെ പിള്ളത്തൊട്ടിലാക്കി അവൾ മാറ്റി. “
ഭരണങ്ങാനത്തെ വി. അൽഫോൻസായെപ്പോലെ സഹനങ്ങളെ ദൈവസ്നേഹത്തിന്റെ നിറചാർത്തുകളായി സ്വീകരിച്ച ഒരു വലിയ കന്യകയായിരുന്നു വി. അന്നാ ഷേഫർ
 
ഫാ. ജയ്സൺ കുന്നേൽ MCBS
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s