പുലർവെട്ടം

പുലർവെട്ടം 402

{പുലർവെട്ടം 402}
 
നമ്മുടെ വി.ടിയെയും മാൻമാർക്ക്കുടയെയും ഓർമ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങൾ തുന്നുന്ന ഒരു സ്ത്രീയാണ് അവർ. ഇരുപത്തിയൊന്നാം വയസ്സിൽ ആണ് അവൾ ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാൻ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങൾ അവളിൽ സൃഷ്ടിച്ച ഹർഷം വാക്കുകളിൽ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതൽ അവൾ കേൾക്കുന്ന ചമിലിയല്ലെന്നുമുള്ള അറിവ് അവളെ ഒരു മാന്ത്രികലോകത്ത് എത്തിച്ചു. ഒരു ചെറിയ മാറ്റം പോലും എന്തൊരു വ്യത്യാസമാണ് സത്തയിൽ ഉണ്ടാക്കുന്നത്. അതിൽ നിന്നാണ് അക്ഷരങ്ങളുടെ നിത്യോപാസകയായി അവൾ പരിണമിക്കുന്നത്. അഴകോ ധനമോ അക്ഷരത്തിന് സമശീർഷമല്ലെന്ന ബോധത്തിൽ ആ നിമിഷം മുതൽ അവൾ പ്രകാശിച്ചു. അക്ഷരം പഠിക്കുന്നതിനു മുൻപ് തന്റെ ജീവിതം അടുത്തുള്ള ഇന്ദ്രസരോവർ തടാകം പോലെ നിശ്ചലമായിരുന്നു എന്നും ഈ നിമിഷം മുതൽ ജീവിതം അതിന്റെ സമസ്ത നീരൊഴുക്കുകളെയും വീണ്ടെടുക്കുകയാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. തസാർ നദിക്കു മീതേ ഒരു പാലം പണിയുകയായിരുന്നു അവളുടെ മനുഷ്യോന്മുഖമായ ജീവിതത്തിന്റെ ആദ്യത്തെ ചുവട്. മൺസൂൺ കാലങ്ങളിൽ കവിഞ്ഞൊഴുകുന്ന ആ പുഴയ്ക്ക് അപ്പുറമായിരുന്നു ഗ്രാമത്തിന്റെ പ്രാഥമിക വിദ്യാലയം. അങ്ങനെ അക്ഷരസപര്യയിലൂടെയാണ് ഒരു സ്ത്രീ തന്റെ കർമ്മപഥത്തിന്റെ ഓരോരോ ഇടത്താവളങ്ങളിൽ എത്തുന്നത്.
അക്ഷരമാണ് താക്കോൽ. സർവ്വ നിഗൂഢതകളും തുറക്കാൻ കെൽപ്പുള്ള ആ മാന്ത്രിക താക്കോൽ. അതിനെയാണ് തളികയിലെ ഒരുപിടി അരിയിൽ ഇളംകൈകൾ തിരയുന്നത്. ക്ഷരമില്ലാത്ത ഒന്നാണ് ആ പേരിൽ മുഴങ്ങുന്നത് എന്ന് ഇനിയും ആർക്കാണ് അറിയാത്തത്! ഒരേയൊരു പ്രാർത്ഥനയ്ക്കു വേണ്ടി ദൈവം അനുവാദം കൊടുക്കുമ്പോൾ അത് ജ്ഞാനത്തിനുവേണ്ടി ആവണമെന്ന് തിരഞ്ഞെടുപ്പ് നടത്തിയ ഒരാളുണ്ട്. ശലമോൻ പിന്നീട് അഗാധജ്ഞാനത്തിന്റെ മറുപദങ്ങളിലൊന്നായി. ബാക്കിയുള്ളതൊക്കെ വേദപുസ്തകഭാഷയിൽ കൂട്ടിച്ചേർക്കപ്പെടുകയാണ്. പ്രാർത്ഥനകളൊക്കെ ജ്ഞാനത്തിനു വേണ്ടിയുള്ള നിലവിളികളാണ്.
വെളിപാടിന്റെ പുസ്തകത്തിൽ മനുഷ്യജീവിതത്തെ വിചാരണ ചെയ്യുന്ന അദ്ധ്യായത്തിൽ ‘പുസ്തകങ്ങൾ തുറക്കപ്പെട്ടു, കൂടെ ജീവന്റെ പുസ്തകവും’ എന്നൊരു വരിയുണ്ട്. പല രീതിയിൽ ആ പാഠഭാഗം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അതിനെ ഇങ്ങനെ വായിച്ചുകാണുവാൻ ഞാൻ താല്പര്യപ്പെടുന്നു. നമ്മൾ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്ത ഗ്രന്ഥങ്ങൾ എതിർവാദത്തിനായി മുരടനക്കുന്നുണ്ട്. വായിക്കാത്തവ വീട്ടുവളപ്പിൽ നിധിയുണ്ടായിരുന്നിട്ടും ആത്മാവിനെ പട്ടിണിമരണത്തിന് വിട്ടുകൊടുത്തതിന്, വായിച്ചവ അവയുയർത്തിയ ആകാശത്തിലേക്ക് പറന്നുപോകുന്നതിനു പകരമായി പരൽമീനുകളിൽ കുരുങ്ങി ജീവിതത്തെ കനമോ കാമ്പോ ഇല്ലാതാക്കിയതിന്. അതുകൊണ്ടാണ് ‘നീ ഈ പുസ്തകമൊക്കെ വായിക്കുന്നതല്ലേ നിനക്കിതെന്തുപറ്റി’, എന്ന ചോദ്യത്തിൽ കടൽത്തിരയിൽ കട്ടമരം പോലെ ചിലർ നെടുകെ പിളർന്നുപോകുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s