പുലർവെട്ടം

പുലർവെട്ടം 353

{പുലർവെട്ടം 353}

നഷ്ടപ്പെട്ട നീലാംബരി മാധവിക്കുട്ടിയുടെ നല്ലൊരു കഥയാണ്. ‘മഴ’ എന്ന പേരിൽ പിന്നീട് ലെനിൻ രാജേന്ദ്രൻ അതിനെ സിനിമയാക്കി. ആ രാഗത്തിലാണ് നമ്മുടെ ശ്രദ്ധ. പൊതുവേ താരാട്ട് പാടാനുപയോഗിക്കുന്ന രാഗമാണ് നീലാംബരി. നഷ്ടപ്രണയത്തിന്റെ കഥയ്ക്ക് നീലാംബരി എന്ന ശീർഷകം നൽകുന്നതുവഴി താരാട്ട് സ്വച്ഛതയുടെയും അഭയത്തിന്റെയും പര്യായപദമായി മാറുന്നു. അമ്മയുടെ മടിത്തട്ടുമായി ബന്ധിപ്പിക്കുന്ന ഒരോർമ്മ അലയുന്നവരിലെല്ലാം മയങ്ങുന്നു. അങ്ങനെയാണ് Lullaby ഒരു സാന്ത്വനരൂപകമാവുന്നത്. Lull, bye എന്നിവ രാത്രിവിശ്രമത്തിലേക്കുള്ള ക്ഷണമാണ്.

ദേശത്തിന്റെ സാംസ്കാരികഭാവനകൾ കൈമാറുകയായിരുന്നു താരാട്ടുഗീതങ്ങളുടെ പ്രാഥമികധർമ്മം. ഗോത്രജീവിതത്തോളം പഴക്കമുണ്ട് ആ ആലാപനത്തിന്. അയ്യായിരം വർഷം മുമ്പുള്ള ഒരു ബാബിലോൺഗീതമാണ് ഏറ്റവും പുരാതനമായ ലല്ലബികളിലൊന്നായി ഗണിക്കുന്നത്. അതിന്റെ ഏകദേശ വിവർത്തനം ഇങ്ങനെയാണ്:

“ആരാണെന്റെ ഉറക്കം കെടുത്തിയത് കുലദൈവം ആരായുന്നു

ഞങ്ങളുടെ പൈതലാണ് അങ്ങയെ ശല്യപ്പെടുത്തിയത്.

ആരാണ് എന്നെ പേടിപ്പിച്ചത്, കുലദൈവം വീണ്ടും ചോദിക്കുന്നു.

പൈതലാണ് അങ്ങയെ ശല്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തത്.

അവനെ ഇപ്പം ഇങ്ങോട്ട് കൊണ്ടുവാ.”

റിവ്ക ഗാൾചൻ ഈ പുരാതന താരാട്ടിനെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോൾ നടത്തുന്ന നിരീക്ഷണം കൗതുകമുള്ളതാണ്. കുലദൈവത്തെ ഭയപ്പെടുത്തുകയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നത് ഇത്തിരിപ്പോന്ന ആ കുഞ്ഞനാണ്. അവന് ആ ദൈവപ്രതിഷ്ഠയേക്കാൾ ഗൗരവം കല്പിച്ചു കിട്ടുന്നു. ഒറ്റനോട്ടത്തിൽ കുഞ്ഞിനെതിരായ പരാതിയാണെങ്കിലും അവന്റെ വലിപ്പത്തെക്കുറിച്ച് ഒളിപ്പിച്ചുവച്ച ഒരഭിമാനം കുട്ടിപ്പുതപ്പിലൂടെ തലയുയർത്തി നോക്കുന്നുണ്ട്. ഈ വീടിന്റെ പ്രതിഷ്ഠ കുട്ടിയാണെന്നും ബാക്കിയുളളതിനൊക്കെ അതിനെ വലം ചുറ്റേണ്ട ബാധ്യതയുണ്ടെന്നുമാണ് ഓരോ താരാട്ട് ഗീതവും പറയാതെ പറയാൻ ശ്രമിക്കുന്നത്. ആ അർത്ഥത്തിലാണ് ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’ എന്ന കൃത്യമായ പ്രണയഗീതം പോലും ശുദ്ധതാരാട്ടിന്റെ നിഷ്കളങ്കതയിലേക്ക് കരേറ്റപ്പെടുന്നത്.

നിദ്രാഭംഗം സൃഷ്ടിക്കുന്ന ഒന്നും നിലനിൽക്കരുത്, അനുവദിക്കരുത്, ഒരാളും കാരണമാകരുത് എന്നൊരു പ്രാർത്ഥനയാണ് ഏതൊരു താരാട്ടിന്റെയും അടിസ്ഥാനതാളം. താരാട്ട് നേരത്തേ പിറന്ന കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന വ്യത്യാസത്തെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്. അവരുടെ ഹൃദയമിടിപ്പുകളെ ക്രമപ്പെടുത്താനും ശ്വാസഗതിയെ നിലനിർത്താനും ഭക്ഷണക്രമത്തെ മെച്ചപ്പെടുത്താനും തൂക്കം വീണ്ടെടുക്കാനും സഹായിക്കുന്നുണ്ടെന്ന് NICUവിലെ നിരീക്ഷണങ്ങൾ പറയുന്നു.

സൗത്ത് കരോളിനയിൽനിന്നുള്ള തോമസ് കബനിസ് എന്ന സംഗീതജ്ഞൻ രൂപപ്പെടുത്തിയ Lullaby Project എന്നൊരു സമ്പ്രദായമുണ്ട്. കുഞ്ഞുങ്ങളുടെ വരവിനായി കാത്തിരിക്കുന്ന അമ്മയുടെ ആകാംക്ഷകളെ പരിഹരിക്കുവാൻ ഏറ്റവും നല്ല വഴി അവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള താരാട്ട് ഗീതങ്ങൾ ക്രമപ്പെടുത്തുകയാണെന്നയാൾ കരുതി. ചെറിയ അമ്മമാരുടെ ഒത്തുചേരലിൽ സമാനസുഗന്ധം രൂപപ്പെടുത്താൻ അയാൾ ശ്രദ്ധിച്ചു. സ്വന്തം വിഷാദങ്ങൾ പറഞ്ഞുതീർക്കാനുള്ള ഉപാധിയായും താരാട്ടു ഗീതങ്ങൾ പല അമ്മമാർക്കും അനുഭവപ്പെട്ടു. ഈ ചെറിയ കുഞ്ഞാണ് തങ്ങളുടെ ഏകാന്തതയ്ക്കും വിഷാദത്തിനും പരിഹാരമാവാൻ പോകുന്നതെന്ന് അവർ വിചാരിച്ചു. അസാധാരണ സെൻസിറ്റിവിറ്റിയുള്ള കുഞ്ഞിനോട് തങ്ങളുടെ വ്യഥകൾ ഏറ്റുപറയുന്നതിലൂടെ അവർ കുറേക്കൂടി ഭാരരഹിതരായി.

എല്ലാ പാട്ടുകളും താരാട്ടാവുന്ന ഒരു കാലമുണ്ടാവും; എല്ലാ ഭാഷണങ്ങളും സാന്ത്വനമാകുന്ന ഒരു ദിവസം. അപ്പോഴാണ് കടൽത്തിരകളും കാറ്റിലെ വൃക്ഷത്തലപ്പുകളും മനുഷ്യരുടെ ആശ്ളേഷങ്ങളുമൊക്കെ ഒരു പ്രാപഞ്ചികലല്ലബിയുടെ തന്ത്രികളായിരുന്നുവെന്ന് നമുക്ക് വെളിപ്പെട്ടുകിട്ടാൻ പോകുന്നത്. കാറ്റിലും കോളിലും ഒരു വഞ്ചിയുടെ അണിയത്ത് സമാധാനമായി കിടന്നുറങ്ങിയ ഒരാൾ അതിന്റെ സാരം നമ്മളോടു പറഞ്ഞുതന്നെന്നിരിക്കും. പൂച്ചയെ പാടിയുറക്കുന്ന ഒരു കപ്പൂച്ചിൻ സഹോദരന്റെ വീഡിയോയിൽനിന്നാണ് ഈ പുലർവിചാരത്തിന്റെ സ്പാർക്. താഴെ കൊടുത്തിട്ടുണ്ട്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s