Articles

സ്വവര്‍ഗാനുരാഗവും ഫ്രാന്‍സിസ് മാര്‍പാപ്പയും

സ്വവര്‍ഗാനുരാഗവും ഫ്രാന്‍സിസ് മാര്‍പാപ്പയും

∆ എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ് (gay people are children of God)

∆ സ്വവര്‍ഗപ്രണയികള്‍ക്കും ഒരു കുടുംബത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട് (gay people have a right to be part of the family)

∆ സ്വവര്‍ഗബന്ധത്തിന് നിയമപരിരക്ഷ നല്കണം (civil union laws may be made to protect the legal rights of such persons)

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള “ഫ്രാന്‍ചെസ്കോ” എന്ന ഡോക്യുമെന്ററിയില്‍ മാര്‍പാപ്പയുടെ അഭിപ്രായമെന്ന നിലിയില്‍ മാദ്ധ്യമങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രം രചിക്കുന്നുവെന്നാണ് പല മാദ്ധ്യമങ്ങളുടെയും അഭിപ്രായം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാര്‍പാപ്പ എന്താണ് പറഞ്ഞിരിക്കുന്നത് എന്നതിനെക്കുറിച്ച് ഇനിയും വ്യക്തമാകാനുണ്ട്. എങ്കിലും ചില പ്രാഥമികനിരീക്ഷണങ്ങള്‍ ഈ വിഷയത്തില്‍ രേഖപ്പെടുത്തുകയാണ്.

1. എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ് എന്നത് തിരുസ്സഭയുടെ വിശ്വാസത്തിനും പ്രബോധനങ്ങള്‍ക്കും വിരുദ്ധമായ പ്രസ്താവനയല്ല. 1975 ഡിസംബര്‍ 25-ന് വത്തിക്കാന്റെ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച “ലൈംഗികധാര്‍മ്മികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സംബന്ധിച്ച പ്രഖ്യാപന”ത്തില്‍ (Declaration on Certain Questions Concerning Sexual Ethics) ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. സ്വവര്‍ഗ്ഗലൈംഗികതയെ മനസ്സിലാക്കാനുള്ള ഉത്തരവാദിത്വവും സ്വവര്‍ഗ്ഗലൈംഗിക പ്രവര്‍ത്തികളെ വിവേകത്തോടെ വിലയിരുത്തേണ്ടതിന്റെ ആവശ്യകതയും ഈ രേഖ ഊന്നിപ്പറഞ്ഞു. സ്വവര്‍ഗ്ഗലൈംഗികതയുടെ അവസ്ഥ/പ്രേരണ (homosexual condition or tendency) എന്നതും സ്വവര്‍ഗ്ഗലൈംഗിക പ്രവര്‍ത്തികളും (individual homosexual acts) തമ്മിലുള്ള വ്യത്യാസത്തെ രേഖ വിശദമായി തിരിച്ചറിയുന്നുമുണ്ട് (cf. n. 8, $4).

2. 1986 ഒക്ടോബര്‍ 1-ന് വിശ്വാസതിരുസംഘം സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യമുള്ളവരുടെ അജപാലനം സംബന്ധിച്ച് മെത്രാന്മാര്‍ക്കെഴുതിയ കത്തില്‍ (Letter to the Bishops of the Catholic Church on the Pastoral Care of Homosexual Persons) 1975-ലെ മേല്‍പ്പറഞ്ഞ രേഖ ഉദ്ധരിച്ചു കൊണ്ട് എഴുതിയത് സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യങ്ങള്‍ പാപമല്ല എന്നാണ്. അതേസമയം ഈ പ്രവണത അതില്‍ത്തന്നെ അധാര്‍മ്മികമായ തിന്മയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതിനാല്‍ അതിനെ ഒരു ക്രമരാഹിത്യമായിട്ടാണ് കാണേണ്ടത് എന്നും രേഖ പഠിപ്പിച്ചു (3). ചുരുക്കത്തില്‍ സ്വവര്‍ഗ്ഗലൈംഗികതയുടെ ആഭിമുഖ്യങ്ങളെയും പ്രവണതകളെയും പാപമായിട്ടല്ല, മറിച്ച് ഒരു ക്രമരാഹിത്യമായിട്ടാണ് സഭ കാണുന്നത്. ഈ ആഭിമുഖ്യങ്ങളും പ്രവണതകളും സ്വവര്‍ഗ്ഗലൈംഗികതയുടെ പ്രവര്‍ത്തികളായി മാറുമ്പോഴാണ് പാപകരമായിത്തീരുന്നത്. അതിനാല്‍ സ്വാഭാവികലൈംഗികതയുടെ ഉപയോഗത്തിലെന്ന പോലെ തന്നെ സ്വവര്‍ഗ്ഗലൈംഗികതയുടെ ആഭിമുഖ്യമുള്ളവരും ക്രമരഹിതമായ ലൈംഗികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ ശുദ്ധത എന്ന പുണ്യം സംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ക്രമരഹിതമായ സ്വവര്‍ഗ്ഗലൈംഗികത ഉണ്ട് എന്നതുകൊണ്ട് ആരും ദൈവത്തിന്റെ മക്കളല്ലാതാകുന്നില്ല, പാപികളുമാകുന്നില്ല എന്നു തന്നെയാണ് സഭ പഠിപ്പിക്കുന്നത്.

3. സ്വവര്‍ഗ്ഗ ലൈംഗികതയുടെ ആഭിമുഖ്യമുള്ളവര്‍ക്കും ഒരു കുടുംബത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട് എന്നതും സത്യമാണ് സഭ അംഗീകരിക്കുന്നതുമാണ്. സ്വവര്‍ഗ്ഗലൈംഗികതയുടെ ആഭിമുഖ്യമുള്ളവര്‍ അത്തരം ലൈംഗിക പ്രവണതകളെ അതിജീവിച്ച് സ്വാഭാവികമായ സ്ത്രീ-പുരുഷ ബന്ധത്തിന് രൂപം നല്കാന്‍ പരിശ്രമിക്കണം. എന്നാല്‍ ഇത് എല്ലാവര്‍ക്കും സാധിച്ചുകൊള്ളണം എന്ന് നിര്‍ബന്ധമില്ല. എങ്കിലും കുടുംബത്തിന്റെ ഭാഗമാകാനുള്ള അവകാശം അവരില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടെ കുടുംബം (family) എന്നത് തിരുസ്സഭ എങ്ങനെ നിര്‍വ്വചിക്കുന്നു എന്നത് പ്രധാനമാണ്. സ്വവര്‍ഗ്ഗബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കുടുംബമായി നിര്‍വ്വചിക്കാനും മനസ്സിലാക്കാനും സാധിക്കുകയില്ല. ഒരു സ്ത്രീക്കും പുരുഷനും മാത്രമേ കുടുംബം (family) രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

4. സ്വവര്‍ഗ്ഗബന്ധത്തിന് നിയമപരിരക്ഷ നല്കണമെന്ന് മാർപാപ്പ പറഞ്ഞതാണ് വാര്‍ത്തകളിൽ ഏറെ വിവാദമായിരിക്കുന്ന പ്രസ്താവന. ഇവിടെ ചില കാര്യങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതുണ്ട്. മാര്‍പാപ്പ ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഏത് അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത് എന്നതെല്ലാം ഇനിയും വ്യക്തമാകേണ്ട കാര്യങ്ങളാണ്. എങ്കിലും ഇവിടെ മാര്‍പാപ്പ ഇത്തരത്തിലുള്ള ലൈംഗികാഭിമുഖ്യമുള്ള വ്യക്തികളോടുള്ള അജപാലനപരമായ ഒരു കരുതലാണ് പ്രകടിപ്പിച്ചത് എന്നു വേണമെങ്കില്‍ മനസ്സിലാക്കാം. സഭയുടെ ധാര്‍മ്മികനിയമങ്ങള്‍ സ്വവര്‍ഗ്ഗബന്ധങ്ങളെ അംഗീകരിക്കുന്നില്ലായെങ്കിലും അത്തരം ബന്ധങ്ങള്‍ ധാരാളമായി നിലവിലിരിക്കുന്നു എന്ന സത്യത്തെ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കുകയില്ല. വ്യക്തികളുടെ ബോധപൂര്‍വ്വകമായ തിരഞ്ഞെടുപ്പുകള്‍ എന്നതിനേക്കാള്‍ ശക്തമായ സ്വവര്‍ഗ്ഗ ലൈംഗികാഭിമുഖ്യങ്ങളാണ് ഇത്തരം ബന്ധങ്ങളിലേക്ക് അവരെ നയിക്കുന്നത്. അതിനാല്‍ത്തന്നെ നിഷേധിക്കാനാവാത്ത ജൈവധാര്‍മ്മികതയുടെ ക്രമരഹിതമായ പ്രകൃതത്തെ അംഗീകരിക്കുന്നുവെന്നതിനാല്‍ അവരുടെ അത്തരത്തിലുള്ള ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്കണമെന്ന് കത്തോലിക്കാസഭക്ക് പറയാന്‍ കഴിയുമോ? സഭയുടെ ഔദ്യോഗികഉത്തരത്തിനായി നാം കാത്തിരിക്കണം.

5. മാര്‍പാപ്പ പറഞ്ഞതായി മലയാളവാര്‍ത്തകളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശരിയല്ല. സ്വവര്‍ഗ്ഗബന്ധത്തിലായിരിക്കുന്നവരുടെ കൂടിച്ചേരലിനെ വിവാഹം (marriage) എന്നല്ല, മറിച്ച് ഒരു സിവില്‍ ബന്ധം (civil union) എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചിരിക്കുന്നത്. കത്തോലിക്കാസഭയുടെ ധാര്‍മ്മികാഴ്ചപ്പാടില്‍ ഇത്തരം സിവില്‍ ബന്ധങ്ങള്‍ പാപകരമാണ്. മാര്‍പാപ്പ അവരുടെ ബന്ധത്തെ വിവാഹമെന്ന് വിശേഷിപ്പിക്കുകയോ അതിന് ഏതെങ്കിലും തരത്തിലുള്ള സാധൂകരണങ്ങള്‍ നല്കുകയോ ചെയ്തിട്ടില്ല. മറിച്ച് സ്വവര്‍ഗ്ഗാനുരാഗികളുടെ സിവില്‍ ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് (വാര്‍ത്ത ശരിയാണെങ്കില്‍) ചെയ്തിട്ടുള്ളത്.

സമാപനം

സ്വവര്‍ഗ്ഗലൈംഗികത ഒരു വ്യക്തിയുടെ സ്വതന്ത്ര ഇച്ഛയുടെ തിരഞ്ഞെടുപ്പല്ല എന്ന് ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തില്‍ തിരുസ്സഭ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരം ആഭിമുഖ്യങ്ങളോടെ ജനിക്കുന്നവരോട് കരുണയും വിവേകപൂര്‍ണമായ കരുതലും പ്രദര്‍ശിപ്പിക്കാന്‍ സഭ ശ്രദ്ധിക്കുന്നു. സ്വവര്‍ഗ്ഗവിവാഹത്തെ കത്തോലിക്കാധാര്‍മ്മികത അംഗീകരിക്കുന്നില്ലായെന്ന് മാത്രമല്ല, പാപകരമായി കാണുകയും ചെയ്യുന്നു. എങ്കിലും ജന്മനായുള്ള അവരുടെ ലൈംഗികാഭിമുഖ്യങ്ങള്‍ രൂപപ്പെടുത്തുന്ന ബന്ധങ്ങളെ – അവയെ വിവാഹമായി പരിഗണിക്കാതെ തന്നെ – അധാര്‍മ്മികമായി നിലനില്‍ക്കുന്ന അവരുടെ സിവില്‍ ബന്ധത്തിലും, അവര്‍ക്ക് അജപാലനശുശ്രൂഷ നല്കാന്‍ സഭയ്ക്ക് കടമയുണ്ട്. കാരണം, നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് മിശിഹാ ലോകത്തിലേക്ക് വന്നത്. എല്ലാവരുടെയും ആത്മരക്ഷക്കുവേണ്ടിയുള്ള പരിശ്രമമാണ് സഭ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

✍️Noble Thomas Parackal

Categories: Articles

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s