മൺമറഞ്ഞ മഹാരഥൻമാർ

Fr Samuel Sankarathil (Muthachan) 1916 – 1994

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

 

Fr Samuel Sankarathil (Muthachan) 1916 - 1994

Fr Samuel Sankarathil (Muthachan) 1916 – 1994

ധീരപ്രേഷിതനായ മിഷണറി

“ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!” 1 കോറിന്തോസ്‌ 9 : 16

വിശുദ്ധ പൗലോസ് ശ്ളീഹായുടെ ക്രിസ്തുസ്നേഹം തുളുമ്പുന്ന ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പാലിച്ച മിഷണറിയാണ് ശങ്കരത്തിലച്ചൻ. അതിനാലാണ് സ്വഗൃഹത്തിൽ നിന്ന് കിലോമീറ്ററുകൾ നടന്ന് കല്ലേലിയിലും ഹിംസ്ര ജീവികൾ പാർക്കുന്ന ഘോരവനത്തിലൂടെ കിലോമീറ്ററുകൾ നടന്ന് കൊക്കാത്തോടും എത്തി ക്രിസ്തുവിനെ പ്രഘോഷിക്കാൻ അച്ചനായത്. അതിനാൽതന്നെയാണ് വനത്തിലൂടെയുള്ള യാത്രക്കിടയിൽ ഒരിക്കൽ കാട്ടാനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെട്ടതും മറ്റൊരിക്കൽ കൊക്കാത്തോട് പള്ളിക്ക് വലത്തുവെച്ച് പള്ളിയുടെ മുമ്പിൽ ആന മുട്ടുകുത്തി നിന്നതും ദൈവപരിപാലനയുടെ നിമിഷങ്ങളായി അച്ചൻ പിന്നീട് പങ്കുവെക്കുന്നതും.

ചെങ്ങറ, പൊന്നമ്പ്, പുതുക്കുളം എന്നീ 3 പള്ളികൾ ആരംഭിച്ച ഈ ധീരമിഷണറി ശങ്കരത്തില്‍ തോമസ്-ശോശാമ്മ ദമ്പതികളുടെ കടിഞ്ഞൂൽ പുത്രനായി 1916 ഡിസംബർ 13ന് ജനിച്ചു, മാമോദീസായിൽ സാമുവേൽ എന്ന് പേർ നൽകിയെങ്കിലും വീട്ടിലെ ആദ്യ ആൺമകൻ ‘മുത്ത് ‘ എന്ന ഓമനപ്പേരിലാണ് വിളിക്കപ്പെട്ടത്. (മുത്ത് വൈദീകനായപ്പോൾ ആളുകൾക്ക് മുത്തച്ചനായി). വെട്ടൂര്‍ പ്രൈമറി സ്കൂളിലും പത്തനംതിട്ട ഗവണ്‍മെന്റ്‌ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടർന്ന് ട്രെയിനിങ്ങ് പരീക്ഷ പാസായ ഉടനെ കിഴക്കുപുറം പ്രൈമറി സ്കൂളില്‍ അധ്യാപകനായി. പിന്നീട് ആ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അങ്ങനെ ഗവൺമെന്റ് സ്കൂൾ അധ്യാപകനായി തീരുകയും ചെയ്തു. 16ാമത്തെ വയസ്സില്‍ അധ്യാപകനായി തീര്‍ന്ന അദ്ദേഹം 16 വര്‍ഷം തന്റെ അധ്യാപനവൃത്തി തുടർന്നു.

വിശുദ്ധ കുര്‍ബാനയില്‍ അള്‍ത്താര ശുശ്രൂഷിയായി സംബന്ധിച്ചിരുന്ന സാമുവേലിന്
വൈദികന്‍ ആകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. മകന്റെ ആഗ്രഹമറിഞ്ഞ പിതാവായ തോമസ് ഇടവക മെത്രാപ്പോലീത്തയെ കാര്യങ്ങളറിയിച്ചു. കിഴക്കുപുറം ഗവ. സ്കൂളില്‍ നിന്നും അവധി എടുത്ത് അച്ചൻ സെമിനാരി പഠനത്തിനായി ഓമല്ലൂര്‍ മഞ്ഞനിക്കര ദയറായിൽ ചേർന്നു. വന്ദ്യ അബ്ദുൾ ആഹാദ് അച്ചന്റെ (യാക്കോബായ പാത്രിയർക്കീസ് യാക്കൂബ് മൂന്നാമൻ) കീഴിലായിരുന്നു പരിശീലനം.
കോട്ടയം ഭദ്രാസനത്തില്‍പെട്ട കാരിക്കാമറ്റം പള്ളിയില്‍ വെച്ച് മിഖായേല്‍ മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയിൽ നിന്ന് 1949 ജൂൺ 2ന് വൈദീക പട്ടമേറ്റു. തുടര്‍ന്ന് വടക്കുപുറം, കോന്നി (ആമക്കുന്ന്), കിഴവള്ളൂര്‍ എന്നീ യാക്കോബായ പള്ളികളുടെ വികാരിയായി സ്ഥാനമേറ്റു. ഒപ്പം അധ്യാപക ജോലിയിലും വ്യാപൃതനായി. നാട്ടുനടപ്പ് അനുസരിച്ച് വൈദീകനാകും മുമ്പ് മുളക്കുഴ പാങ്കാവിൽ ഏലിയാമ്മയെ 1948 നവംബർ 28ന് വിവാഹം കഴിച്ചു.

അച്ചന്റെ പിതൃസഹോദരനായ ശങ്കരത്തില്‍ ജോൺ മത്തായിസാർ 1935ല്‍ തന്നെ കുടുംബസമേതം കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടിരുന്നു. അദ്ദേഹം കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾ അച്ചന് വായിക്കാൻ കൊടുത്തിരുന്നു. അവയെല്ലാം വായിച്ചപ്പോൾ കത്തോലിക്കാ സഭയെപ്പറ്റി പല പുതിയ അറിവുകളും അച്ചന് കിട്ടി. തുടർന്ന് അച്ചൻ കത്തോലിക്കാ സഭയെപ്പറ്റി കൂടുതൽ ആഴത്തില്‍ പഠിക്കുകയും സഭയെപ്പറ്റി ഉണ്ടായിരുന്ന അച്ചന്റെ പല ധാരണകളും തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. പുനരൈക്യപ്രവർത്തനങ്ങൾ, ജീവിതയാത്ര എന്നീ പുസ്തകങ്ങളിൽ വളരെ വിശദമായി കത്തോലിക്കാ പുനരൈക്യത്തിലേക്ക് നയിച്ച തന്റെ പഠനങ്ങളെക്കുറിച്ചു അച്ചൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മലങ്കര കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുന്നതിനാഗ്രഹിച്ച അച്ചൻ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1951 മാർച്ച് 8ന് തിരുവനന്തപുരത്ത് പോയി ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെ അടുക്കല്‍ തന്റെ ആഗ്രഹമറിയിച്ചു. കത്തോലിക്കാ സഭയിലേക്ക് ചേര്‍ന്നാല്‍ അച്ചന്റെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നും കുർബാന ധർമ്മം കൊണ്ടു മാത്രം കുടുംബം സംരക്ഷിക്കാൻ പ്രയാസപ്പെടുമെന്നും ബന്ധുക്കളില്‍ നിന്നും ഇടവക ജനങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും അതിനാൽ അച്ചൻ നല്ലതുപോലെ ചിന്തിച്ചിട്ട് തീരുമാനം എടുത്താൽ മതിയെന്നും ഈവാനിയോസ് പിതാവ് അച്ചനെ ബോധ്യപ്പെടുത്തി. ഇതുകേട്ട് അച്ചൻ സുസ്മേരവദനനായി വന്ദ്യ പിതാവിനോട് ഇപ്രകാരം പറഞ്ഞു : “വന്ദ്യ പിതാവേ, എന്റെ മനസ്സാക്ഷിയുടെ ഏക പ്രേരണയാലാണ് ഞാൻ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുവാൻ തീരുമാനിച്ചത്‌. ലോകത്തുള്ള എന്തിനെക്കാളും വലുത് എന്റെ ആത്മരക്ഷയാണ്. കത്തോലിക്കാ സഭയ്ക്ക് വേണ്ടി ഒരു ഭിക്ഷക്കാരനായി ജീവിക്കേണ്ടി വന്നാൽ അതെനിക്ക് ഏറ്റവും സന്തോഷം ആയിരിക്കും”. ഇതുകേട്ട വന്ദ്യ പിതാവ് അത്യന്തം സന്തോഷിക്കുകയും 1951 മാർച്ച് 9ന് പട്ടം അരമനയില്‍ വച്ച് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 18 ദിവസം തന്റെ ഒപ്പം താമസിപ്പിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസം, നിയമസംഹിത മുതലായവ പഠിപ്പിക്കുകയും മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന ചൊല്ലുവാനുള്ള അനുവാദം കൊടുക്കുകയും ചെയ്തു. തിരിച്ച് നാട്ടിലേക്ക് ചെന്ന അച്ചന് പിതാവ് സൂചിപ്പിച്ചതുപോലെ കഠിനമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. മാതാപിതാക്കളും ബന്ധുക്കളും അകന്നു. ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്ക് കുടുംബാംഗങ്ങൾ കൊണ്ടുപോയി. മലങ്കര സഭാംഗമായതിനെത്തുടർന്ന് തന്റെ അധ്യാപക ജോലി രാജിവെച്ചു.

1951 ഏപ്രിൽ മാസത്തിൽ തന്നെ മാർ ഈവാനിയോസ് പിതാവ് അച്ചനെ വടക്കുപുറം, ആഞ്ഞിലികുന്ന് പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായി നിയമിച്ചു, പിന്നീട് വികാരിയുമായി. തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണം ആരംഭിച്ച അച്ചൻ അനേകം കുടുംബങ്ങളെ ഇടവകയിലേക്ക് ചേർത്തു. ഇതുമൂലം ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അച്ചൻ ഒട്ടും അധൈര്യപ്പെടാതെ തന്റെ പ്രവര്‍ത്തനം തുടർന്നു. 1951 മുതൽ 1970 വരെ ദീർഘമായ 19 വർഷം വടക്കുപുറം പള്ളിയിൽ വികാരിയായിരുന്നു. 30 കുടുംബങ്ങളെ അച്ചൻ സഭയിലേക്ക് ചേർക്കുകയുണ്ടായി. ഈ കാലത്ത് തന്നെ കോന്നിത്താഴം പള്ളിയിലും കിഴവള്ളൂർ പള്ളിയിലും നിരവധി കുടുംബങ്ങൾ അച്ചന്റെ പ്രവർത്തനങ്ങളാൽ സഭാംഗങ്ങളായി.

മുത്തച്ചൻ ആദ്യമായി സ്ഥാപിച്ച പള്ളിയാണ് ചെങ്ങറ മലങ്കര കത്തോലിക്കാ പള്ളി. 1952ലാണ് പള്ളി സ്ഥാപിച്ചത്. വലിയ എതിർപ്പുകളും പ്രതിസന്ധികളും പോലീസ് കേസും കോടതി വ്യവഹാരങ്ങളുമൊക്കെയായി അച്ചന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ പലരും പലവുരു ശ്രമിച്ചെങ്കിലും അതിനെയെല്ലാം ക്രിസ്തുസ്നേഹത്തിൽ അതിജീവിക്കാൻ അച്ചനായി. പള്ളി തുടങ്ങുമ്പോൾ ഒരൊറ്റ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ പിന്നീട് 50 കുടുംബങ്ങളെ കൂടി അച്ചൻ ആ പള്ളിയില്‍ ചേര്‍ത്തു. 1962 വരെ 10 വര്‍ഷം അച്ചൻ അവിടെ വികാരിയായിരുന്നു.

വി.ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ട് പൊന്നമ്പ് പള്ളി അച്ചൻ സ്ഥാപിച്ചു. 1956 മുതൽ 1986 വരെ ദീർഘമായ 30 വർഷം വികാരിയായിരുന്നു. അമ്പതിൽ അധികം കുടുംബങ്ങൾ ഇന്നവിടെയുണ്ട്.

1933ൽ കല്ലേലി പള്ളി സ്ഥാപിതമായെങ്കിലും വിശ്വാസികളുടെ എണ്ണം തുലോം കുറവായിരുന്നു. വിവിധ പ്രതിസന്ധികൾക്കിടയിലും അമ്പതിൽ അധികം കുടുംബങ്ങളെ സഭയിലേക്ക് ചേർക്കാനായി. 1956 മുതൽ 1963 വരെ അവിടെ വികാരിയായിരുന്നു. കല്ലേലിതോട്ടത്തിന് ഉള്ളിലുള്ള എക്യൂമെനിക്കൽ പള്ളിയിലും ഈ കാലയളവിൽ ശുശ്രൂഷ ചെയ്തു.

1961 ലാണ്പുതുക്കുളം പള്ളി അച്ചൻ സ്ഥാപിച്ചത്. നിരവധി വൈഷമ്യങ്ങൾക്ക് നടുവിലും തോട്ടംതൊഴിലാളികളായ അനവധിയാളുകൾ വിശ്വാസം സ്വീകരിച്ചു.

1975 നവംബർ 14ന് കൊക്കാത്തോട് പള്ളിയുടെ ചുമതലയേറ്റു. 1986 വരെ 11 വർഷം അവിടെ വികാരിയായിരുന്നു. വെള്ളിയാഴ്ച്ച വീട്ടിൽ നിന്നിറങ്ങി നടന്ന് കോന്നി വഴി കല്ലേലിയിൽ പോയി വിശ്രമിച്ച് 10 മൈലിലധികം കൊടുംവനത്തിലൂടെ ഏകനായി നടന്നാണ് പോയിരുന്നത്. 65ൽ അധികം കുടുംബങ്ങളെ ഇടവകയിൽ ചേർക്കുവാനും വിശ്വാസത്തിൽ സ്ഥിരപ്പെടുത്താനും ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്തി സഹായിക്കാനും അച്ചനായി.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവരേയും തുല്യരായി കാണാനുള്ള കഴിവ് അച്ചനുണ്ടായിരുന്നു. സാത്വികനും നിർമ്മമനുമായ മുത്തച്ചന്റെ ജീവിത മുഖമുദ്ര ലാളിത്യമായിരുന്നു. വീട്ടിലെ പരിമിതമായ ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവ മുഴുവൻ പള്ളിക്കും പാവങ്ങൾക്കുമായി ചെലവഴിച്ചിരുന്ന അച്ചൻ തന്റെ മിഷനിലെ അഗതികളെ സഹായിക്കുന്നതിനായി സാമ്പത്തികമായി ഉന്നതിയിലായിരുന്നവരുടെ മുമ്പിൽ കൈ നീട്ടാനും ലജ്ജിച്ചിരുന്നില്ല. ക്രിസ്തുവിനെ പ്രഘോഷിക്കാൻ തമിഴ് ഭാഷ പഠിച്ച ഈ പ്രേഷിതന്റെ മിഷൻ ചൈതന്യം ഇന്നത്തെ മിഷണറിമാർക്ക് പ്രചോദനമാണ്. ചെങ്ങറയിലുള്ള തോട്ടം തൊഴിലാളികളുടെ ഇടയില്‍ സുവിശേഷ വേലക്കായി അച്ചൻ നിത്യസന്ദര്‍ശനം നടത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നും വന്നവരോട് അവരുടെ ഭാഷയിൽ സംസാരിക്കാനും സുവിശേഷം പ്രഘോഷിക്കാനും അച്ചന് സാധിച്ചിരുന്നു. സ്വതവേ ശാന്ത പ്രകൃതനായിരുന്നെങ്കിലും സഭയുടെമേല്‍ അനാവശ്യമായ ആക്ഷേപങ്ങള്‍ ഉയർത്തുന്നവരോട് അച്ചൻ ശക്തമായി പ്രതികരിച്ചിരുന്നു. തീക്ഷ്ണമതിയായ ഈ മിഷണറി നിരവധി പുസ്തകങ്ങൾ എഴുതുന്നതിനും സമയം കണ്ടെത്തി. വി.തോമസ് മൂറിനെക്കുറിച്ച് എഴുതിയ വിശ്വാസ വീരൻ, ശങ്കരത്തിൽ കുടുംബ ചരിത്രം, കേരള കത്തോലിക്കർ, ജീവിതയാത്ര, കത്തോലിക്കാ വൈദീകൻ കുടുംബജീവിതത്തിൽ എന്നിങ്ങനെ 16 പുസ്തകങ്ങൾ അച്ചൻ രചിച്ചിട്ടുണ്ട്. ചെറുപ്പത്തിലെ അദ്ധ്യാപകനായതിനാൽ ഏതു കാര്യവും അടുക്കും ചിട്ടയോടെയും നിർവ്വഹിക്കുവാൻ അച്ചന് സാധിച്ചിരുന്നു. വടിവൊത്ത കൈയക്ഷരത്തിൽ ദേവാലയ രജിസ്റ്ററുകൾ എല്ലാം എഴുതി കൃത്യമായി സൂക്ഷിച്ചിരുന്നു.

തന്റെ നാഥനായ ക്രിസ്തുവിന് ആലയം പണിയുന്നതിൽ ബദ്ധശ്രദ്ധനായിരുന ഈ മിഷണറി തനിക്കായി നല്ല ഒരു വീട് വെക്കുന്നതിന് താല്‍പര്യം കാണിച്ചില്ല. അച്ചന്റെ പിതാവ് കൊടുത്ത വസ്തുവില്‍ ഉണ്ടായിരുന്ന പഴയ വീട്ടില്‍ തന്നെയാണ് ഭാര്യയോടും മറിയാമ്മ, ആലീസ്, ഡെയ്സി എന്നീ 3 പെൺ മക്കളോടുമൊപ്പം അച്ചൻ താമസിച്ചിരുന്നത്. കർമ്മോജ്‌ജ്വലനായ ഈ പ്രേഷിതൻ തന്റെ പ്രാർത്ഥനയിലൂടെയും പഠിപ്പിക്കലിലൂടെയും, പുനരൈക്യത്തെ ശക്തമായി എതിർക്കുകയും തന്നെ തള്ളിപ്പറയുകയും ചെയ്ത മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും കത്തോലിക്കാ സഭയിലേക്ക് ചേർത്തു എന്നത് പിൽക്കാല ചരിത്രം. പ്രേഷിത ജീവിതയാത്രയിൽ താങ്ങും തണലുമായിരുന്ന സഹധർമ്മിണി ഏലിയാമ്മയുടെ പൊടുന്നനവെയുണ്ടായ വേർപാട് അച്ചനെ വല്ലാതെ തളർത്തി. 1991 മാർച്ച് 9ന് ഇടവക ഭരണത്തില്‍ നിന്നും അച്ചൻ വിരമിച്ചു. ഇളയ മകളുടെ കുടുംബത്തോടൊപ്പം നാലാഞ്ചിറയിൽ താമസമായി. അച്ചന്റെ പ്രേഷിത ചൈതന്യം അടുത്തറിയാവുന്ന അഭിവന്ദ്യ ഗ്രീഗോറിയോസ് പിതാവ് കണ്ണങ്കോട്, കുഴിഞ്ഞാൻവിള, കുരുവിക്കോണം, ചെല്ലങ്കോണം, മഞ്ഞത്തോപ്പ് തുടങ്ങിയ പള്ളികളില്‍ സുവിശേഷ പ്രവര്‍ത്തനം നടത്താനായി നിയോഗിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 25ൽ പരം ആളുകളെ പള്ളികളിലേക്ക് ചേര്‍ക്കാന്‍ അച്ചന് കഴിഞ്ഞു. 1992 നവംബർ 1 മുതൽ കഴക്കൂട്ടം മലങ്കര കത്തോലിക്കാ പള്ളിയുടെ താല്‍ക്കാലിക ചുമതല ഗ്രിഗോറിയോസ് പിതാവ് അച്ചനെ ഏല്പിച്ചു. ഈ കാലത്താണ് അച്ചനിൽ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്‌. വിദഗ്ധ പരിശോധനയില്‍ അച്ചന് കരള്‍ സംബന്ധമായ രോഗം ആണെന്ന് സ്ഥിരീകരിക്കുകയുണ്ടായി. തുടർന്ന് അച്ചനെ ക്ളർജി ഹോമിലേക്ക് മാറ്റി താമസിപ്പിച്ചു. തന്റെ മരണത്തിനായി ഒരുങ്ങി പാർത്തിരുന്ന ആ ധീര പ്രേഷിതൻ 1994 ജനുവരി 25ന് സുവിശേഷ വേലക്ക് അന്ത്യം കുറിച്ച് നിത്യ സമ്മാനത്തിനായി യാത്രയായി. തൊട്ടടുത്തദിനം തന്നെ അച്ചന്റെ ഭൗതികശരീരം മാതൃഇടവകയായ വടക്കുപുറം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംസ്കരിച്ചു. മക്കളെ 3 പേരെയും അനുഗ്രഹിക്കപ്പെട്ട കത്തോലിക്കാ കുടുംബങ്ങളിലേക്ക് കൈപിടിച്ച് അയക്കുന്നതിന് അച്ചന് സാധിച്ചിരുന്നു. പിതാവിന്റെ സന്മാതൃക പിൻപറ്റി മക്കളും അവരുടെ തലമുറയും ജീവിക്കുന്നു. ധീരനായ ഈ പ്രേഷിതനിലൂടെ ക്രിസ്തുസ്നേഹം അറിഞ്ഞവരുടെയുളളിൽ എരിയുന്ന കനലായി അച്ചൻ ഇന്നും ജീവിക്കുന്നു…

കടപ്പാട് : ഡെയ്സി (മകൾ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s