പുലർവെട്ടം

പുലർവെട്ടം 359

{പുലർവെട്ടം 359}

സൃഷ്ടിപരമായ ചില തിരുത്തലുകളുടെ സുകൃതം നമ്മുടെ ഈ പുലർവിചാരങ്ങൾക്കു ലഭിക്കുന്നുണ്ട്. ‘അധ്യാപകനും ആചാര്യനുമിടയിലെ അകലം ഇതാണ്’ എന്നത് ‘അവർക്കിടയിലെ പൊരുത്തം ഇതാണ്’ എന്ന് അതേ ആശയത്തെ ഭേദപ്പെടുത്തിത്തന്നു പ്രിയപ്പെട്ട ഒരാൾ. കുടിപ്പള്ളിക്കൂടം തൊട്ട് വിപരീതപദങ്ങൾ പഠിച്ചതിന്റെ പ്രശ്നമാണ്; പരസ്പരപൂരകമാകേണ്ട കാര്യങ്ങളെ വിരുദ്ധപാതകളായി തെറ്റിദ്ധരിക്കുന്നു. ഇനിയുള്ള കാലം ഫ്യൂഷനുകളുടേതാണ്. കലയിൽ മാത്രമായി പരിമിതപ്പെടുത്തേണ്ട വിചാരമായി അതിനെ കാണരുത്.

കലർപ്പുകളെ പലപ്പോഴും നമുക്ക് ഭയമാണ്. ഒരിക്കലും ചേരാത്ത കാര്യങ്ങളെന്ന് നിനച്ചുവച്ചവയെ ചേർത്തുവയ്ക്കുന്നതിലൂടെ ഒരു അപകടമുണ്ടായേക്കാമെന്ന് നാം കരുതുന്നു. എന്നാൽ, വിരുദ്ധദിശയിൽ ചരിക്കുന്ന ചില ഘടകങ്ങൾ ഒന്നിച്ചുവരുമ്പോൾ അപരിചിതവും തെല്ലു സങ്കീർണവുമായ ഒരു സൗന്ദര്യാനുഭവമുണ്ടെന്ന് തിരിച്ചറിയുന്ന നേരത്ത് കലയിലെ പുതിയ കാലം പിറക്കുകയാണ്. ലോകസംഗീതത്തിൽ ആ പദം ഉപയോഗിക്കപ്പെട്ടുതുടങ്ങിയത് അറുപതുകളുടെ ആരംഭത്തിലായിരുന്നു . വിവിധ ധാരകളിലുള്ള സംഗീതം ജാസുമായി ഇണക്കിവായിക്കുക എന്ന രീതിയായിരുന്നു ആദ്യത്തേത്. കലയിൽ മാത്രമല്ല ജീവിതത്തിലും അതു ബുദ്ധിപരമായ നിലനില്പിന്റെ രൂപകമായി മാറുന്നുണ്ട്. ‘മാസും ക്ലാസും’ എന്ന് സിനിമയിലും ‘ക്ലാസിക്കൽ – കണ്ടംപററി’ എന്നു നടനത്തിലും ദ്വന്ദങ്ങളായി വേർതിരിക്കപ്പെട്ടവയ്ക്കിടയിൽ ഒരു മെൽറ്റിങ് പോയിന്റ് സാധ്യമാണെന്നതാണ് ഗുണപാഠം. മതിലുകളേക്കുറിച്ചല്ല, പാലങ്ങളേക്കുറിച്ചാണ് അതു പറയാൻ ശ്രമിക്കുന്നത്. ‘ഒരു തടിച്ച് പുസ്തകത്തിനും അതിന്റെ നാലിലൊന്നുവരുന്ന ചെറിയൊരു പുസ്തകത്തിനുമിടയിലെ അതിനെ ചേർത്തുനിർത്തുന്ന വെള്ളത്താളാണ് യേശു’ എന്ന സ്ക്രിപ്ചർഅധ്യാപകന്റെ കൊച്ചുവർത്തമാനമോർക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ഈ പുതിയ ചേർച്ചയിലാണ് പുതിയ ലോകവീക്ഷണമുണ്ടാകുന്നത്. രണ്ടു ക്യുബിക്കിളിലായി വേല ചെയ്തിരുന്നവർ ഒരുമിച്ച് ഇരിക്കുമ്പോൾ പ്രസരിപ്പിക്കുന്നത് രണ്ടാളുടെ ഊർജമല്ല; സിനർജി എന്നു പേരുള്ള പുതിയ ഒരു ഉണർവ് ഉരുവപ്പെടുകയാണ്. അങ്ങനെയാണ് കൊളോണിയൽ കസിൻസ് എന്ന പേര് നമുക്കു കൗതുകകരമാകുന്നത്. തൊണ്ണൂറുകളിൽ ഹരിഹരനും ലെസ്‌ലി ലൂയിസും ചേർന്ന് ആരംഭിച്ച സംഗീതത്തിലെ മിശ്രണങ്ങളുടെ ബാൻഡായിരുന്നു അത്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും പോപ്-റോക്ക് ശൈലികളും സമന്വയിപ്പിച്ച് പുതിയ ശബ്ദസംസ്കാരമുണ്ടായപ്പോൾ ഫ്യൂഷന് കലയുടെ ധർമം മാത്രമല്ല നിർവഹിക്കാനുണ്ടായിരുന്നത്. ആഗോളമായ വേവലാതികളുടേയും സൗഹൃദത്തിന്റേയും ശുശ്രൂഷയുടേയും തലം കൈവരികയായിരുന്നു. വിജാതീയധ്രുവങ്ങൾ ആകർഷിക്കപ്പെട്ടു. ‘കൃഷ്ണാ നീ ബേഗനെ ബാരോ’ എന്ന ഹരിഹരന്റെ ശബ്ദത്തിനു പുറകെ ലോകം മുഴുവൻ പടർന്ന കരുണയുടെ കമ്പളം.

Darkness comin’ ’round

And everybody fighting with their brothers

Everybody wants control

Don’t hesitate to kill one another

So come back as Jesus

Come back and save the world

Bless all the future

Of every boy and girl

Come back as Rama

Forgive us for what we’ve done

Come back as Allah

Come back as anyone

(പാട്ട് താഴെയുണ്ട്)

സംഘർഷങ്ങളല്ല, സമവായങ്ങളുടെ കാലമാണ് വരാനിരിക്കുന്നത്. അതിലേക്കുണരാനാണ് തൈക്കൂടം ബ്രിഡ്ജിലെ ചെറുപ്പക്കാർ പോലും ശീലം കൊണ്ട് ഉറഞ്ഞുപോയ മുതിർന്നവരുടെ ബോധത്തെ തൊട്ടുവിളിക്കുന്നത്. അതിജീവനത്തിന്റെ ആരോഗ്യമന്ത്രം കൂടിയാണത്. ജീവജാലങ്ങളുടെ നിലനിൽപുമായി ബന്ധപ്പെട്ട് ഫ്യൂഷനെ വായിച്ചെടുക്കേണ്ടത് അഡാപ്ഷൻ – adaption – എന്ന പദമുപയോഗിച്ചാണ്. അതിനാകാത്ത ഒരു ജീവനും ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നില്ല എന്നത് ആധുനികതയ്ക്കെതിരെ മുഖം തിരിഞ്ഞുനിൽക്കുന്ന ഏതൊരാൾക്കുമുള്ള മുന്നറിയിപ്പാണ്.

– ബോബി ജോസ് കട്ടികാട്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s