പുലർവെട്ടം

പുലർവെട്ടം 356

{പുലർവെട്ടം 356}

മറ്റേതൊരു സിദ്ധിയിലുമെന്നതുപോലെ ജീവിതാഭിമുഖ്യങ്ങളും ഒരാളുടെ പിറവിയോടൊപ്പം തളിർക്കുന്നതാണെന്നുതന്നെ കരുതണം. ഗൗതമ ബുദ്ധന്റെ ബാല്യത്തിൽ നിന്നൊരു അനുഭവം കാരൻ ആംസ്ട്രോങ് ഓർമിച്ചെടുക്കുന്നുണ്ട്. നിലമുഴുകൽ ഒരാഘോഷം പോലെ ആചരിച്ചിരുന്ന ഒരു കാലം. ആയയുടെ കൈ പിടിച്ച് വയൽവരമ്പിലെത്തിയ കുട്ടി ഒരു മരച്ചുവട്ടിലിരുന്ന് അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ കലപ്പയുടെ താഴെ ഞെരിയുന്ന പുൽനാമ്പുകളേയും സൂക്ഷജീവികളേയും കണ്ട് ഉള്ളിൽ നിലവിളിയുണ്ടായി. ചരമമടഞ്ഞ ഉറ്റവരെ ഓർക്കുന്നതുപോലെ ആ അഗാധദുഃഖത്തിന്റെ നിമിഷത്തിൽ സമാന്തരങ്ങളില്ലാത്ത ഒരു കരുണ ബാലനായ ഗൗതമയുടെ ഹൃദയത്തെ കീഴ്പ്പെടുത്തി. കരുണയിലേക്കുള്ള ഉണർവായിരുന്നു അത്. പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടായതെല്ലാം അതിന്റെ തുടരോളങ്ങളായിരുന്നു.

മുൻപൊരിക്കൽ സൂചിപ്പിച്ചതുപോലെ ഉത്തരക്കടലാസിലെ മാർക്കല്ല ഇന്ന് കുട്ടികളുടെ ബുദ്ധിയുടെ ഏകകമായി ഉപയോഗിക്കപ്പെടുന്നത്. ഏഴോളം സൂചനകളുണ്ട് ബുദ്ധിയുടെ ആ വിശകലനത്തിൽ. അതിൽ ഇമോഷണൽ ഇന്റലിജൻസ് വളരെ ഗൗരവമർഹിക്കുന്നു. ഹിമയുടെ മനസമ്മതത്തിന് പെൺകൂട്ടുരുടെ വശത്തുനിന്ന് ചില കാര്യങ്ങൾ സംസാരിക്കുന്ന നേരത്ത് പറഞ്ഞത് അതു മാത്രമായിരുന്നു; ഇളംപ്രായത്തിലേ പരിചയമുള്ള ഒരു കുഞ്ഞെന്ന നിലയിൽ അതുറപ്പു പറയാനാവും- അവളുടെ വൈകാരികബുദ്ധിയേക്കുറിച്ചുള്ള വ്യക്തിപരമായ മതിപ്പ്. അതവളുടെ കൂട്ടുകാരന് വരുംകാലങ്ങളിൽ വലിയൊരു മൂലധനമായിരിക്കും. സ്വാഭാവികമായും അനുശീലനത്തിന്റെ – nurture – കളരിയിൽ മാത്രമേ ആ ജന്മസിദ്ധി തിടം പ്രാപിക്കുകയുള്ളു. സഹാനുഭൂതിയെ പ്രകാശിപ്പിക്കാൻ സഹായിക്കുകയാണ് കുഞ്ഞുങ്ങളോട് നമുക്കു ചെയ്യാവുന്ന ഏറ്റവും ഉത്കൃഷ്ടമായ കാര്യം. രോഗവും വാർധക്യവും മരണവും കാണാതെ എത്ര കാലം നമ്മുടെ കുഞ്ഞുങ്ങളെ നാം ഒളിച്ചുപിടിക്കും? 29 വയസുവരെ സിദ്ധാർത്ഥനും അങ്ങനെയായിരുന്നു. പിന്നീടാണ് ദൈവങ്ങൾ വിചാരിച്ചത് ഈ വിഡ്ഢികളുടെ സ്വർഗത്തിൽനിന്ന് കുമാരനെ രക്ഷപെടുത്തിയേ പറ്റൂ. വേഷം മാറി ആകാശരൂപികൾ ജീവിതത്തിലെ ദുഃഖങ്ങളായി കുമാരന്റെ വഴികളിൽ പമ്മിനിന്നു. അടിമുടി വിറച്ചുപോയ അയാൾ മാനവദുഃഖങ്ങൾക്ക് എന്തെങ്കിലും ശമനമുണ്ടോയെന്ന് തിരഞ്ഞുതുടങ്ങി.

ഇത്തരം സഹാനുഭൂതികളെ കണ്ടെത്താനും നിലനിർത്താനും ആഴപ്പെടുത്താനും ഓരോ സംസ്കാരങ്ങൾക്കും അവയുടേതായ ചില രീതികളൊക്കെ ഉണ്ടായിരുന്നു. ഗ്രീസിലത് ദുരന്തനാടകങ്ങൾ അരങ്ങേറുകവഴിയായിരുന്നു. ഒരുമിച്ചു കരയാനാണ് അവർ ഈ അവസരത്തെ ഉപയോഗപ്പെടുത്തിയിരുന്നത്. അത്തരം സമൂഹവിലാപങ്ങൾ അവരുടെ ബന്ധത്തെ ദൃഢമാക്കി. അൾത്താരയിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശുരൂപം പോലും എന്തിനാണ്? ഫ്രഞ്ച് തത്ത്വചിന്തകനായ പീറ്റർ ആബെലാർഡ് (1079–1142) നിരീക്ഷിക്കുന്നതുപോലെ, അടുമുടി മുറിവേറ്റൊരു മനുഷ്യനെ ഉറ്റുനോക്കാനുള്ള ക്ഷണമാണത്. അതുവഴിയാണ് സഹജീവികളോടുള്ള അനുഭാവത്തിന്റെ ജാലകങ്ങൾ തുറക്കപ്പെടേണ്ടത്.

കരുണയ്ക്കുവേണ്ടിയുള്ള കരച്ചിലുകളായിരുന്നു ഭൂമിയിലുണ്ടായ മുഴുവൻ പ്രാർത്ഥനകളും. തെറ്റിൽ കുരുക്കപ്പെട്ട സ്ത്രീക്കുവേണ്ടി യേശു നിലത്തെഴുതിക്കൊണ്ടിരുന്ന വാക്ക് അതാണെന്ന് നിരീക്ഷണമുണ്ട്- കരുണ കരുണ കരുണ! ഹെൻറി വാർഡ് ബീച്ചറുടെ വരികൾ പോലെ, compassion will cure more sins than condemnation. മറ്റൊരു ദേശത്തിരുന്ന്, ‘കരുണ ചെയ്‌വാനെന്തു താമസം’ എന്ന് യദുകുലകാംബോജിയിൽ പാടി ചെമ്പൈ വൈദ്യനാഥ ഭാഗവതർ. എല്ലായിടങ്ങളിലും തെരുവോരങ്ങളിലും ആതുരാലയങ്ങളിലും ആരാധനകളിലും പല രാഗത്തിൽ മനുഷ്യരിപ്പോഴും ആലപിക്കുന്നത് അതേ ഗീതം തന്നെ.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s