🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ
Tuesday of week 30 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 105:3-4
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ.
കര്‍ത്താവിനെ അന്വേഷിക്കുകയും ഏറ്റുപറയുകയും ചെയ്യുവിന്‍,
നിരന്തരം അവിടത്തെ മുഖം തേടുവിന്‍.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എഫേ 5:21-33
ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്.
സഹോദരരേ, ക്രിസ്തുവിനോടുള്ള ബഹുമാനത്തെ പ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍. ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം. ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം. അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്. അതുപോലെതന്നെ, ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്. ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്. ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 128:1-2,3,4-5
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെയും.
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.
കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
ലൂക്കാ 13:18-21
കടുകുമണി വളര്‍ന്ന് മരമായി.
അക്കാലത്ത് യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ദൈവരാജ്യം എന്തിനോടു സദൃശമാണ്? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും? അത് ഒരുവന്‍ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശമാണ്. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി. അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്? ഒരു സ്ത്രീ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പുപോലെയാണത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5
അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.
Or:
എഫേ 5:2
ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵