Articles

ദീപിക വരുത്താൻ പത്ത് കാരണങ്ങൾ

എന്തുകൊണ്ട് ദീപിക?
ദീപിക വരുത്താൻ പത്ത് കാരണങ്ങൾ

ഫാ. ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.

തിന്മയ്ക്കെതിരെയും അനീതിക്കെതിരെയും പ്രതികരിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ഈശോമിശിഹാ പ്രധാന പുരോഹിതന്റെ കൊട്ടാരത്തിൽ വെച്ച് “ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കിൽ എന്തിനു നീയെന്നെ അടിക്കുന്നു?” എന്ന് തന്നെ അടിച്ച സേവകനോട് ചോദിക്കുന്നുണ്ട് (യോഹ 18:23).നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതികരണ ശേഷിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. ക്രൈസ്തവരായ നാമൊരു പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ ജീവിക്കുന്നവരാണ്. അതിനാൽ തന്നെ ഈ സമൂഹത്തിൽ നമുക്ക് വലിയൊരു പങ്കു വഹിക്കാനുണ്ട്. ഈ പശ്ചാത്തലത്തിൽ നമ്മുടെ സമൂഹത്തിൽ ഒരു പൊതു പത്രത്തിന്റെ, വിശിഷ്യാ ദീപികയുടെ പ്രസക്തിയെപ്പറ്റി ചിന്തിക്കാം.

1.വ്യാജ വാർത്തകളുടെ പ്രളയത്തിന്റെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇയടുത്ത് പ്രചരിച്ച ഒരു വ്യാജവാർത്ത ഫ്രാൻസിസ് മാർപാപ്പ സ്വവർഗ്ഗ വിവാഹത്തെയും സ്വവർഗ്ഗ കൂടിച്ചേരലിനെയും അനുവദിച്ചു എന്നതാണ്. ആ വ്യാജ വാർത്ത വിശ്വാസികൾ ഉൾപ്പെടെ അനേകർ വിശ്വസിച്ചു. തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാത്ത ഇത്തരം സന്ദർഭങ്ങളിൽ ശരിയായ ദിശ കാണിക്കേണ്ടവരാണ് പത്രങ്ങൾ. ദീപിക ആ ദൗത്യമാണ് ഇന്ന് പൊതുസമൂഹത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

2. ദീപികയെ നാം ഒരിക്കലും ഒരു ക്രൈസ്തവ പത്രം എന്നോ സഭയുടെ പത്രം എന്നോ വിളിക്കരുത്. പൊതുസമൂഹത്തിൽ ഇടപെടലുകൾ നടത്തുന്ന ഒരു പൊതു പത്രം തന്നെയാണ് ദീപിക. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ലോകത്തെ നടുക്കിയ ഒരു വാർത്ത ആയിരുന്നല്ലോ ഫ്രാൻസിൽ ഒരു ഇസ്ലാമിക തീവ്രവാദി ഒരു അധ്യാപകന്റെ കഴുത്തറുത്ത് കൊന്ന വാർത്ത. ലോകമെങ്ങും പ്രചരിച്ച ആ വാർത്ത കേരളത്തിലെ പല പത്രങ്ങളും റിപ്പോർട്ട് ചെയ്തത് വിചിത്രമായ രീതിയിൽ ആയിരുന്നു. തീരെ അപ്രധാനമായ ചെറിയ വാർത്തയായിട്ടായിരുന്നു മന:സാക്ഷിയെ നടുക്കിയ ഈ വാർത്തയോടുള്ള പല പ്രശസ്ത പത്രങ്ങളുടെയും പ്രതികരണം. ദീപികയിലാണ് അത് ഒന്നാം പേജിൽ പ്രധാനപ്പെട്ട ഒരു വാർത്തയായി വന്നത്. ഇപ്രകാരം നന്മതിന്മകളെ വിവേചിച്ചറിഞ്ഞുള്ള മനസ്സാക്ഷി രൂപീകരണം ഒരു പത്രത്തിന്റെ പ്രധാനപ്പെട്ട ധർമ്മമാണ്.

3. ഇന്ന് പല പത്രങ്ങളും ശവം കാണുമ്പോൾ ഓടിവരുന്ന കഴുകന്മാരെ പോലെയാണ്. അവർ വാർത്തകൾ റിപ്പോർട്ട് ചെയ്യുക മാത്രം ചെയ്യുന്നു. എന്നാൽ അതിനെക്കുറിച്ചുള്ള വിശകലനങ്ങളും ഫീച്ചറുകളും നൽകാൻ അവർ തയ്യാറാകുന്നില്ല. ഉദാഹരണമായി ഇന്ന് മലയോരമേഖലയിലെ കർഷകർ നേരിടുന്ന ബഫർസോൺ വിഷയം, വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾ… തുടങ്ങിയ വിഷയങ്ങളിൽ നിരന്തരമായി എഡിറ്റോറിയലുകളും ഫീച്ചറുകളും നൽകിക്കൊണ്ട് കർഷകരുടെ ദുരിതങ്ങൾ ഭരണകൂടത്തെ ഓർമിപ്പിച്ചത് ദീപിക ആയിരുന്നു. ആരെല്ലാം ദീപികയെ മറന്നാലും കർഷകർ ഇക്കാര്യങ്ങൾ മറക്കാൻ പാടില്ല.

4. നിയമസഭയിൽ പലപ്പോഴും മന്ത്രിമാരും എംഎൽഎമാരും സംസാരിക്കുന്നത് ദീപികയിലെ വാർത്തകളുടെ അടിസ്ഥാനത്തിലാണ്. ഈ പത്രത്തിന്റെ ശക്തിയാണ് വാസ്തവത്തിൽ നാമിവിടെ കാണുന്നത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ മുമ്പിൽ എത്തിക്കുക എന്നത് തന്നെയാണ് ദീപികയുടെ ദൗത്യം.

5. നാം ഇന്ന് നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടത് മാധ്യമങ്ങളുടെ ധർമ്മമാണ്. എന്നാൽ വാസ്തവത്തിൽ അവർ അത് ചെയ്യുന്നുണ്ടോ? ചില നിക്ഷിപ്ത താൽപര്യങ്ങളുടെ കുഴലൂത്തുകാർ ആയി ഇന്ന് പല പത്രങ്ങളും മാധ്യമങ്ങളും മാറിയിരിക്കുന്നു എന്നതാണ് ദയനീയകരമായ വസ്തുത. നിരവധിയായ കർഷക പ്രശ്നങ്ങൾ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്, സ്പെഷ്യൽ സ്കൂളിലെ അധ്യാപകരോട് ന്യായമായ വേതനത്തിൽ കാണിക്കുന്ന വിവേചനം… തുടങ്ങി സമൂഹവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങളുണ്ട്.

ഇപ്പോൾ മുന്നോക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനെതിരെ കേരളത്തിലെ ചില പ്രബല രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ നമുക്ക് പ്രതികരിക്കേണ്ടേ? വേണം എന്നാണുത്തരമെങ്കിൽ നാം ദീപിക വരുത്തേണ്ടതുണ്ട്. വേണ്ട എന്നാണ് ഉത്തരമെങ്കിൽ നമുക്ക് ദീപികയെയും നമ്മുടെ സമൂഹത്തെയും അവഗണിക്കാം.

6. ഇന്ന് മാധ്യമങ്ങൾ പല വാർത്തകളും മൂടിവയ്ക്കുന്നു എന്നത് ഏറെ ദയനീയമാണ്. ഉദാഹരണമായി ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ ചക്രവർത്തി പണികഴിപ്പിച്ച മനോഹരമായ കോൺസ്റ്റാന്റിനോപ്പിളിലെ ‘ഹഗിയ സോഫിയ’ എന്ന ക്രൈസ്തവ ദൈവാലയത്തെ പതിനഞ്ചാം നൂറ്റാണ്ടിൽ ആധിപത്യം സ്ഥാപിച്ച ഒട്ടോമൻ തുർക്കികൾ ഒരു മുസ്ലിം പള്ളി ആക്കിമാറ്റി. പിന്നീട് 1935 ൽ തുർക്കി ഗവൺമെന്റ് അതിനെ ഒരു മ്യൂസിയമാക്കി മാറ്റി. എന്നാൽ മൂന്ന് മാസങ്ങൾക്കു മുമ്പ് ഇപ്പോഴത്തെ തുർക്കിപ്രസിഡന്റ് എർദോഗൻ അതിനെ വീണ്ടും ഒരു മുസ്ലിംപള്ളി ആക്കി മാറ്റി. ഈ സംഭവം റിപ്പോർട്ട് ചെയ്ത കേരളത്തിലെ പല മാധ്യമങ്ങളും ‘ഹഗിയ സോഫിയ’ ഒരു ക്രൈസ്തവ ദൈവാലയം ആയിരുന്നു എന്ന വസ്തുത ബോധപൂർവം മറച്ചു വെച്ചു. ആയിരം വർഷത്തോളം ഒരു ക്രൈസ്തവ ദൈവാലയം ആയിരുന്ന നിർമ്മിതിയോടാണ് ചില പത്രങ്ങളും മാധ്യമങ്ങളും ഈ ചതി ചെയ്തത് എന്ന് നാം ഓർക്കണം! ദീപിക മാത്രമാണ് ഇതൊരു ക്രൈസ്തവ ദൈവാലയം ആയിരുന്നു എന്ന കാര്യം പ്രധാനമായും റിപ്പോർട്ട് ചെയ്തത്. വാസ്തവത്തിൽ നമ്മുടെ പുതുതലമുറയ്ക്ക് ഈ ചരിത്രം അറിയുമോ? നാമോരോരുത്തരും നമ്മോട് ചോദിക്കേണ്ട ചോദ്യമാണിത്. ഇതുപോലെതന്നെ ലൗജിഹാദ്,കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മാധ്യമങ്ങൾ മൂടി വെച്ചിട്ടുണ്ട്. ഇന്നും മൂടിവെച്ച് കൊണ്ടിരിക്കുന്നു.

7.നിശബ്ദത ഒരു വഞ്ചനയാണ്. ധാരാളം പത്രങ്ങൾ ഈ വഞ്ചന ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നു. “Delayed justice is denied justice”എന്നാണല്ലോ പറയുന്നത്. ധാർമിക മേഖലയിൽ പ്രത്യേകിച്ച് ഗർഭചിദ്രം, ദയാവധം, മദ്യ- മയക്കു മരുന്നുകൾ തുടങ്ങിയ മേഖലകളിൽ ധാർമിക മനസ്സാക്ഷിയുടെ ശക്തമായ സൂക്ഷിപ്പുകാരിയായി ദീപിക നിലകൊള്ളുന്നു.

8. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദീപികയോടുള്ള അലസതയും നിസംഗതാ മനോഭാവവുമാണ്. ഞാൻ നിലവിൽ വായിച്ചുകൊണ്ടിരിക്കുന്ന പത്രങ്ങൾ എനിക്ക് മാറ്റാൻ സാധിക്കില്ല എന്ന് പറയുന്നത് യാഥാർത്ഥ്യങ്ങളുടെ നേരെയുള്ള കണ്ണടയ്ക്കലാ ണ്. പത്രങ്ങൾ നമ്മുടെ മനസ്സാക്ഷിയെ ഉണർത്തേണ്ടവയാണ്, കേവലം സ്റ്റാറ്റസിന്റെ ഭാഗമായി കാണേണ്ടവയല്ല. ഏറ്റവും പ്രധാനമായി നമ്മുടെ മക്കളുടെ ശരിയായ മനസ്സാക്ഷി രൂപീകരണത്തിന് നല്ല പത്രങ്ങൾ ആവശ്യമാണ്. മലയാളത്തിലെ ആദ്യത്തെ പത്രവും ആദ്യത്തെ ഇന്റർനെറ്റ് പത്രവും ദീപിക ആണെന്ന് നമുക്ക് ഓർക്കാം. കളറോ പേജുകളുടെ എണ്ണമോ അല്ല ഒരു യഥാർത്ഥ പത്രത്തിനു വേണ്ട മാനദണ്ഡം. ദീപികയെ മറ്റു പത്രങ്ങളുമായി നമുക്ക് താരതമ്യം ചെയ്യാനാവില്ല. കേവലം ബിസിനസ് അല്ല, മൂല്യങ്ങളെ വളർത്തുക എന്നതാണ് യഥാർത്ഥ പത്രധർമ്മം.

9. വിശ്വാസജീവിതം കേവലം ഭക്തജീവിതമല്ല എന്ന കാഴ്ചപ്പാട് നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ. നമ്മുടെ ഏറ്റവും വലിയ കടമയാണ് തിന്മകൾക്കെതിരെയും അനീതികൾക്കെതിരെയും പ്രതികരിക്കുക എന്നത്. അതിന് നമ്മുടെ മനസ്സാക്ഷിയെ രൂപീകരിക്കാൻ നല്ല പത്രങ്ങൾ തീർച്ചയായും സഹായിക്കും.

10.നസ്രാണി എന്ന് അഭിമാനിക്കുന്ന പലരും ദീപിക എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരാണ്. ചിലർ ദീപികയുമായി ബന്ധപ്പെട്ട പഴയ കഥകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നവരാണ്. എല്ലാ പത്രത്തിനും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അത് ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോൾ നമ്മുടെ ദൗത്യം നിർവഹിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികൾ മനസ്സിലാക്കി അത് ആവശ്യപ്പെടുന്ന കടമകൾ നിർവഹിക്കാൻ നമുക്ക് സാധിക്കട്ടെ.1887ൽ ദീപിക ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ദിവസം അന്നത്തെ മുഖ ലേഖനത്തിലെ ദീപികയുടെ ദൗത്യത്തെ കുറിച്ചുള്ള വാക്യം ഇപ്രകാരമായിരുന്നു:
“നീയൊരു വിശ്വസ്ത ദൂതികയായി രാജ മന്ദിരങ്ങളിലും മന്ത്രി സത്തമന്മാരുടെ സഭകളിലും ന്യായകർത്താക്കന്മാരുടെ സന്നിധാനത്തിലും പോയി നാട്ടിൽ നടക്കുന്ന അനീതി യായ നടത്തകൾ, പരജന പീഡകൾ, സാധുക്കൾക്ക് ഉള്ള ആവശ്യങ്ങൾ ആദിയായവ അറിയിച്ചു പരജന സങ്കടങ്ങൾക്ക് നിവൃത്തി വരുത്തി സകല ഗുണപ്രദ സുമുഖിയായി വിലസി എങ്ങും സഞ്ചരിച്ച് മംഗല്യമോടെ ചിരഞ്ജീവിയായി വാണു കൊണ്ടിരുന്നാലും “

134 വർഷങ്ങൾക്കുമുമ്പ് കുറിച്ച് വെയ്ക്കപ്പെട്ട ഈ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്.

ഫാ. ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.

Categories: Articles

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s