പുലർവെട്ടം 404

{പുലർവെട്ടം 404}
 
പഴങ്കഥയാണ്. തന്റെ കുഞ്ഞിനുവേണ്ടി ഭിക്ഷാടനത്തിൽ ഏർപ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ മുൻപിൽ ഒരു അത്ഭുതഗുഹ തുറന്നുകിട്ടി. അതിനകത്തുള്ള വിലപിടിച്ചതെല്ലാം അവൾക്കു സ്വന്തമാക്കാമായിരുന്നു, ഒരു ബർസറിന്റെ വിളി മുഴങ്ങുവോളം. അതിനു ശേഷം വാതിലടയും, എന്നേക്കുമായി. നിങ്ങൾ ഊഹിച്ചതു ശരിയാണ്, മണി മുഴങ്ങുന്നു, വില മതിക്കാനാവാത്ത വിഭവങ്ങളുടെ ശേഖരവുമായി അവൾ പുറത്തുകടക്കുന്നു, വാതിൽ അടയുന്നു. ഒരു നടുക്കത്തോടെ കുഞ്ഞ് അകത്താണെന്ന് തിരിച്ചറിയുന്നു. ജീവിതത്തിന്റെ മൂല്യമുള്ളതെല്ലാം വിരലിനിടയിലൂടെ വഴുതിപ്പോയി എന്നറിയുമ്പോഴേക്കും point of no return-ൽ എത്തിയിട്ടുണ്ടാവണം.
പ്രശ്നം മുൻഗണനകളെ നിശ്ചയിക്കുന്നിടത്താണ്. എന്തിന്റേയും നല്ല അംശം കണ്ടെത്തുക എന്നാണ് അതിനു യേശുഭാഷ്യം. തന്റെ കാല്പാദങ്ങളിൽ ഏകാഗ്രമായി ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ആകുലചിത്തയായ, അതുകൊണ്ടുതന്നെ പരാതിപ്പെട്ടിയായി മാറുകയും ചെയ്ത, ഒരു സ്ത്രീയോട് യേശു അതു പറഞ്ഞ് വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ട്: “മാർത്ത മാർത്ത, നീ ഒത്തിരി കാര്യങ്ങളേക്കുറിച്ച് ആകുലപ്പെടുന്നു. ഒരേയൊരു കാര്യം മതി. മേരി ആ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു. അതവളിൽ നിന്ന് എടുത്തു മാറ്റപ്പെടില്ല.” എന്തിന്റേയും നല്ല അംശത്തെ പ്രാരംഭത്തിലേ നിർണയിക്കുകയാണ് പ്രധാനം.
ഉദാഹരണത്തിന്, മതത്തിൽ നിന്ന് നമ്മൾ എന്താണ് അന്വേഷിക്കുന്നത്? അതിന്റെ തൊങ്ങലുകൾ മാത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യവും സംഘബോധവും കല്യാണപ്പരസ്യത്തിലെ പുരാതനക്രിസ്ത്യാനിവിശേഷണവുമൊക്കെയാണോ, അതോ അതു വച്ചുനീട്ടുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന കരുണയാണോ?
ഒരു പരിണയത്തിൽ നമ്മൾ തിരയുന്നതെന്താണ്? ജീവിതസുരക്ഷിതത്വം, മമതകളുടെ ശമനം, പേരിന്റെ പിന്തുടർച്ച? അതോ, ആദിദുഃഖമായ ഏകാന്തതയ്ക്ക് അവസാനത്തോളം കൂട്ടായി മാറുകയെന്നതോ?
പള്ളിക്കൂടത്തിൽ തിരയുന്നതെന്താണ്? നാളത്തെ തൊഴിൽ, ആത്മാദരവ്, ബൗദ്ധിക ഇടപെടൽ? അതോ, അതിന്റെ എറ്റിമോളജിയിൽ സൂചിപ്പിക്കുന്നതുപോലെ ‘പുറത്തുകൊണ്ടുവരിക’ എന്ന ഉത്തുംഗസാധ്യതയോ? ജോലി കിട്ടിയ ഒരാളോടു പോലും ‘എന്തു കിട്ടും’ എന്ന് അനേഷിക്കുമ്പോൾ വേതനത്തെയാണ് മുൻഗണനാപട്ടികയിൽ നമ്മൾ തെറ്റായി രേഖപ്പെടുത്തുന്നത്.
എന്താണ് ജീവിതത്തിന്റെ ദുരന്തം? പ്രയോറിറ്റികളേക്കുറിച്ച് നിശ്ചയമുണ്ടായിട്ടും ചെറിയ കാര്യങ്ങളിൽ മുഴുകി ജീവിച്ചു എന്നതുതന്നെ. ഒരു പരൽമീനെ പിടിക്കാനുള്ള ശ്രമത്തിൽ വെള്ളച്ചാട്ടത്തിൽപ്പെട്ട് അകാലമൃത്യു വരിച്ച കഴുകനേപ്പോലെ അടിമുടി എരിച്ചുകളയുന്ന എന്തു കാഴ്ചയുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment