പുലർവെട്ടം

പുലർവെട്ടം 405

{പുലർവെട്ടം 405}
 
നവംബർ കാത്തലിക് രീതിയിൽ മരിച്ചവരെ ഓർമിക്കാനുള്ള കാലമാണ്. രണ്ടാം തിയതി പൂക്കളും തിരികളും കൊണ്ട് സെമിത്തേരി അലങ്കരിക്കും. ‘അനിദ’യ്ക്കു വേണ്ടിയുള്ള ഒരു നീണ്ട ലിസ്റ്റ് വല്യപ്പച്ചൻ തലേന്നേ തയാറാക്കിവച്ചത് പള്ളിയിൽ ഏല്പിക്കണം. അതു മരിച്ചവർക്കുവേണ്ടി പേരു ചൊല്ലിയുള്ള തീരെ ചെറിയ ഒരു പ്രാർത്ഥനയാണ്. ജീവനുള്ളവരേക്കാൾ കൂടുതൽ ബന്ധുക്കൾ പരേതാത്മാക്കളാണെന്നു തോന്നുന്ന വിധത്തിൽ അത്രയും ദീർഘമായ പട്ടികയായിരുന്നു അത്. അവസാനത്തെ പേര് എപ്പോഴും ‘ആരോരുമില്ലാത്ത ആത്മാക്കൾ’ എന്നുതന്നെയായിരിക്കും.
പലയാവർത്തി വായിച്ച ഒരു പുസ്തകം ഈ ദിനങ്ങളിൽ വീണ്ടും മറിച്ചുനോക്കുന്നു. അസാധാരണ ഭംഗിയോടെ രൂപകല്പന ചെയ്തിട്ടുള്ള ഒരു പുസ്തകമാണ്- ബാർട് മില്ലാഡിന്റെ Homesick. സിയനയിലെ സെയ്‌ന്റ് കാതറീന്റെ വരികളാണ് പ്രചോദനം. “Make two homes for thyself, my daughter. One actual home and the other a spiritual home which thou are to carry with thee always.”
ഹോം സിക്ക് എന്ന പദത്തിന് ആദത്തോളം പഴക്കമുണ്ടെന്നാണ് ബാർട് മില്ലാഡ് കരുതുന്നത്. പറുദീസാനഷ്ടത്തിനു ശേഷമുള്ള അവരുടെ ജീവിതം മുഴുവൻ വീട്ടുജ്വരത്തിന്റെ നിഴലിലായിരുന്നു. വേർപിരിയൽ ഒരു പുതിയ അനുഭവമായിരുന്നു ഭൂമിയുടെ ആദ്യമാതാപിതാക്കൾക്ക്. എന്നാൽ നമുക്കാവട്ടെ അതു നിരന്തരം അഭിമുഖീകരിക്കേണ്ട ഒന്നായി മാറുന്നു. വിദ്യാലയത്തിന്റെ ആദ്യദിനം മുതൽ ഉറ്റവർ ജീവിതത്തിന്റെ ഭംഗികളിൽ നിന്ന് വഴുതി നിശ്ചലരാകുന്നതുവരെ പല ഭാഷ്യങ്ങളിൽ ആ ജ്വരമൂർച്ഛ നാം അനുഭവിക്കുന്നുണ്ട്. വീട്ടിൽ നിന്നു പിരിഞ്ഞുനിന്ന ആദ്യദിനം വെറുതേയൊന്ന് ഓർത്തുനോക്കൂ. ഇപ്പോൾ പോലും ഈ പ്രഭാതത്തെ വിഷാദഭരിതമാക്കുവാൻ കഴിവുള്ള ഒന്നാണതിന്റെ ഓർമ.
വീട്ടിലായിരിക്കുമ്പോൾ സാഹസങ്ങളെ കിനാവു കാണുകയും സാഹസങ്ങൾ ചെയ്യുമ്പോൾ വീടിന്റെ സുരക്ഷിതത്വമോർത്ത് നെടുവീർപ്പിടുകയും ചെയ്യുന്ന ദുര്യോഗം മനുഷ്യന്റെ തലവരയാണെന്ന് ഒരു എഴുത്തുകാരൻ കുറിച്ചിട്ടിട്ടുണ്ട്. ധൂർത്തപുത്രന്റെ കഥയൊക്കെ ഈ ഉദ്ധരണിയുമായി ചേർന്നുപോകുന്നതാണ്.
പോളാണ് അടിമുടി പരിഭ്രമിപ്പിക്കുന്ന ഈ വരി കുറിച്ചിരിക്കുന്നത്- While we are at home in the body, we are absent from the Lord. രണ്ടു വീടുകൾക്കിടയിൽ വിഭജിച്ചുപോകുന്ന പ്രാണനായിട്ടാണ് അയാൾ തന്നെത്തന്നെ അടയാളപ്പെടുത്തുന്നത്. ജിവിതത്തിൽ ഒരു നിമിഷം വരും, നമ്മൾ സ്നേഹിച്ച പലരും ഇഹത്തിലല്ല പരത്തിലാണെന്ന ബോധം സാന്ത്വനമായി മാറുന്നത്. പിന്നെ മരണഭീതിയില്ല.
ഒരു ചെറിയ കാലത്തിനിടയിൽ ഉറ്റവരായ എട്ടു പേരെ നഷ്ടമായി ബാർട് മില്ലാഡിന്. അങ്ങനെയാണ് ഒരു മരണാനന്തര ശുശ്രൂഷയ്ക്കിടയിൽ ദേവാലയത്തിനുള്ളിൽ അയാളുടെ ഉറക്കെയുള്ള ശബ്ദം ഇങ്ങനെ മുഴങ്ങിയത്: “The reason why I’m broken, the reason why I cry is how long must I wait to be with you.” അങ്ങയോടൊപ്പമായിരിക്കുവാൻ എനിക്കെത്ര കാലം കൂടി കാത്തിരിക്കേണ്ടതുണ്ടെന്ന്. ‘അങ്ങ്’ ആരുമാകാം. ഞാൻ വിലയം പ്രാപിക്കുമെന്ന് വിശ്വസിക്കുന്ന ആ ചൈതന്യമാകാം. എനിക്കു മുൻപേ പൊലിഞ്ഞ, പ്രാണനെ പ്രകാശിപ്പിച്ച മെഴുതിരിവെട്ടമേ, അതു നീയുമാവാം.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s