നിറഞ്ഞ മനസ്സോടെ കൊടുത്താൽ വയറും നിറയും മനസ്സും നിറയും.

പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ എല്ലാർക്കും സുപരിചിതമാണ്. പന്ത്രണ്ടുപേരിൽ രണ്ടാമനായിരുന്നു പാക്കനാർ. പക്കാനാരെ പറ്റിയുള്ള രസകരമായ കഥകളിൽ ഒന്നു ഇതാണ്‌.
ജ്യേഷ്ഠനായ അഗ്നിഹോത്രിയുടെ ഭാര്യക്ക് ഊരു തെണ്ടി നടക്കുന്ന പാക്കനാരെ അത്രക്കങ് താത്പര്യമില്ല. ഒരു അറപ്പോടെ ആണ് പെരുമാറ്റവും സംസാരവും എല്ലാം. അങ്ങനെയിരിക്കെ ഒരു ദിവസം പാക്കനാർ ജ്യേഷ്ഠന്റെ വീട്ടിൽ ചെന്നു. അനുജനോട് ഭക്ഷണം കഴിച്ചിട്ട് പോകാൻ പറഞ്ഞിട്ട്, ജ്യേഷ്ഠൻ പൂജാക്കായി പോയി.

ദേഷ്യഭാവത്തിൽ ജേഷ്ടത്തി പാക്കനാർക്കു ചോറ് വിളമ്പി. വിളമ്പി തിരിഞ്ഞപ്പോഴേക്കും ഇനിയും ചോറ് വേണം എന്ന് പറയുന്നത് കേട്ടു നോക്കുമ്പോൾ നിറച്ചു വിളമ്പിയ ഇല ശൂന്യമായി ഇരിക്കുന്നത് ആണ്. അത്ഭുതത്തോടെ വീണ്ടും ഇല നിറയെ വിളമ്പി. ക്ഷണനേരങ്ങൾക്കുള്ളിൽ അതും കാലിയാക്കി “വിശക്കുന്ന ‘അമ്മ’ എന്നു പറഞ്ഞിരിക്കുന്ന പാക്കനാരെ കണ്ടതും ദേഷ്യത്തോടെ പാത്രം മുഴുവനും വിളമ്പി. അതും നോടിയടക്കുള്ളിൽ കാലിയാക്കി ഒട്ടിയ വയറുമായി വീണ്ടും ഭക്ഷണത്തിനായി ഇരിക്കുന്ന പാക്കനാരെ കണ്ടു വീണ്ടും ദേഷ്യത്തോടെ ഒരു ചാക്ക് അരി തിളപ്പിച്ചു ചോറാക്കി മുൻപിൽ വച്ചു കൊടുത്തതും നിമിഷം നേരം കൊണ്ട് അകത്താക്കി. പത്തായത്തിലെ അരി മുഴുവനും ഇതിനകം പാക്കനാർ തിന്നു തീർത്തു.

സംഗതി പന്തിയല്ലയെന്നു കണ്ട ജ്യേഷ്ഠത്തി തന്റെ ഭർത്താവിന്റെ അടുക്കൽ ചെന്നു ഭയത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു. ഇതെല്ലാം കേട്ടു ഒരു പുഞ്ചിരിയോടെ തന്റെ അനിയന്റെ അടുക്കൽ എത്തി. അവിടെ ശൂന്യമായ ഇലയിൽ ഒട്ടിയ വയറുമായി ധീനഭാവത്തിൽ ഇരിക്കുന്ന പാക്കനാരെ ആണ് കണ്ടത്. ഇലയിൽ പാക്കനാരുടെ കണ്ണിൽ പെടതിരുന്ന ഒന്നുരണ്ടു വറ്റ് ചോറ് കിടക്കുന്നത് കണ്ട്, ജ്യേഷ്ഠൻ അത് എടുത്ത് ” മോനെ ഇന്നാട ഇത് കഴിക്കു എന്നു പറഞ്ഞു സ്നേഹത്തോടെ അവന്റെ വായിൽ വച്ചു കൊടുത്തു. സന്തോഷത്തോടെ അത് കഴിച്ചിട്ട്
” അയ്യോ വയർ നിറഞ്ഞു പൊട്ടാറായി ” എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.

അഗ്നിഹോത്രി തന്റെ ഭാര്യയോട് പറഞ്ഞു.
” സ്നേഹത്തോടെ ഉള്ള രണ്ടു വറ്റിന് നൂറുപറ ചോറിനെക്കാൾ വിലയുണ്ട്.”

നമ്മൾ കൊടുക്കുന്നതിന്റെ അളവിലല്ല, നമ്മുടെ മനോഭാവം ആണ് പ്രധാനം. അത് ഇപ്പോൾ എന്തിന്റെ കാര്യം ആയാലും കൊടുക്കുന്ന ഭക്ഷണമോ, നമ്മൾ ചെയ്യുന്ന സഹായങ്ങളോ, ചെയ്യുന്ന ജോലിയോ എന്തു തന്നെ ആയാലും ഉള്ളിൽ പരാതികളില്ലാതെ, മുറുമുറുപ്പുകളില്ലാതെ, ദേഷ്യമില്ലാതെ ചെയ്താൽ അതിനു ഒരു പ്രത്യേക ഫീൽ ആണ് അതിപ്പോ ചെയ്യുന്നവർക്കായാലും കിട്ടുന്നവർക്കായാലും. ഭിക്ഷ യാചിച്ചു വരുന്നവർക് ആണേൽ പോലും ഒരു പുഞ്ചിരിയോടെ കൊടുക്കുമ്പോൾ അവരുടെ മുഖത്തും ഒരു പുഞ്ചിരി വിരിയുന്നത് കണ്ടിട്ടില്ലേ.
അല്പം ആണേൽ പോലും സ്നേഹത്തിൽ ചാലിച്ചു ഒരു പുഞ്ചിരിയോടെ നമുക്ക് കൊടുക്കാം.നിറഞ്ഞ മനസ്സോടെ കൊടുത്താൽ വയറും നിറയും മനസ്സും നിറയും.

✍️ചങ്ങാതീ❣️
03/11/20′

Leave a comment