പുലർവെട്ടം

പുലർവെട്ടം 406

{പുലർവെട്ടം 406}
 
നാടുകാണിയിലാണ്. അജോ കാണാൻ വന്നു. പുതിയ വിശേഷം തലേന്നു കുത്തിയ കുഴൽകിണറാണ്. നേരത്തെ മാർക്ക് ചെയ്ത ഇടത്തിലല്ല പണിയാരംഭിച്ചത്. ആയിരം അടി കഴിയുമ്പോഴും വെള്ളത്തിന്റെ സൂചനയൊന്നുമില്ല. ഒന്നു പ്രാർത്ഥിച്ചാൽ കൊള്ളാമെന്ന് അപ്പോഴാണ് അജോയ്ക്ക് തോന്നുന്നത്: തച്ചാ, പണിക്കാരുടെ ബുദ്ധിമുട്ടൊക്കെ കുറച്ച് അറിയാവുന്ന ആളല്ലേ, ഒന്നു ശ്രദ്ധിച്ചേക്കണേ!
യേശുവിനു വേണ്ടി കരുതിവച്ചിട്ടുള്ള നൂറോളം വിശേഷണങ്ങളിൽ – ആ പേരിൽത്തന്നെ ഒരു പുസ്തകമുണ്ട്, 100 Portraits of Christ – ഒരു കാൽനടക്കാരൻ എന്ന നിലയിൽ കണക്റ്റഡ് ആകാനാവുന്നത് എന്നും ആ പദത്തോടായിരുന്നു- carpenter. യേശു ഒരു മരപ്പണിക്കാരനാണെന്ന വിചാരം ഭൂമിയുടെ കാവ്യഭാവനയ്ക്ക് നൽകിയ ഉന്മേഷം ചെറുതല്ല. ജിബ്രാന്റെ ‘മനുഷ്യപുത്രനായ യേശു’ ഉൾപ്പടെയുള്ള ഗ്രന്ഥങ്ങൾ അതിന്റെ vouch ചെയ്യും. ധനികനായ ഒരു അയൽക്കാരൻ അവനെ ഓർമിച്ചെടുക്കുന്നത് മരപ്പണിക്കാരനെന്ന നിലയിലാണ്. മുപ്പതു വർഷം മുൻപു പണിത തന്റെ ഭവനത്തിലെ രണ്ടു വാതിലുകളും ഒരു ജാലകവും യേശു പണിതതാണ്. മറ്റുള്ളവർ പണിതതിൽ നിന്നു വിഭിന്നമായും കാലത്തിന്റെ കേടുപാടുകളെ അതിജീവിച്ചും അത് എറുത്തു നിൽപ്പുണ്ട്. രണ്ടാളുടെ പണി ചെയ്ത അയാൾ ഒരാളുടെ കൂലി കൊണ്ട് തൃപ്തിപ്പെടുമായിരുന്നു. ഭാവിയിലേക്ക് എന്തെങ്കിലും ഒരു സൂചന തനിക്കുണ്ടായിരുന്നുവെങ്കിൽ പണി ചെയ്യുന്നതിനേക്കാളേറെ സംസാരിക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടേനെ. ഇപ്പോഴും കുറേ അധികം പേർ എന്റെ വീട്ടിലും തൊടിയിലും പണിയുന്നുണ്ട്. പണിയായുധങ്ങൾ ഏന്തുന്ന ആ മനുഷ്യരുടെ ഇടയിൽ ആരുടെ തോളിലാണ് ദൈവത്തിന്റെ കരങ്ങൾ പതിഞ്ഞിട്ടുള്ളതെന്ന് ഞാനെങ്ങനെ കണ്ടെത്തും!
ജി എ സ്റ്റുഡർറ്റ് കെന്നഡിയുടെ The Carpenter എന്ന കവിതയുണ്ട്. ഏകദേശം ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്: അയാൾ തന്റെ പണിത്തരങ്ങൾക്ക് എന്തു വില ഈടാക്കിയിട്ടുണ്ടാവും, ചുളുവിലയ്ക്ക് അതു സ്വന്തമാക്കി അതു സ്വന്തമാക്കിയ ഒരാൾ നഗരത്തിൽ നിന്നു പൊങ്ങച്ചം പറയുന്നു: നിസാര വിലയേയുള്ളു; ആ ഭ്രാന്തൻ മരപ്പണിക്കാരനിൽ നിന്നാണ്.
‘അത് ആ മരപ്പണിക്കാരനല്ലേ?’ എന്ന സുവിശേഷത്തിലെ ഒരേ ഒരു ആരായൽ അവന്റെ അജ്ഞാതയൗവനത്തിലേക്കുള്ള താക്കോലാകുന്നു. അവന്റെ കഠിനാദ്ധ്വാനവും ദരിദ്രപശ്ചാത്തലങ്ങളും അലച്ചിലുകളുമൊക്കെ അതിൽ അടക്കം ചെയ്തിട്ടുണ്ട്. ജോസഫ് സുവിശേഷത്തിന്റെ രണ്ടാം ഭാഗത്തിൽ പരാമർശിക്കപ്പെടാത്തതുകൊണ്ട്, നസ്രത്തിലെ ആ ചെറിയ വീടിന്റെ നിലനിൽപ്പ് അയാളുടെ കഠിനാദ്ധ്വാനത്തെ ആധാരമാക്കിത്തന്നെയാവണം. Tekton എന്ന പദമാണ് ഉപയോഗിക്കപ്പെടുന്നത്. artisan, craftman, builder എന്നൊക്കെ അർത്ഥമുണ്ട് അതിന്. ലാറ്റിൻ അമേരിക്കൻ വായനയിൽ ‘സ്ഥിരമായി പണിയോ പണിശാലയോ ഇല്ലാത്ത, അത്ര വൈദഗ്ദ്ധ്യം ഇല്ലാത്തതുകൊണ്ടുതന്നെ പല തൊഴിലിൽ ഏർപ്പെടുന്നയാൾ’ എന്നൊരു പാഠാന്തരവുമുണ്ട്. അതു കുറേക്കൂടി മനോഹരമായി അനുഭവപ്പെട്ടു.
കടപ്പുറത്തേക്കു വന്നപ്പോൾ കരങ്ങളിൽ കട്ടിത്തഴമ്പുള്ള ആ മുക്കുവർ ആദ്യം ശ്രദ്ധിച്ചിട്ടുണ്ടാവുക പണി ചെയ്തു പരുപരുത്ത അവന്റെ കരങ്ങൾ തന്നെയായിരിക്കും. ആ കരങ്ങളാണ് ഇനി അവരുടെ ജീവിതത്തെ ചിന്തേരിടാൻ പോകുന്നത്; നമ്മുടേതും.
 
– ബോബി ജോസ് കട്ടികാട്

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s