ദിവ്യബലി വായനകൾ Tuesday of week 32 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ / November 10

Saint Leo the Great, Pope, Doctor 
on Tuesday of week 32 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 45:30

പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എന്നേക്കും അവനുണ്ടാകുന്നതിന്,
കര്‍ത്താവ് അവനു വേണ്ടി സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുകയും
അവനെ രാജകുമാരനാക്കുകയും ചെയ്തു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അപ്പസ്‌തോലികശിലയുടെ
ദൃഢമായ അടിസ്ഥാനമുള്ള
അങ്ങേ സഭയ്‌ക്കെതിരായി,
നരകവാതിലുകള്‍ ഒരിക്കലും പ്രബലപ്പെടാന്‍
അങ്ങ് അനുവദിക്കുന്നില്ലല്ലോ.
മഹാനായ വിശുദ്ധ ലെയോ പാപ്പായുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ സത്യത്തില്‍ നിലനിന്നു കൊണ്ട്,
നിരന്തര സമാധാനത്താല്‍ സുരക്ഷിതയാകാന്‍
സഭയ്ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

തീത്തോ 2:1-8,11-14
ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കുന്നു.

വാത്സല്യമുള്ളവനേ, നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക. പ്രായംചെന്ന പുരുഷന്മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്ധികളും വിവേകികളും വിശ്വാസത്തിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക. പ്രായംചെന്ന സ്ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ. ഭര്‍ത്താക്കന്മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്രശുദ്ധിയും കുടുംബജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്മാരോടു വിധേയത്വവും ഉള്ളവരാകാനും യുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ. അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരംതന്നെ, ആത്മനിയന്ത്രണം പാലിക്കാന്‍ യുവാക്കന്മാരെ ഉദ്‌ബോധിപ്പിക്കുക. നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും, ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക. അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും.
എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു എല്ലാ തിന്മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു. ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞ അധികാരത്തോടെ നീ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 37:3-4,18,23,27,29

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക;
അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

കര്‍ത്താവു നിഷ്‌കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്;
തനിക്കു പ്രീതികരമായി ചരിക്കുന്നവനെ
അവിടുന്നു സുസ്ഥിരനാക്കും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

തിന്മയില്‍ നിന്ന് അകന്നു നന്മ ചെയ്യുക,
എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
നീതിമാന്മാര്‍ ഭൂമി കൈവശമാക്കും;
അതില്‍ നിത്യം വസിക്കുകയും ചെയ്യും.

നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 17:7-10
ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു.

അക്കാലത്ത്, യേശു അരുളിച്ചെയ്തു: നിങ്ങളുടെ ഒരു ഭൃത്യന്‍ ഉഴുകുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലില്‍ നിന്നു തിരിച്ചുവരുമ്പോള്‍ അവനോട്, നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാന്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങള്‍ പറയുക. കല്‍പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോടു നിങ്ങള്‍ നന്ദി പറയുമോ? ഇതുപോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച കാണിക്കകളാല്‍
അങ്ങേ സഭയെ കനിവാര്‍ന്ന് പ്രകാശമാനമാക്കണമേ.
അങ്ങേ അജഗണം എല്ലായിടത്തും
അഭിവൃദ്ധിപ്രാപിക്കുകയും
അങ്ങേ ഭരണത്തിന്‍കീഴില്‍,
അജപാലകര്‍ അങ്ങേ നാമത്തിന്
പ്രീതികരമായി വര്‍ത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 16:16,18

പത്രോസ് യേശുവിനോടു പറഞ്ഞു:
നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
യേശു പ്രതിവചിച്ചു: നീ പത്രോസാണ്
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യഭോജനത്താല്‍ പരിപോഷിപ്പിച്ച
അങ്ങേ സഭയെ സംപ്രീതിയോടെ നയിക്കണമേ.
അങ്ങനെ, ശക്തമായ പരിപാലനത്താല്‍ നയിക്കപ്പെട്ട്,
സഭ വര്‍ധമാനമായ സ്വാതന്ത്ര്യം അനുഭവിക്കുകയും
ക്രൈസ്തവവിശ്വാസത്തിന്റെ സമഗ്രതയില്‍
ഉറച്ചുനില്ക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s