ദിവ്യബലി വായനകൾ 33rd Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

33rd Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

ജെറ 29:11,12,14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സുഭാ 31:10-13,19-20,30-31
ഉത്തമയായ ഭാര്യ സ്നേഹമുള്ള കരങ്ങള്‍ കൊണ്ട് അദ്ധ്വാനിക്കുന്നു.

ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ ആര്‍ക്കു കഴിയും?
അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ.
ഭര്‍ത്താവിന്റെ ഹൃദയം അവളില്‍ വിശ്വാസം അര്‍പ്പിക്കുന്നു;
അവന്റെ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
അവള്‍ ആജീവനാന്തം ഭര്‍ത്താവിനു നന്മയല്ലാതെ
ഉപദ്രവം ചെയ്യുന്നില്ല.
അവള്‍ രോമവും ചണവും ശേഖരിച്ച്
ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.
അവള്‍ ദണ്ഡും തക്ലിയുമുപയോഗിച്ച്‌
നൂല്‍ നൂല്‍ക്കുന്നു.
അവള്‍ ദരിദ്രര്‍ക്കു ദാനം ചെയ്യുകയും
പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
സൗകുമാര്യം വഞ്ചന നിറഞ്ഞതും സൗന്ദര്യം വ്യര്‍ഥവുമാണ്;
എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്‍ഹിക്കുന്നു.
അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍;
അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍
അവള്‍ക്കു പ്രശംസയായിരിക്കട്ടെ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 128:1-2,3,4-5

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.

കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.

നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍ പോലെയും.

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.

കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണ്.

രണ്ടാം വായന

1 തെസ 5:1-6
ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകാത്തിരിക്കട്ടെ.

സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല. കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദന ഉണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍ നിന്ന് അവര്‍ രക്ഷപെടുകയില്ല. എന്നാല്‍, സഹോദരരേ, ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല. അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 25:14-30
അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: ഒരുവന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഓരോരുത്തന്റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച് യജമാനന്റെ പണം മറച്ചുവച്ചു.
ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു. അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
രണ്ടു താലന്തു കിട്ടിയവനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്റെ താലന്ത് മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്റെത് എടുത്തുകൊളളുക. യജമാനന്‍ പറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്സിലാക്കിയിരുന്നല്ലോ. എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്റെ പണം പലിശ സഹി തം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക. ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s