ദിവ്യബലി വായനകൾ Monday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 16/11/2020

Monday of week 33 in Ordinary Time 
or Saint Margaret of Scotland 
or Saint Gertrude, Virgin 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

ജെറ 29:11,12,14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 1:1-4b,2:1-5
നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക.

ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനു വേണ്ടി ദൈവം യേശുക്രിസ്തുവിനു നല്‍കിയ വെളിപാട്. അവന്‍ തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്റെ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്ഷ്യം നല്‍കി. ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.
യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴു സഭകള്‍ക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും, അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍ നിന്നും, വിശ്വസ്തസാക്ഷിയും മൃതരില്‍ നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍ നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
എഫേസോസിലുള്ള സഭയുടെ ദൂതന് എഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണദീപപീഠങ്ങള്‍ക്കു മധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു: നിന്റെ പ്രവൃത്തികളും പ്രയത്‌നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്‍പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പോസ്തലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു. തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചുനില്‍ക്കാന്‍ തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെ പ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല. എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു. അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 1:1-2,3,4,6

ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാന്‍ ഞാന്‍ അനുവദിക്കും.

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാന്‍ ഞാന്‍ അനുവദിക്കും.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാന്‍ ഞാന്‍ അനുവദിക്കും.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാന്‍ ഞാന്‍ അനുവദിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 18:35-43
ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? എനിക്കു കാഴ്ച വീണ്ടുകിട്ടണം.

അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യേശു അവിടെനിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തുവന്നപ്പോള്‍ യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s