Articles

ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി?

ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി?

സമീപ കാലത്ത് ഗ്രിഗോറിയൻ കുർബ്ബാനകൾ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ ആളുകൾ സമീപിക്കുന്നതായി വൈദീകർ അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീപിക്കുന്നവർ പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായ അറിവോ, അവബോധമോ ഇല്ലാതെയാണ് വൈദീകരെ സമീപിക്കുന്നതെന്നും മനസ്സിലായിട്ടുണ്ട്.

തുടർച്ചയായി മുപ്പത് ദിവസം പരി. കുർബ്ബാന അർപ്പിച്ചു മരിച്ചുപോയ ഒരാളുടെ ആത്മാവിനു നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ഗ്രിഗോറിയൻ കുർബ്ബാന എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത് മരിച്ചുപോയ ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.

590 മുതൽ 604 വരെ സഭയെ നയിച്ചിരുന്ന മഹാനായ ഗ്രിഗറി പാപ്പയുടെ പേരിലാണ് ഈ ഭക്തകൃത്യം അറിയപ്പെടുന്നത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബെനഡിക്ടൈൻ സന്ന്യാസിയായിരുന്നു ഗ്രിഗറി പാപ്പാ. അദ്ദേഹം പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതിനുമുന്പ് റോമിലെ വി. അന്ത്രയോസിൻ്റെ നാമത്തിലുള്ള ആശ്രമത്തിൽ ജസ്റ്റസ് എന്നുപേരായ ഒരു സന്ന്യാസി ഉണ്ടായിരുന്നു. ദാരിദ്ര്യവ്രതത്തിനെതിരെ ഗൗരവമായ തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടതിനാൽ ജസ്റ്റസ് ശിക്ഷിക്കപ്പെട്ടു. വൈകാതെ അദ്ദേഹം മരിച്ചു. അദ്ദേഹം ചെയ്ത പാപം അദ്ദേഹത്തിന് സ്വർഗ്ഗം നഷ്ടപ്പെടുത്തുമോ എന്നും കൂടുതൽ സമയം ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടിവരുമോ എന്നും ഗ്രിഗറി അടക്കമുള്ള സന്ന്യാസികൾ ഭയപ്പെട്ടു. ഗ്രിഗറിയുടെ നിർദ്ദേശപ്രകാരം മുപ്പത് ദിവസം തുടർച്ചയായി ജസ്റ്റസിനുവേണ്ടി പരി.കുർബ്ബാന അർപ്പിച്ചു പ്രാർത്ഥിക്കാൻ തീരുമാനമായി. മുപ്പത് ദിവസം കഴിഞ്ഞപ്പോൾ ജുസ്റ്റസ് തൻ്റെ ആശ്രമത്തിലെ മറ്റൊരു സഹോദരന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് താൻ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിക്കപ്പെട്ടു എന്ന് സന്ദേശം നൽകിയതായാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് മുതലാണ് മരിച്ചു പോയ ഏതെങ്കിലും ആത്മാവിനു നിത്യശാന്തി ലഭിക്കുന്നതിനായി ഈ പ്രത്യേകമായ ഭക്ത്യാഭ്യാസം അനുഷ്ഠിക്കുന്നത്. കാലാന്തരത്തിൽ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്കുവേണ്ടി ഗ്രിഗോറിയൻ കുർബ്ബാന ചൊല്ലിക്കുന്നത് ഒരു രീതിയായിമാറി. ഗ്രിഗോറിയൻകർബ്ബാനകൾക്ക്, ദുരിതമനുഭവിക്കുന്ന ആത്മാക്കൾക്ക് വേഗത്തിൽ ശാന്തിലഭ്യമാക്കുന്നതിൽ പ്രത്യേകമായ ഫലസിദ്ധി ഉണ്ട്എന്ന് വിശ്വസിക്കപ്പെടുന്നു

മുപ്പതുദിവസത്തെ ഗ്രിഗോറിയൻ കുർബ്ബാനയർപ്പണത്തിൽ മുടക്കം വരരുതെന്നും അങ്ങനെ വന്നാൽ പിന്നെയും ആദ്യം മുതലേ ആരംഭിക്കണമെന്നുമായിരുന്നു പഴയ നിഷ്കർഷകൾ. അതുപോലെ തന്നെ ഒരേ വൈദീകൻ തന്നെ ബലിയർപ്പിക്കണം എന്നും നിഷ്ഠയുണ്ടായിരുന്നു. കുർബ്ബാന അർപ്പിക്കുന്നത് ഒരേ അൾത്താരയിൽ ആകണമെന്നും നിര്ബന്ധമുണ്ടായിരുന്നു. എന്നാൽ ഇന്ന് അല്പം കൂടി ലാഘവത്വം നല്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും വൈദീകർക്ക് രോഗമോ മറ്റ് അസൗകര്യമോ മൂലം ഏറ്റെടുത്ത കുർബ്ബാന അർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അത് വേറെ ഒരു വൈദീകനെ ഏൽപ്പിക്കാമെന്നും ഒരു അൾത്താരയിൽ തന്നെ ഈ കുർബ്ബാന അർപ്പിക്കണമെന്ന് നിര്ബന്ധമില്ലെന്നും പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.
സാധാരണ ഇത്തരം കുർബ്ബാനകൾ ചൊല്ലാനായി ഇടവക വൈദീകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. മുപ്പത് ദിവസം തുടർച്ചയായി ഒരേ ആർക്കുവേണ്ടി കുർബ്ബാന അർപ്പിക്കാൻ ഒത്തിരി ആളുകളുള്ള ഇടവകകളിൽ വൈദീകന് സാധിക്കാത്തതുകൊണ്ടാണ് അത്. അതിനാൽ സാധാരണ സന്ന്യാസ ആശ്രമങ്ങളിലോ, വൈദീക മന്ദിരങ്ങളിലോ, സെമിനാരികളിലോ ഒക്കെയാണ് ഈ കുർബ്ബാന ഏല്പിക്കപ്പെടുന്നത്.

ഗ്രിഗോറിയൻ കുർബ്ബാനയ്ക്ക് സാധാരണ കുർബ്ബാനയിൽ നിന്നും അല്പം കൂടുതൽ പണം ആവശ്യപ്പെടാറുണ്ട്. 30 ദിവസം മറ്റ് ശുശ്രൂഷകൾക്കൊന്നും പോകാതെ ഇത് മാത്രമായി ശുശ്രൂഷകൾ ചുരുക്കപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
ഗ്രിഗോറിയൻ കുർബ്ബാനകൾ ആവശ്യപ്പെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രിഗോറിയൻ കുർബ്ബാന മറ്റ് കുർബ്ബാനകളിൽ നിന്ന് വ്യത്യസ്തമല്ല. അതിൽ ആർക്കും പങ്കെടുക്കാവുന്നതാണ്. മരിച്ച ഒരാളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്നത് മാത്രമാണ് അതിൻ്റെ സവിശേഷത. പ്രത്യേകമായ കർമ്മങ്ങളോ പ്രാർത്ഥനകളോ ഒന്നും ഇതിലില്ല. ഒരാളുടെ ആത്മാവിനു വേണ്ടി മാത്രമാണ് ഇത് അർപ്പിക്കുക. ഒരു കുടുംബത്തിൽ നിന്ന് മരിച്ചുപോയ എല്ലാവർക്കും വേണ്ടി ഇത് അർപ്പിക്കാറില്ല. മാത്രമല്ല, മറ്റ് യാതൊരു നിയോഗവും ഇതിനു ഉണ്ടായിരിക്കരുത്. ജോലി ലഭിക്കാനോ, കുട്ടികൾ ഉണ്ടാകുന്നതിനോ, വിവാഹ തടസ്സം മാറിക്കിട്ടുന്നതിനോ ഈ കുർബ്ബാന ആവശ്യപ്പെടാൻ പാടില്ല.

ഗ്രിഗോറിയൻ കുർബ്ബാന അർപ്പിക്കപ്പെടുന്ന ദിവസങ്ങളിൽ സാധിക്കുന്ന എല്ലാവരും മുഴുവൻ കുർബ്ബാനയിൽ പങ്കുകൊള്ളുകയും കുടുംബ പ്രാർത്ഥന, കുമ്പസാരം, ജപമാല എന്നിവയിൽ വീഴ്ച വരുത്താതിരിക്കാനും ശ്രദ്ധിക്കണം. അല്പം പണം നൽകി ഗ്രിഗോറിയൻ കുർബ്ബാന ഏൽപ്പിച്ചാൽ എല്ലാ കടമകളും തീർന്നു എന്ന് കരുതരുത്. കുടുംബാങ്ങങ്ങളുടെ സജീവമായ ഭാഗഭാഗിത്വം പ്രാർത്ഥനയെ കൂടുതൽ ഫലവത്താക്കും. കുടുംബങ്ങൾ നോമ്പ് അനുഷ്ടിച്ച പ്രാർത്ഥിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടാവുന്ന ഒരു രീതിയാണ്.

ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ പരി. ബലിയുടെ യോഗ്യതകളാൽ സഹായിക്കാമെന്ന് വിശ്വാസം വഴിയായി സാക്ഷ്യപ്പെടുത്തുന്ന അനുഷ്ഠാനമാണ് ഗ്രിഗോറിയൻ കുർബ്ബാനകൾ. ശുദ്ധീകരണസ്ഥലത്തിലെ സഹന സഭ, ഭൂമിയിലെ സമര സഭയുടെ സഹായത്താൽ സ്വർഗ്ഗത്തിലെ വിജയ സഭയാകുന്ന പരിണാമമാണ് ഇവിടെ സംഭവിക്കുക.

പാരമ്പര്യമായി കൈമാറ്റം കിട്ടിയ ധാരാളം ഭക്താനുഷ്ഠാനങ്ങൾ നമുക്കുണ്ട്. അതിന്റെ നന്മകൾ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാൽ അറിവില്ലായ്മയും ഗൗരവക്കുറവും മൂലം ഇത്തരത്തിലുള്ള ഭക്താനുഷ്ഠാനങ്ങൾ ദുരുപയോഗിക്കപ്പെടുന്നുണ്ട്. യാതൊരു തത്വദീക്ഷയുംമില്ലാതെ ഗ്രിഗോറിയൻ കുർബ്ബാന ചൊല്ലാൻ ആവശ്യപ്പെട്ടു കൊണ്ട് പലരും സമീപിക്കാറുണ്ട്. കിണർ കുഴിക്കുമ്പോൾ വെള്ളം കാണാനും, ജോലി ലഭിക്കാനും, പരീക്ഷ പാസാകാനും ഒക്കെ ഗ്രിഗോറിയൻ കുർബ്ബാന ആവശ്യപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ്.

അതുപോലെ ചില കൗൺസിലർമാരും അല്മായരുമെല്ലാം പല പ്രശനങ്ങൾക്കും പ്രതിവിധിയായി ഗ്രിഗോറിയൻ കുർബ്ബാനകൾ നിർദ്ദേശിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തെറ്റായ കീഴ്വഴക്കമാണ്. കടുത്ത സാമ്പത്തീക പ്രതിസന്ധിയുള്ള ഇക്കാലയളവുകളിൽ ഇങ്ങനെയുള്ള ഭക്താഭ്യാസങ്ങൾ ഒഴിവാക്കേണ്ടതാണ്. അതുപോലെ വീട്ടിൽ നിന്ന് ആരുമരിച്ചാലും ഗ്രിഗോറിയൻ കുർബ്ബാന ആവശ്യപ്പെടുന്ന രീതിയും തിരുത്തപ്പെടണം. പ്രായമായ മാതാപിതാക്കൾക്ക്, വേണ്ട സംരക്ഷണവും ഭൗതീകവും ആത്മീയവുമായ ആവശ്യങ്ങളും സാധിച്ചുകൊടുക്കുകയാണ് ആദ്യം വേണ്ടത്. അവർ ജീവിച്ചിരിക്കുമ്പോൾ കാണിക്കാത്ത താല്പര്യവും തീഷ്‌ണതയും അവരുടെ മരണശേഷം കാണിക്കുന്നതിൽ വലിയ അർത്ഥമില്ല. ജീവിച്ചിരിക്കുമ്പോൾ മരുന്ന് നൽകാൻ ശ്രദ്ധിക്കാത്തവർ മരണശേഷംഗ്രിഗോറിയൻ കുർബാന ഏൽപ്പിക്കാൻ വരുന്നതിൽ ഒരു നീതിയും കാണുന്നില്ല.

🖋Fr Sijo Kannampuzha OM

Categories: Articles

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s