വീടിനു പുറത്ത് ജീവിക്കാനായി ഒരു കാരണമുള്ള എതൊരാളോടും ചോദിച്ചു കൊള്ളുക. അവർക്ക് പറയാനുണ്ടാവും ആയിരക്കണക്കിന് മിഴി നിറഞ്ഞ അനുഭവങ്ങൾ. പെങ്ങളെപ്പോലെ അത്താഴം വിളമ്പുന്നവർ, അച്ഛനെപ്പോലെ ഉറക്കത്തിൽ കരിമ്പടം പുതപ്പിക്കുന്നവർ, മകളെ പോലെ കൊഞ്ചുന്നവർ, ജ്യേഷ്ഠനെപ്പോലെ ശകാരിക്കുന്നവർ.പതുക്കെ പതുക്കെ ‘ പോലെ’ എന്ന പദം മാഞ്ഞു പോകന്നു…..
ഒരു ജീവജാലത്തിനും ഇത്രയും നിരാലംബത്വം അനുഭവിക്കേണ്ടതില്ല. പെറ്റുവീണ ആട്ടിൻകുട്ടി എത്ര പെട്ടന്നാണ് തൊടി നിറയെ കൂത്താടുന്നത്. അവനാകട്ടെ എത്ര കാലം കത്തിട്ടാണ് പിച്ചവയ്ക്കുന്നത്. അതും എത്രയോ പേരുടെ കാവലിൽ. ജീവിതത്തിന്റെ ഒരോ ചുവടിലും ആരെങ്കിലുമെക്കെ അവനു വേണ്ടി കരുതലോടിരുന്നേ പറ്റു. ശൈശവത്തിൽ മാതാപിതാക്കൾ, വളർച്ചയിൽ ഗുരുക്കൻന്മർ , യവ്വനത്തിൽ സഖി, വാർദ്ധക്യത്തിൽ മക്കൾ…..
ഒരാൾക്ക് വളരണമെങ്കിൽ വീടെന്ന ഗർഭപാത്രത്തിന്റെ പുറത്തു കടക്കണം. അവൻ അതിന് ധൈര്യപ്പെട്ടു. അവനെ തേടി അവന്റെ സഹോദരന്മാരും അമ്മയും എത്തിയപ്പോൾ അവൻ അതാണു പറഞ്ഞതു്. ആരണ് എന്റെ അമ്മയും സഹോദരന്മാരും ? എന്റെ ഹിതം അനുസരിച്ച് ജീവതം ക്രമപ്പെടുത്തിയവരാണ് അവർ. അതോടു കൂടി ബന്ധങ്ങൾക്കു മീതെ പുതിയ അവബോധങ്ങളുടെയും പ്രകാശത്തിന്റെയും സ്നാനം ഉണ്ടായി അങ്ങനെ വിശ്വം ഒരു കിളിക്കൂടു പോലെ അടുപ്പത്തിലും പാരസ്പര്യത്തിലും അവനു വെളി പ്പെട്ടു കിട്ടി. ഭൂമിയെ അദൃശ്യമായൊരു ചരടിൽ ജപമണികൾ പോലെ അവൻ കോർത്തെടുത്തു. അതു കൊണ്ട് ഇനി മുതൽ ആരെയും നോക്കി ഉടപ്പിറന്നോനെ ,ഉടപ്പിറന്നോളെ എന്നു വിളിക്കാനാവും. ഒരുവൾ ഗണികത്തെരുവിൽ ഊഴം കാത്തു നിൽക്കുന്നു. ഒരുത്തൻ ആരുടെയോ പോകറ്റടിച്ചു ആ ഓടക്കു കുറുകെ ഓടുന്നു. ഒരു പൈത്യക്കാരൻ എച്ചിൽ വീപ്പക്കു തഴെ ഉപവാസ പ്രാർത്ഥനയിൽ ഇരിക്കുന്നു. പല കാരണങ്ങളാൽ ചിതറിപ്പോയ എന്റെ ഉടപ്പിറന്നോർ .
പരസ്പ്പരം കാവലാവുകയാണ് ബന്ധങ്ങളുടെ ധർമ്മം. ഒരാൾ ഉറങ്ങുമ്പോൾ ഇമവെട്ടതെ നോക്കിയിരിക്കുന്നു. ഉറങ്ങുന്ന ഉറ്റവരെ നോക്കിയിരിക്കുന്നതിനെക്കാൾ മനോഹരമായി എന്തുണ്ട് ജീവിതത്തിൽ.
ബോബി ജോസ് കട്ടികാട്