ദിവ്യബലി വായനകൾ Tuesday of week 34 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ / November 24

Saints Andrew Dũng-Lạc and his Companions, Martyrs 
on Tuesday of week 34 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. ഗലാ 6:14; cf. 1 കോറി 1:18

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ
മറ്റൊന്നിലും ഞങ്ങള്‍ അഭിമാനിക്കാതിരിക്കട്ടെ;
എന്തെന്നാല്‍, രക്ഷിക്കപ്പെട്ട ഞങ്ങള്‍ക്ക്,
കുരിശിന്റെ വചനം ദൈവത്തിന്റെ ശക്തിയാണ്.

സമിതിപ്രാര്‍ത്ഥന

എല്ലാ പിതൃത്വത്തിന്റെയും ഉറവിടവും ആരംഭവുമായ ദൈവമേ,
രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രൂവും
അദ്ദേഹത്തിന്റെ സഹചരന്മാരും രക്തം ചിന്തുവോളം
അങ്ങേ പുത്രന്റെ കുരിശിനോട് വിശ്വസ്തരായിരിക്കാന്‍
അങ്ങ് ഇടയാക്കിയല്ലോ.
അവരുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ സ്‌നേഹം സഹോദരന്മാരുടെ ഇടയില്‍ പ്രചരിപ്പിച്ചുകൊണ്ട്,
അങ്ങേ പുത്രരെന്നു വിളിക്കപ്പെടാനും
അങ്ങനെ ആയിരിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 14:14-19
കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.

ഞാന്‍, യോഹന്നാന്‍, കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്മേല്‍ മനുഷ്യപുത്രനെ പോലെയുള്ള ഒരുവന്‍, അവന്റെ ശിരസ്സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്. ദേവാലയത്തില്‍ നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്നു മേഘത്തിന്മേല്‍ ഇരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാള്‍ എടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു. അപ്പോള്‍, മേഘത്തില്‍ ഇരിക്കുന്നവന്‍ തന്റെ അരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു. സ്വര്‍ഗത്തിലെ ദേവാലയത്തില്‍ നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു. വേറൊരു ദൂതന്‍ ബലിപീഠത്തില്‍ നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരം ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു. അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച് ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 96:10,11-12,13

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
എന്തെന്നാല്‍, അവിടുന്നു വരുന്നു;
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 21:5-11
കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

അക്കാലത്ത്, ചില ആളുകള്‍ ജറൂസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.
അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍ നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

പരിശുദ്ധനായ പിതാവേ,
രക്തസാക്ഷികളായ വിശുദ്ധരുടെ പീഡാസഹനം ആദരിച്ചുകൊണ്ട്,
ഞങ്ങളര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
ഞങ്ങളുടെ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കിടയില്‍,
എന്നും അങ്ങയോട് വിശ്വസ്തരായി കാണപ്പെടാന്‍
ഞങ്ങള്‍ അര്‍ഹരാകുകയും
അങ്ങേക്ക് സ്വീകാര്യമായ കാണിക്കയായി
ഞങ്ങളെത്തന്നെ അര്‍പ്പിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 5:10

നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍,
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷികളായ വിശുദ്ധരുടെ സ്മരണാഘോഷത്തില്‍,
ഒരേ അപ്പത്തിന്റെ ഭോജനത്താല്‍ പരിപോഷിതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ സ്‌നേഹത്തില്‍ ഒരുമയോടെ നിലനിന്നുകൊണ്ട്,
സഹനശക്തിയാല്‍ നിത്യമായ സമ്മാനം കൈവരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s