Articles

മൃതിസ്മൃതി 27

🍀☘️✝️ മൃതിസ്മൃതി 27 🛐🍀☘️

നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം.

പ്രഭാഷകന്‍ 18 : 10

ഹാ ! സുഖങ്ങൾ വെറും ജാലം,
ആരറിവൂ നിയതിതൻ
ത്രാസു പൊങ്ങുന്നതും
താനേ താണു പോവതും

ഒന്നുമില്ല നില,
ഉന്നതമായ കുന്നുമെന്നല്ല –
യാഴിയുമൊരിക്കൽ
നശിക്കുമതോർത്താൽ

– കുമാരനാശാൻ

ഒരു ഇതിഹാസം പിൻവാങ്ങി. ലോകമെമ്പാടുമുള്ള കാൽപ്പന്തു കളിപ്രേമികളെ ത്രസിപ്പിച്ച ആ കുറിയ മനുഷ്യൻ ആരവങ്ങളില്ലാത്ത ലോകത്തേയ്ക്ക് മടങ്ങി. അകാലികമായ മരണം എന്ന് അർത്ഥമുണ്ട് അപമൃത്യു എന്ന പദത്തിന്. untimely death. അദ്ദേഹത്തിന്റെ മരണം ആ ഗണത്തിൽ പെടുമെന്ന് തോന്നുന്നു. ശരീരത്തിന്റെയും മനസ്സിന്റെയുമൊക്കെ നിയമങ്ങൾ എല്ലാവർക്കും ഏതാണ്ട് ഒരുപോലെയാണെന്ന് ഇതിഹാസങ്ങളും സെലബ്രിറ്റികളും മറന്നുപോകുന്നതാണ് നിർഭാഗ്യകരം.

കിളിവാതിൽ എന്നതുകൂടാതെ കൺകെട്ടുവിദ്യ, വല, വഞ്ചന എന്നൊക്കെയും അർത്ഥമുണ്ട് ജാലം എന്ന പദത്തിന്. സുഖങ്ങളുടെ വഞ്ചന നിറഞ്ഞ മായാവലയിൽ കുടുങ്ങിയാണ് നിത്യതയുടെ സമുദ്രത്തിൽ നീരാടേണ്ട മനുഷ്യൻ അപമൃത്യു വരിക്കുന്നത്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിങ്ങനെ ചില വലകളെപ്പറ്റി യേശു സൂചിപ്പിക്കുന്നുണ്ട്.( ലൂക്കാ. 21/ 34) വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം എന്നിവയും ഈദൃശമായ മറ്റു പ്രവൃത്തികളും എന്ന് മറ്റൊരാളും വലയെ നിർവചിക്കുന്നുണ്ട്.( ഗലാ. 5/ 21 ).

ഏറിയാൽ എഴുപതോ എൺപതോ എന്നാണ് മനുഷ്യന്റെ ആയുസ്സിനെക്കുറിച്ച് പറയുന്നത്. നിത്യതയുമായി തുലനം ചെയ്യുമ്പോൾ അതൊരു തുള്ളിയും ഒരു മണൽത്തരിയും മാത്രം. കർത്താവേ, എത്ര ഹ്രസ്വമാണ് ആയുസ്സെന്നും എത്ര വ്യർത്ഥമാണ് അങ്ങ് സൃഷ്ടിച്ച മർത്യജീവിതമെന്നും ഓർക്കണമേ എന്ന് ഒരാൾ ദയനീയമായി അർത്ഥിക്കുന്നത് അതിനാലാണ്. ( സങ്കീ. 89/ 47).
അൽപ നേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടൽമഞ്ഞ് എന്നാണ് മനുഷ്യനെ ( യാക്കോ. 4/ 14) അദ്ദേഹം നിർവചിച്ചത്.
‘ അസ്ഥിരമല്ലോ ഭുവനുമതിലെ ‘ എന്നാരംഭിക്കുന്ന ഒപ്പീസു പാട്ടിൽ നിന്നാണ് നീർപ്പോള എന്ന വാക്ക് ആദ്യം കേട്ടത്. അർത്ഥം പിന്നീടാണ് അറിഞ്ഞത്. ബാല്യത്തിന് അങ്ങനെയൊരു ഗുണമുണ്ട്. അർത്ഥമൊന്നും അറിയില്ലെങ്കിലും ആത്മാർത്ഥമായി പാടുകയും മറ്റും ചെയ്യുമല്ലോ. നീർപ്പോളകളുടെ ജാലത്തിനായി സമുദ്രത്തിന്റെ സൗഭാഗ്യങ്ങൾ നഷ്ടപ്പെടുത്തുന്നതിനെ
എത്ര രൂക്ഷമായാണ് ക്രിസ്താനുകരണം അപലപിക്കുന്നതെന്ന് നോക്കൂ :
” ഹാ ! നിർഭാഗ്യർ ! അത്യാസക്തിയോടെ അവർ സ്നേഹിച്ചവ എത്ര വ്യർത്ഥവും നീചവുമാണെന്ന് അവസാനം അവർക്ക് ബോധ്യമാകും”

ആ ദുരന്തവും മൗഢ്യവും നമുക്കു സംഭവിക്കാതിരിക്കട്ടെ. 🙏🏻

ശുഭദിനം🌷
S പാറേക്കാട്ടിൽ
27 / 11 / 2020

Categories: Articles

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s