Daily Reflection

മൃതിസ്മൃതി 30

✝️ മൃതിസ്മൃതി 30 🛐 ☘️🍀

യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു.

ലൂക്കാ 23 : 46

1

” കൃഷ്ണൻ ജീവിക്കുന്നത് പരമമായ ആനന്ദത്തിലാണ്, ദു:ഖത്തിന്റെ കണികപോലുമില്ലാതെ. നിങ്ങൾക്കവനെ പ്രേമിക്കാൻ കഴിഞ്ഞേക്കാം. അല്‌പനേരം അവനെപ്പോലെ നൃത്തംവയ്ക്കാനും . എങ്കിലും അവനിലേക്കു പോകാനുള്ള പാലം അപ്രാപ്യമായിത്തന്നെയിരിക്കും. കാരണം, നിങ്ങൾ ദു:ഖത്തിലാണ്, അവൻ ആനന്ദത്തിലും.

ബുദ്ധനാകട്ടെ, കുറെക്കൂടി അകലെയാണ്. ബുദ്ധൻ ദു:ഖത്തിലുമല്ല, ആനന്ദത്തിലുമല്ല. സമ്പൂർണശാന്തിയിലും മൗനത്തിലുമാണ്. അദ്ദേഹം അത്രയും അകലെയാണ്. ഒന്നു നോക്കുവാൻ മാത്രം കഴിയും…..”

– ഓഷോ

അദ്ദേഹം പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ്. നമുക്ക് പ്രാപ്യനായുള്ളത് ഒരേയൊരു മൂർത്തിയും അവതാരവുമാണ് – നമ്മിലൊരുവനായിത്തീർന്ന യേശുക്രിസ്തു. ഒരു ദൈവമേയുള്ളു. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ – മനുഷ്യനായ യേശുക്രിസ്തു എന്ന് നാം വായിക്കുന്നുണ്ടല്ലോ.( 1 തിമോത്തേയോസ് 2/5) ദൈവത്തിന്റെ മനുഷ്യനും മനുഷ്യന്റെ ദൈവവുമായ ക്രിസ്തു തന്റെ ആത്മാവിനെ പിതാവിന്റെ കരങ്ങളിൽ സ്വച്ഛമായി സമർപ്പിക്കുകയാണ്. സിറ്റുവേഷൻ ദാരുണവും ശോകാകുലവുമാണെങ്കിലും അവൻ ഉള്ളിൽ അനുഭവിക്കുന്നത് വിശ്രാന്തിയാണ് – ആശ്വാസവും വിശ്രമവും. അങ്ങനെയൊരാൾക്കല്ലേ ആത്മാവിനെ ഇത്തരത്തിൽ സമർപ്പിക്കാനാകൂ.

2

” ഇരുളിലും നിന്റെ
പൊരുളല്ലി
തിരഞ്ഞുതില മണികളിലെഴുതും
സ്നേഹകണികകൾ കറന്നെടുത്തൊരു മൺചിരാതിന്റെ
തിരയിലിറ്റിച്ചതിൻ
തിരുമിഴി തിളക്കവെ,
ഇരുൾ വിറകൊൾകവേ,
നീയതിലുയർക്കുന്നു സൂര്യ!!

പാറിപ്പറന്നു വന്നായിരം
ഖദ്യോത
ജാലങ്ങളാരണ്യേ ശാഖികളിൽ
സൗവർണ കേസരമെഴുന്ന
പൂങ്കുലകളായുലയവേ,
നീയതിലുയർക്കുന്നു സൂര്യ!!! ”

ഓ എൻ വി – സൂര്യഗീതം

ഖദ്യോതൻ എന്നാൽ സൂര്യൻ എന്നും ആകാശത്തു ശോഭിക്കുന്നവൻ, ആകാശത്തെ പ്രകാശിപ്പിക്കുന്നവൻ എന്നുമൊക്കെയാണർത്ഥം. ഭൂമി സൂര്യനെ നോക്കി പാടുന്ന ഗീതമാണെങ്കിലും നമ്മെ ഭൂമിയും ക്രിസ്തുവിനെ സൂര്യനായും സങ്കല്പിച്ചാലും കൃത്യമായിരിക്കും. നമ്മുടെ ഹൃദയാകാശത്ത് ശോഭിക്കുന്നതും ജീവിതചക്രവാളങ്ങളെ പ്രകാശിപ്പിക്കുന്നതും ക്രിസ്തു എന്ന സൂര്യനാണല്ലോ🌞

3

എല്ലാ മനുഷ്യരെയും സ്വന്തമാക്കാനാണ് ക്രിസ്തു സ്വന്തം ജീവൻ ബലിയർപ്പിച്ചത്. അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകൾ പതിച്ചതുമായ ചുരുൾ നിവർത്താനും അതിന്റെ മുദ്രകൾ തുറക്കാനും യോഗ്യതയുള്ളത് അവന് മാത്രമാണ്. നീ വധിക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു എന്നതാണ് അതിന്റെ കാരണമെന്നതിൽ യോഹന്നാൻ ഏവൻഗേലിസ്തയ്ക്ക് തെല്ലും സംശയമില്ല( വെളിപാട് 5 / 9 )

നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കിൽ കർത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കിൽ കർത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാൽ, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. എന്തെന്നാൽ, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനർജ്ജീവിച്ചതും എന്ന് മനോഹരമായി പൗലോസ് അപ്പസ്തോലനും പഠിപ്പിക്കുന്നുണ്ടല്ലോ (റോമാ 14/ 7, 8,9). മരിക്കുകയോ ജീവിച്ചിരിക്കുകയോ എന്നതല്ല സുപ്രധാനം; അവന്റെ സ്വന്തമാകാൻ കഴിയുന്നുണ്ടോ എന്നതാണ്.

4

” ഹാ വിജിഗീഷു
മൃത്യുവിന്നാമോ
ജീവിതത്തിന്റെ
കൊടിപ്പടം താഴ്ത്തുവാൻ ”

വൈലോപ്പിളളി

വിജിഗീഷു എന്നാൽ എതിരാളി. ഇല്ല, മരണമെന്ന എതിരാളിക്ക് ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാകില്ല. കവിതയിലും വേദപുസ്തകത്തിലും ആ എതിരാളി തോൽക്കുകയാണ്.
മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ? എന്നാണ് അദ്ദേഹത്തിനും ചോദിക്കാനുള്ളത് (1 കോറി. 15/55). വിശ്വാസിക്ക് മരണത്തോട് പറയാനുള്ളത് ഒന്നുമാത്രമാണ് : Death, Thou shall Die, മരണമേ, നീ മരിക്കും.

5

മുന്നമേ ഞാൻ മരിച്ചിട്ട്
പിന്നെ നീ ചെയ്തിവയെങ്കിൽ
നന്നിതയ്യോ മുന്നമേ നീ
മരിച്ചോ പുത്ര !

നിന്മരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കാൻ
ഇമ്മഹാദു:ഖങ്ങളൊട്ടുതണുക്കും പുത്ര!

മരത്താലേ വന്ന ദോഷം
മരത്താലേയൊഴിപ്പാനായ്
മരത്തിൻമേൽ തൂങ്ങി നീയും മരിച്ചോ പുത്ര!

‘ഉമ്മാടെ ദു:ഖം’ എന്ന അർണോസ് പാതിരിയുടെ സ്വതന്ത്ര കൃതിയാണ് ‘ദേവമാതാവിന്റെ വ്യാകുലപ്രലാപം’ എന്ന പേരിൽ പുത്തൻപാനയിലെ പന്ത്രണ്ടാം ഖണ്ഡമായി ചേർത്തിരിക്കുന്നതെന്ന് ലീലാവതി ടീച്ചർ എഴുതിയിട്ടുണ്ട്. അതെന്തായാലും പുത്തൻപാനയിലെ നതോന്നതയും ശോകഭാവവും ഹൃദയത്തെ കോർത്തുവലിക്കുമെന്നതിൽ സംശയമില്ല. എന്തിനാണ് മുന്നമേ അവൻ മരിച്ചത്?മരണം, വിധി, നരകം, മോക്ഷം എന്നീ ‘ചതുരന്ത്യ’ ത്തിൽ നമുക്ക് തുണയാകാൻ തന്നെ. മരണഭയത്തിൽ നിന്ന് നമ്മെ വിമോചിപ്പിക്കാൻ വേണ്ടിത്തന്നെ. ഭീതിജനകമായ ശൂന്യതയിലും നിരാശയിലും നിപതിക്കാതെ അവന്റെയും നമ്മുടെയും പിതാവായ ദൈവത്തിന്റെ കരങ്ങളിൽ സ്വച്ഛമായി നമ്മുടെ ആത്മാവിനെ സമർപ്പിക്കാൻ നമ്മെ പഠിപ്പിക്കാനും സഹായിക്കാനും തന്നെ. അത് മരണത്തിൻമേൽ അധികാരമുള്ള പിശാചിനെ തന്റെ മരണത്താൽ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ് എന്ന് വേദപുസ്തകം ഉറപ്പോടെ പ്രഖ്യാപിക്കുന്നുണ്ട് (ഹെബ്രായർ 2/ 15).

അവന്റെ ജീവിതം മാത്രമല്ല, മരണവും നമ്മെ വെല്ലുവിളിക്കുന്നുണ്ട്. അതേറ്റെടുക്കാനും അവന്റെ കൃപ വേണം എന്നതാണ് യാഥാർത്ഥ്യം. ആണ്ടുവട്ടത്തിന് മുഴുവനുമായി നവംബർ അവശേഷിപ്പിക്കുന്നതും ആ അവബോധമാണ്.

ശുഭദിനം🌷
S പാറേക്കാട്ടിൽ
30/ 11/ 2020

Categories: Daily Reflection

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s