നൈർമല്യം

നൈർമല്യം

കുഞ്ഞുങ്ങളെപ്പോലെയായ ഒരു ഗുരുവിനേക്കുറിച്ച് ബുദ്ധപാരമ്പര്യങ്ങളിൽ നാം വായിക്കുന്നു. ഒരു സന്ധ്യയിൽ അയാൾ കുഞ്ഞുങ്ങളുമായി ഒളിച്ചുകളിക്കുകയായിരുന്നു. അയാളെ കണ്ടെത്താൻ കഴിയാതെ രാത്രിയായപ്പോൾ കുഞ്ഞുങ്ങൾ വീടുകളിലേക്ക് മടങ്ങി. അയാളാവട്ടെ കുഞ്ഞുങ്ങൾ തന്നെത്തേടി വരുമെന്നോർത്ത് കാത്തിരുന്നു. അങ്ങനെ പ്രഭാതമെത്തി. വൈക്കോൽത്തുറുവിനടുത്തെത്തിയ ഒരു ഗ്രാമീണൻ ഗുരുവിനെ അതിനിടയിൽ കണ്ട് അമ്പരന്നു, “ഹേയ്, അങ്ങിവിടെ എന്തു ചെയ്യുന്നു?” ഗുരു ചുണ്ടിൽ വിരൽ വച്ചു, “ശ്‌ശ്… ഒച്ചയുണ്ടാക്കരുത്! എന്നിട്ടുവേണം അവന്മാരെന്നെ കണ്ടുപിടിക്കാൻ!”

ഒരു കുഞ്ഞിനെയെടുത്ത് വാഴ്ത്തി ഈ കുഞ്ഞിനെപ്പോലെയാകണമെന്ന് യേശു പറഞ്ഞതിനർത്ഥം നമ്മുടെ തന്നെ ശൈശവങ്ങളിലേക്ക്, അതിന്റെ നിഷ്കളങ്കതയിലേക്ക് മടങ്ങണമെന്ന്. അതാണ് വീണ്ടും പിറക്കുകയെന്നതിന്റെയും അർത്ഥം. പ്രാവിന്റെ നൈർമല്യം വേണമെന്ന് യേശു പറയുന്നുണ്ട്. ചോദ്യം ചെയ്യപ്പെടാനാവാത്ത നൈർമല്യത്തിന്റെ പ്രതീകമാണ് പ്രാവ്. ആർക്കെന്നിൽ കുറ്റമാരോപിക്കാനാവും എന്ന ആത്മവിശ്വാസമായിരിക്കണം എന്റെ ബലം. കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ കണ്ണാടി പോലും എന്നെ കുറ്റപ്പെടുത്തിക്കൂട. സുഖാന്വേഷണത്തോടും ധനത്തോടും അധികാരത്തോടും ഒരാൾ പുലർത്തുന്ന അകലമാണ് അയാളുടെ മേന്മയുടെ മാറ്റളക്കുന്ന അമ്ലപരീക്ഷയെന്ന് ഗുരുക്കന്മാർ.

സ്വന്തം നൈർമല്യങ്ങളെ വീണ്ടെടുക്കുകയാണ് പ്രധാനം. എന്തും വീണ്ടെടുക്കാനാവുമെന്നതാണ് സുവിശേഷത്തിലെ സുവിശേഷം. അജ്ഞത കൊണ്ട് ആല വിട്ടുപോയ ആടിനെയും അശ്രദ്ധ കൊണ്ട് കളഞ്ഞുപോയ നാണയത്തെയും അഹന്ത കൊണ്ട് ഇറങ്ങിപ്പോയ മകനെയും വീണ്ടെടുക്കാനാവും.

പിന്നെ നിഷ്കളങ്കതയിലേക്കുള്ള മടക്കയാത്രയുടെ മഹോത്സവങ്ങൾ ആരംഭിക്കുന്നു. ആ തിരിച്ചുവരവിന്റെ ഉത്സവമാണ് ആത്മീയത. നിനക്ക് മടങ്ങിവരാതിരിക്കാനാവില്ല.

– ബോബി ജോസ് കട്ടികാട്

Advertisements

Fr Bobby Jose Kattikadu OFM Cap.

Leave a comment