❤️🎈ക്രിസ്തുമസ് ബലൂൺ🎈💕 2020 / 14💞

❤️🎈ക്രിസ്തുമസ് ബലൂൺ🎈💕 2020 🎊🎉 14💞

സെമിനാരിയിലേക്ക് ഓരോ വർഷവും പുതിയ കുട്ടികളെ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയാണ്. പലപ്പോഴും കുട്ടികളെ അന്ന്വേഷിച്ചുപോകുന്ന അച്ചന്മാർക്ക് ‘പിള്ളേര് പിടുത്തക്കാർ’ എന്ന് പേരുവീഴാൻ പോലും ഇത് ഇടയാക്കാറുണ്ട്. ഒരാശ്രമത്തിൽ നിന്ന് ഒരു കൊച്ചച്ചൻ ഒരിക്കൽ ‘പിള്ളേരുപിടിത്തത്തി’നായി ഇറങ്ങി. അച്ചന് പട്ടം കിട്ടിയിട്ട് അധികമായിട്ടില്ല. ചെറുപ്പമാണ്. കുർബ്ബാനയും ചായകുടിയും കഴിഞ്ഞപാടേ സുപ്പീരിയറോട് അനുവാദം വാങ്ങി, സ്തുതി ചൊല്ലി അച്ചനിറങ്ങി. വൈകാതെ ലക്‌ഷ്യം വച്ചിരുന്ന വീട്ടിലെത്തി. പക്ഷേ, കൊച്ചച്ചൻ ചെല്ലുന്നതിനുമുന്പേ വേറെ അച്ചന്മാരെത്തി ആ വീട്ടിലെ കുട്ടിയെ ചാക്കിലാക്കിയിരുന്നു. ഇത്രയും കോമ്പറ്റിഷൻ ഉള്ള ഒരു രംഗം ഉണ്ടോ എന്ന്പോലും സംശയിച്ചുപോകും. കൊച്ചച്ചൻ നിരാശനായെങ്കിലും, അല്പസമയംകൂടി അവിടെയിരുന്ന് അവരോട് വിശേഷങ്ങളെല്ലാം തിരക്കി. കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. അത്യാവശ്യം ഭൂമി സ്വന്തമായുള്ളതുകൊണ്ട് അദ്ധ്വാനിച്ചു ജീവിച്ചു പോകുന്നു എന്നേയുള്ളൂ. കൃഷിയിൽ താലപര്യമുള്ളതുകൊണ്ടു അവരുടെ കൃഷിസ്ഥലമൊക്കെ കാണാനായി ഇറങ്ങി. അടുത്തയിടെയായി വിളകളെല്ലാം വന്യമൃഗങ്ങളും മറ്റും നശിപ്പിക്കുന്നതിനാൽ അവരെല്ലാം വളരെ വിഷമത്തിലാണ്. . കുരങ്ങ്, ആന, മാൻ, കാട്ടുപന്നി, മരപ്പട്ടി മുതലായവ സ്വൈരവിഹാരം നടത്തുകയാണവിടെ. ആനകൾ തെങ്ങിൻതൈകൾ കുത്തിമറിക്കുന്നു, വാഴകൾ ചവിട്ടി വീഴ്ത്തുന്നു, കുരങ്ങുകൾ പഴങ്ങൾ ഭക്ഷിക്കുന്നു, മരപ്പട്ടികൾ കായകൾ പറിച്ചെറിയുന്നു. പുഴുക്കൾ ഇലകൾ മുഴുവൻ ആഹാരമാക്കുന്നു. അധ്വാനമെല്ലാം വൃഥാവിലാകുന്ന വളരെ സങ്കടകരമായ അവസ്ഥ. ആ പാവങ്ങൾ ആരോട് പറയാൻ? ആരോടും പറഞ്ഞിട്ട് കാര്യമില്ല. നിയമങ്ങൾ മനുഷ്യനേക്കാൾ കൂടുതൽ സഹായിക്കുന്നത് മൃഗങ്ങളെയാണല്ലോ. ആ വീട്ടിലെ അപ്പച്ചൻ കൊച്ചച്ചനോട് ചോദിച്ചു. “ഇനി മുൻപോട്ട് പോകാൻ വയ്യാത്ത സ്ഥിതിയായി. വേറെ ഒരു ജോലിയും അറിയില്ല. ഇതുകൊണ്ടു ഇനി പ്രയോജനമുണ്ടെന്നും തോന്നുന്നില്ല. ഞങ്ങൾ നിരാശരാണ്. അച്ചന് ഞങ്ങളെ സഹായിക്കാനാകുമോ? അച്ചൻ ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ? ഒരു പക്ഷെ അച്ചൻ്റെ പ്രാർത്ഥന കേട്ട് ദൈവം ഞങ്ങളെ അനുഗ്രഹിച്ചാലോ”?

ഇതുകേട്ടപ്പോൾ കൊച്ചച്ചന് ആകെ സങ്കടമായി. അവരെ ആത്മാർത്ഥമായും അച്ചന് സഹായിക്കണമെന്നുണ്ട്. പക്ഷേ, കൊച്ചച്ചൻ എന്ത് ചെയ്യും? കൊച്ചച്ചൻ പറഞ്ഞിട്ട് ആശ്രമത്തിലെ പട്ടി പോലും അനുസരിക്കുന്നില്ല, പിന്നെയാണോ മൃഗങ്ങൾ? അതും ആനയും കാട്ടുപന്നിയുമെല്ലാം! കൊച്ചച്ചൻ നിശബ്ദനായി. എങ്കിലും ഇറങ്ങുന്നതിനുമുമ്പ് അവർ ഒരുമിച്ചു പ്രാർത്ഥിച്ചു. അവരുടെ അവസ്ഥകളെല്ലാം അറിയുന്ന ദൈവം അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കട്ടെ എന്ന് കൊച്ചച്ചൻ തീക്ഷ്ണമായി ആഗ്രഹിച്ചു പ്രാർത്ഥിച്ചു.

പെട്ടെന്ന് അച്ചൻ്റെ മനസ്സിലേക്ക് ഒരു പഴയ കാര്യം ഓടി വന്നു. റീജൻസിക്കാലത്ത്, ആശ്രമത്തിൽ ഈ ആവശ്യവയുമായി എത്തിയിരുന്നവർക്ക് സുപ്പീരിയറച്ചൻ നാല് കുരിശുരൂപമെടുത്ത്, വെഞ്ചിരിച്ച് അത് നാല് അതിരുകളിൽ കുഴിച്ചിടാനായി ആവശ്യപ്പെടുമായിരുന്നു. പുതിയ ഒരു മാർഗ്ഗം തുറന്നുകൊടുത്തതിൽ കൊച്ചച്ചൻ ദൈവത്തിനു നന്ദി പറഞ്ഞു. കൊച്ചച്ചൻ ഗൗരവം നഷ്ടപ്പെടാതെ അവരോടു പറഞ്ഞു. “എനിക്ക് നാല് കുരിശുരൂപങ്ങൾ തരാമോ”? അവരത് വേഗം എടുത്തുകൊണ്ടു വന്നു. ഏതോ പൊട്ടിയ കൊന്തയിൽ നിന്നൊക്കെയായി സംഘടിപ്പിച്ചാണ്. അച്ചനത് വെഞ്ചിരിച്ചു പ്രാർത്ഥിച്ചു. എന്നിട്ടു പറഞ്ഞു – “ഇത് നാല് അതിരുകളിലായി കുഴിച്ചിടുക. ബാക്കി ദൈവം നോക്കിക്കൊള്ളും”. എല്ലാം ദൈവത്തിന്റെ തലയിലാക്കി കൊച്ചച്ചൻ തന്ത്രപൂർവ്വം ഊരിപ്പോന്നു.

ആശ്രമത്തിലെത്തിയ കൊച്ചച്ചൻ വിവരങ്ങളെല്ലാം സുപ്പീരിയറച്ചനെ അറിയിച്ചു. എന്നിട്ട് പറഞ്ഞു “ എൻ്റെ പ്രാർത്ഥന കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന് ഉറപ്പില്ല. എങ്കിലും ആ അവസ്ഥയിൽ വേറെ ഒന്നും ചെയ്യാനില്ലായിരുന്നു”

“സാരമില്ല, കർത്താവ് അവരുടെ വിശ്വാസത്തിനു പ്രതിഫലം നൽകിക്കൊള്ളും “- സുപ്പീരിയറച്ചൻ മറുപടി നൽകി.

സമയങ്ങൾ കടന്നുപോയി. അവരുടെ കൃഷിയിടത്തിൽ ആനയിറങ്ങിയോ എന്ന് കൊച്ചച്ചന് അറിയണമെന്നുണ്ട്. പക്ഷേ, ചോദിക്കാൻ പേടിയായിരുന്നു. കാരണം ആദ്ദേഹത്തിൻ്റെ വിശ്വാസക്കുറവുമൂലം പ്രാർത്ഥന ഫലിച്ചില്ലെങ്കിൽ അത് നാണക്കേട് ആണല്ലോ. ആ വഴിയേ പോകാറുണ്ടെങ്കിലും പ്രാർത്ഥനയുടെ ഫലമറിയാനായി കൊച്ചച്ചൻ ഒരിക്കലും ശ്രമിച്ചില്ല.

ഏകദേശം മൂന്നു നാല് മാസങ്ങൾക്കുശേഷം ആ അപ്പച്ചൻ ആശ്രമത്തിലെത്തി. അപ്പച്ചൻ പാർലറിൽ ഇരിക്കുന്നത് കൊച്ചച്ചൻ അകലെനിന്ന് തന്നെ കണ്ടു. കൊച്ചച്ചന് പേടിയായി. അദ്ദേഹം ഓടി സുപ്പീരിയരുടെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു. “ ഞാൻ പണ്ട് കുരിശുരൂപം വെഞ്ചിരിച്ചു കൊടുത്ത വീട്ടിലെ അപ്പച്ചൻ വന്നിട്ടുണ്ട്. കയ്യിൽ വലിയൊരു പൊതിയുമുണ്ട്. ഒരു പക്ഷെ അത് മുഴുവൻ കുരിശു രൂപങ്ങളായിരിക്കാം. എൻ്റെ പ്രാർത്ഥന ഫലിക്കാത്തതുകൊണ്ടു കൂടുതൽ കുരിശുരൂപങ്ങൾ വെഞ്ചിരിച്ചു പറമ്പിൽ മുഴുവൻ കുഴിച്ചിടാനായിരിക്കും. ഞാൻ ഇനി വെഞ്ചിരിച്ചാൽ ശരിക്കാകില്ല. അച്ചൻ, ഞാൻ ഇവിടെ ഇല്ല എന്ന് ആ അപ്പച്ചനോട് പറയണം”.

സുപ്പീരിയറച്ചൻ പക്ഷേ അതിനു വഴങ്ങിയില്ല. കൊച്ചച്ചനെയും കൂട്ടി പാർലറിലേക്ക് നടന്നു. കൊച്ചച്ചൻ്റെ ഹൃദയം നാസിക്ക് ബാൻഡിലെ ഡോളിൽ അടിക്കുന്ന പോലെ ശബ്ദമുണ്ടാക്കുന്നുണ്ട്. അച്ചന്മാരെ കണ്ട വശം അപ്പച്ചൻ എഴുന്നേറ്റ് സ്തുതിചൊല്ലി. എന്നിട്ട് പറഞ്ഞു.

“ഞാൻ ഈ കൊച്ചച്ചനെ ഒന്ന് കാണാൻ വന്നതാണ്”

ഇനി എന്താണ് അപ്പച്ചൻ്റെ വായിൽ നിന്ന് വീഴുക എന്നോർത്തു കൊച്ചച്ചൻ നിൽക്കുകയാണ്.പാർലറിനടുത്ത് വേറെ ഏതെങ്കിലും അച്ചന്മാർ നില്കുന്നുണ്ടോ എന്നാണു കൊച്ചച്ചൻ ശ്രദ്ധിക്കുന്നത്. താൻ തോറ്റ കാര്യം വേറെ ആരെങ്കിലും അറിയുന്നത് നാണക്കേടല്ലേ?

അപ്പച്ചൻ തുടർന്നു “കൊച്ചച്ചൻ വന്നു പ്രാർത്ഥിച്ചു പോന്നതിനുശേഷം എന്താണ് ഉണ്ടായതെന്ന് അറിയാമോ”?

“ഇല്ല” – കൊച്ചച്ചൻ രക്തം വറ്റിയ മുഖത്തോടെ പറഞ്ഞു.

“ആനയും പന്നികളും കുരങ്ങുകളും അന്ന് രാത്രി തന്നെ വന്നു”

ബാക്കിയൊന്നും കേൾക്കാൻ ആവതില്ലാതെ കൊച്ചച്ചൻ നിൽക്കുകയാണ്. അപ്പച്ചൻ തുടർന്നു

“പക്ഷെ അവ ഒരിക്കലും ഒരില പോലും തൊട്ടിട്ടില്ല. ഇപ്പോഴും അവ വരുന്നുണ്ട്. പക്ഷെ ഒരു ശല്യവും ചെയ്യുന്നില്ല. എൻ്റെ വാഴകളും കവുങ്ങും തെങ്ങുമെല്ലാം നന്നായി വളരുന്നുണ്ട്. മാമ്പഴത്തിൻ്റെ കാലമായാൽ കുരങ്ങുകൾ വലിയ ശല്യമാകാറുണ്ട്. ഇപ്പോൾ അവയും ശല്യം ചെയ്യുന്നില്ല. അവ വന്നു അൽപനേരം നിന്ന് ഇറങ്ങിപ്പോകും. ദൈവം അത്ഭുതം പ്രവർത്തിച്ചു, കൊച്ചച്ചന് നന്ദി”

കയ്യിലിരുന്ന പൊതി കൊച്ചച്ചന് നേരെ നീട്ടിയിട്ട പറഞ്ഞു “ഇത് നമ്മുടെ പറമ്പിലെ കുറച്ചു നമ്പ്യാർ മാങ്ങയാണ്. അച്ചന് കൊണ്ടുവന്നതാണ്. അച്ചൻ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞങ്ങൾ പണ്ടേ നശിച്ചുപോയേനെ”

കൊച്ചച്ചൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്. വൈകാതെ അത് ധാരയായി ഒഴുകിയിറങ്ങുകയായി..

ഇസ്രായേൽക്കാരുമായി കാനാൻ ദേശത്തേക്ക് പോകുന്ന മോശയെ മറക്കാനാകുമോ? ചെങ്കടിലൂടെ മറുകര കടന്ന് ഇസ്രായേൽക്കാർ ഷൂർ മരുഭൂമിയിലൂടെ കാനാൻ ദേശത്തേക്ക് നടക്കുകയാണ്. മൂന്നു ദിവസമായി അവർക്ക് കുടിക്കാൻ വെള്ളം കിട്ടിയിട്ട്. എല്ലാവരും ദാഹിച്ചു തളർന്നു. കരുതിയിരുന്ന ജലമെല്ലാം തീർന്നു. ഇനി ഒരടിപോലും വെള്ളം കിട്ടാതെ മുൻപോട്ട് പോകാനാകില്ല. വൈകാതെ അവർ മാറാ എന്നസ്ഥലത്തെത്തി .. അവർക്ക് ചുറ്റിലും വെള്ളമമുണ്ട് . പക്ഷെ അത് കുടിക്കാനാകാത്തവിധം കയ്പ് നിറഞ്ഞയതാണ്. പ്രാർത്ഥന നിറഞ്ഞ കണ്ണുകളോടെ മോശ യഹോവയുടെ പക്കലേക്ക് കൈകൾ ഉയർത്തുന്നു. യഹോവ മോശക്ക് ഒരു തടിക്കഷണം കാണിച്ചു കൊടുക്കുന്നു, അത് മോശയെടുത്ത വെള്ളത്തിലിടുന്നു. വെള്ളം മധുരമുള്ളതാകുന്നു.

ചുറ്റിലുമുള്ള വെള്ള മൊക്കെ കയ്പുനിറഞ്ഞതാകുന്ന ഒരവസ്ഥയിലൂടെയാകാം നാമെല്ലാം കടന്നുപോകുന്നത്. വെള്ളം സമൃദ്ധിയെ ആണ് അപ്രതിനിധാനം ചെയ്യുക. ചുറ്റിലും എല്ലാം സമൃദ്ധിയായുണ്ട്, പക്ഷെ എല്ലാറ്റിനും കയ്പ് രുചിയാണ്. ഒന്നും മനുഷ്യനെ സംതൃപ്തനാക്കുന്നില്ല. എല്ലാം അവനു അരുചികരമാകുന്നു. ദൈവം ഒരു മറക്കഷണം വെള്ളത്തിലിടാൻ ആവശ്യപ്പെടുന്നു. വെള്ളത്തിൻ്റെ കയ്പ്പ് മാറുക മാത്രമല്ല, അത് മധുരമുള്ളതായിക്കൂടി തീരുന്നു. മനുഷ്യൻ കയ്പ്പ് മാറ്റി മധുരമുണ്ടാകാൻ ജീവിതത്തിലേക്ക് ചേർത്തുപിടിക്കേണ്ട മരക്കഷണം കുരിശുമരമാണ്.

ക്രിസ്തുമസ്സ് മനുഷ്യൻ്റെ കയ്പുകളെ മധുരമാക്കാനായി കുരിശുമരണത്തിലേക്ക് യേശു യാത്രയാരംഭിക്കുന്ന ദിവസം കൂടിയാണ്.
ചുറ്റിലുമുള്ളവരുടെ കയ്പുകൾ മാറ്റിയെടുക്കുവാൻ കർത്താവ് ചില മരക്കഷണങ്ങൾ കാണിച്ചു തറുന്നുണ്ടാകാം. അത് നാമെടുത്ത് വെള്ളത്തിലിടേണ്ടിയിരിക്കുന്നു. മധുരം കിനിയുന്ന മരക്കഷണങ്ങൾ കാണിച്ചു തരാൻ മാത്രമേ കർത്താവിനു സാധിക്കൂ, അതെടുത്ത് വെള്ളത്തിലിടേണ്ടത് ഞാൻ തന്നെയാണ്.

കർത്താവ് കാണിച്ചുതന്ന ആ മരക്കഷണങ്ങൾ നീ വെള്ളത്തിലിട്ടിരുന്നെങ്കിൽ എത്രയോ കയ്പുകൾ നിൻ്റെയും മറ്റുള്ളവരുടെയും ജീവിത്തിൽ മധുരമാകുമായിരുന്നു?

– അതിൽപിന്നെ നമ്മുടെ കൊച്ചച്ചൻ്റെ ബാഗിൽ എപ്പോഴും കുരിശുരൂപങ്ങളുണ്ട്. പിള്ളേരെ പിടുത്ത നിറുത്തി ആനയെ പിടിക്കാൻ നടക്കുന്നു.

🖋️ Fr Sijo Kannampuzha OM

Leave a comment