ദിവ്യബലി വായനകൾ Friday of the 3rd week of Advent

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

Friday of the 3rd week of Advent

Liturgical Colour: Violet.
____

ഒന്നാം വായന

ജെറ 23:5-8

ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കും.

ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയും ന്യായവും അവന്‍ നടപ്പാക്കും. അവന്റെ നാളുകളില്‍ യൂദാ രക്ഷിക്കപ്പെടും; ഇസ്രായേല്‍ സുരക്ഷിതമായിരിക്കും. കര്‍ത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവന്‍ അറിയപ്പെടുക. ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍ നിന്നു കൂട്ടിക്കൊണ്ടു വന്ന കര്‍ത്താവാണേ എന്ന് ആരും ശപഥം ചെയ്യാത്ത കാലം വരുന്നു –കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ സന്തതികളെ ഉത്തരദേശത്തു നിന്നും അവിടുന്ന് നാടുകടത്തിയ എല്ലാ രാജ്യങ്ങളില്‍ നിന്നും തിരിച്ചുകൊണ്ടു വന്ന കര്‍ത്താവാണേ എന്നായിരിക്കും അവര്‍ സത്യം ചെയ്യുക. അവര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ പാര്‍ക്കും.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 72:1-2,12-13,18-19

R. അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ! അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

R. അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും. ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു; അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.

R. അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ മഹത്വപൂര്‍ണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ!അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!
ആമേന്‍, ആമേന്‍.

R. അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
____

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയാ, അല്ലേലൂയാ!

മോസസിനു സീനായില്‍ വച്ച് പ്രമാണം നല്‍കിയ ഇസ്രായേലിന്റെ നിയന്താവേ, ഞങ്ങളെ രക്ഷിക്കാന്‍ കൈയുയര്‍ത്തി വരിക.

അല്ലേലൂയാ!
____

സുവിശേഷം

മത്താ 1:18-24

ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞ മറിയത്തില്‍ നിന്ന് ദാവീദിന്റെ പുത്രന്‍ ജനിക്കും.

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതു പോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment