ദിവ്യബലി വായനകൾ ശനി, 19/12/2020

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 19/12/2020

19 December 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. ഹെബ്രാ 10:37

വരാനിരിക്കുന്നവന്‍ വരും; അവിടന്ന് താമസിക്കില്ല;
നമ്മുടെ അതിര്‍ത്തികളില്‍ ആശങ്ക വേണ്ടാ,
എന്തെന്നാല്‍ അവിടന്നു തന്നെയാണ് നമ്മുടെ രക്ഷകന്‍.

സമിതിപ്രാര്‍ത്ഥന

പരിശുദ്ധകന്യകയുടെ പ്രസവം വഴി
അങ്ങേ മഹത്ത്വത്തിന്റെ തേജസ്സ്
ലോകത്തിനു വെളിപ്പെടുത്താന്‍ തിരുവുള്ളമായ ദൈവമേ,
മനുഷ്യാവതാര മഹാരഹസ്യം
വിശ്വാസത്തിന്റെ സമഗ്രതയോടെ ആദരിക്കാനും
എപ്പോഴും ഉചിതമായ ഭക്തിയോടെ ആചരിക്കാനും
ഞങ്ങള്‍ക്കു കൃപയരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ന്യായാ 13:2-7,24-25
കര്‍ത്താവിന്റെ ദൂതന്‍ സാംസന്റെ ജനനം അറിയിക്കുന്നു.

സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ജനനം മുതല്‍ ദൈവത്തിനു നാസീര്‍ വ്രതക്കാരനായിരിക്കും. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍ നിന്ന് ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷന്‍ എന്റെ അടുത്തുവന്നു. അവന്റെ മുഖം ദൈവദൂതന്റേതു പോലെ പേടിപ്പെടുത്തുന്നതാണ്. എവിടെ നിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന്‍ പേരു പറഞ്ഞതുമില്ല. അവന്‍ എന്നോടു പറഞ്ഞു: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലന്‍ ആജീവനാന്തം ദൈവത്തിന് നാസീര്‍ വ്രതക്കാരനായിരിക്കും.
അവള്‍ ഒരു പുത്രനെ പ്രസവിച്ചു. സാംസണ്‍ എന്ന് അവനു പേരിട്ടു. കുട്ടി വളര്‍ന്നു; കര്‍ത്താവ് അവനെ അനുഗ്രഹിച്ചു. സോറായ്ക്കും എഷ്താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 71:3-4a,5-6ab,16-17

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും
ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന് അങ്ങാണ് എന്നെ എടുത്തത്.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

ദൈവമായ കര്‍ത്താവിന്റെ ശക്തമായ
പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും;
ഞാന്‍ അങ്ങേ മാത്രം നീതിയെ പ്രകീര്‍ത്തിക്കും.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങേ അദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

കര്‍ത്താവേ, എന്റെ അധരങ്ങള്‍ അങ്ങേ രക്ഷാകരമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 1:5-25
സ്നാപക യോഹന്നാന്റെ ജനനം ഗബ്രിയേല്‍ ദൂതന്‍ അറിയിക്കുന്നു.

ഹേറോദേസ്‌ യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ. അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു. തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ, പൗരോഹിത്യവിധി പ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറിവീണു. ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ ധൂപപീഠത്തിന്റെ വലത്തുവശത്തു നില്‍ക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു. ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കുകയും ചെയ്യും. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും. ഇസ്രായേല്‍ മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന്‍ തിരികെ കൊണ്ടുവരും. പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേ പോകും. സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതന്‍ മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.
ജനം സഖറിയായെ കാത്തുനില്‍ക്കുകയായിരുന്നു. ദേവാലയത്തില്‍ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അത്ഭുതപ്പെട്ടു. പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശനമുണ്ടായി എന്ന് അവര്‍ മനസ്സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു. തന്റെ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ വീട്ടിലേക്കു പോയി. താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു: മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ബലിപീഠത്തില്‍
ഞങ്ങളര്‍പ്പിക്കുന്ന കാണിക്കകള്‍
കാരുണ്യപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങനെ, ഞങ്ങളുടെ ബലഹീനതയില്‍ ഞങ്ങള്‍ കാഴ്ചയണയ്ക്കുന്നവ
അങ്ങേ ശക്തിയാല്‍ പവിത്രമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:78-79

നമ്മുടെ പാദങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍
ഉന്നതത്തില്‍നിന്ന് ഉദയസൂര്യന്‍ നമ്മെ സന്ദര്‍ശിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങു ഞങ്ങളില്‍ ചൊരിഞ്ഞ ദാനങ്ങള്‍ക്ക്
ഞങ്ങള്‍ നന്ദിപറയുമ്പോള്‍,
വരാനിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കായുള്ള ആഗ്രഹം
ദയാപൂര്‍വം ഞങ്ങളില്‍ ജനിപ്പിക്കണമേ.
അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ രക്ഷകന്റെ ജനനം
നിര്‍മലമാനസരായി ആദരപൂര്‍വം സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

One thought on “ദിവ്യബലി വായനകൾ ശനി, 19/12/2020

Leave a comment