🎄🎄🎄 December 19 🎄🎄🎄
വിശുദ്ധ അന്റാസിയൂസ് ഒന്നാമന് പാപ്പ
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
റോമില്‍ മാക്സിമസിന്റെ മകനായാണ് അന്റാസിയൂസ് ഒന്നാമന് മാര്‍പാപ്പയുടെ ജനനം. അന്റാസിയൂസ് 399 നവംബര്‍ 27ന് മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഏതാണ്ട് രണ്ടു വര്‍ഷത്തോളം അദ്ദേഹം പരിശുദ്ധ സഭയെ ഭരിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നത് ഒരിജെന്റെ അബദ്ധ പ്രബോധനങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ നടപടികള്‍ മൂലമാണ്. ഒരിജെന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായവര്‍ മൂലം തിരുസഭക്ക് സംഭവിക്കാവുന്ന നാശങ്ങളില്‍ നിന്നും സഭയെ പ്രതിരോധിക്കുന്നതിനായി അദ്ദേഹം ഒരിജെന്‍ ആശയങ്ങള്‍ തെറ്റാണെന്ന് പ്രഖ്യാപിച്ചു. കൂടാതെ ആഫ്രിക്കയിലെ മെത്രാന്മാരോട് ഡോണോടിസത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് തുടരുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശുദ്ധിയും ഭക്തിയും അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ സഹായകരമായിട്ടുണ്ട്. വിശുദ്ധ ജെറോമും തന്റെ സ്വന്തം രീതിയില്‍ അന്റാസിയൂസിന്റെ പ്രവര്‍ത്തനങ്ങളെ തുണച്ചിട്ടുണ്ട്, കൂടാതെ വിശുദ്ധ ആഗസ്റ്റിനെ, വിശുദ്ധ പോളിനാസ് തുടങ്ങിയവര്‍ വിശുദ്ധിയുടെ മാതൃകയായി ഇദ്ദേഹത്തെ വാഴ്ത്തി. അന്റാസിയൂസ് ഒന്നാമന് മാര്‍പാപ്പയാണ്, സുവിശേഷം വായിക്കുമ്പോള്‍ നില്ക്കുവാനും തങ്ങളുടെ തലകുനിച്ച് വണങ്ങുവാനും പുരോഹിതന്മാര്ക്ക് നിര്‍ദേശം നല്‍കിയത്. 401-ല്‍ വെച്ചു വിശുദ്ധന് മരണമടഞ്ഞു.
റോമിലെ രക്തസാക്ഷി സൂചികയില്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു “കടുത്ത ദാരിദ്ര്യത്തിലും, അപ്പസ്തോലിക വിശുദ്ധിയിലും ജീവിച്ച അന്റാസിയൂസ് ഒന്നാമന് മാര്‍പാപ്പ റോമില്‍ വച്ച് മരിച്ചു. റോം ഇദ്ദേഹത്തെ കൂടുതലായി അര്‍ഹിക്കുന്നില്ല എന്നാണു വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുള്ളത്”.
ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄
- സിറിയാക്കൂസ്, പൗളിള്ളുസ്, സെക്കുന്തോസ്, അനസ്താസിയൂസ്, സിന്റീമിയൂസു
- നിസെയായിലെ ദാരിയൂസ്, സോസിമൂസ്, പോള്‍, സെക്കുന്തൂസ്
- സിര്‍മിയത്തിലെ ഫൗസ്താ
- ഔക്സേരിയിലെ ഗ്രിഗറി
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
🙏പ്രഭാത പ്രാർത്ഥന..🙏
കർത്താവ് തന്നു. കർത്താവ് എടുത്തു.കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ.. (ജോബ് :1/21)
അങ്ങയുടെ കല്പനകൾ പാലിക്കാൻ ഉറച്ചു കൊണ്ട് ഈ പ്രഭാതത്തിൽ അവിടുത്തെ അരികിൽ അണയുന്ന എന്റെ ജീവന് അങ്ങയുടെ കരം എന്നും താങ്ങായിരിക്കേണമേ. ദിവ്യബലിയിൽ പങ്കെടുക്കുകയും വചനം വായിച്ചു ധ്യാനിക്കുകയുമൊക്കെ ചെയ്യുന്നവരാണെങ്കിലും ജീവിതത്തിലെ തകർച്ചകളുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട് ഒരിക്കലും കർത്താവിനെ മഹത്വപ്പെടുത്താൻ എന്റെ നാവ് ഉയരാറില്ല. മനസ്സ് അതിനു തക്ക വിശ്വാസത്തിൽ പാകപ്പെടാറുമില്ല. നിന്നിൽ ആശ്രയിച്ചു ജീവിച്ചിട്ടും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന നേട്ടങ്ങളെല്ലാം ഇന്നു നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്കു വഴിമാറി ചേർന്നു. നിന്നിൽ ആശ്രയിച്ചു ജീവിച്ചതിന്റെ ഒരു മേന്മയും പാപികളുടെ ജീവിതത്തേക്കാൾ മെച്ചമുള്ളതായി എനിക്കു കിട്ടിയിട്ടില്ല. എന്റെ സന്തോഷങ്ങളും സൗഭാഗ്യങ്ങളുമെല്ലാം നഷ്ട്ടപ്പെട്ടു തകർന്ന അവസ്ഥയിലേക്ക് എന്റെ ജീവിതം മാറിയില്ലേ.. ഇതിനു മാത്രം നിനക്കെതിരായി ഞാൻ എന്തു പാപം ചെയ്തു.. എന്ന വിലാപസ്വരം മാത്രമാണ് എന്റെ ഹൃദയം കവിഞ്ഞു പുറത്തേക്കു വരുന്നത്..
കർത്താവേ.. സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത ഈ ലോകത്ത് ഞാൻ ഇന്നായിരിക്കുന്ന ഏതൊരവസ്ഥയും എന്റെ ദൈവത്തിന്റെ ദാനമാണ് എന്ന വിശ്വാസത്തിന്റെ തിരിച്ചറിവിലേക്ക് എന്റെ ഹൃദയത്തെ ഉയർത്തേണമേ നാഥാ.. അപ്പോൾ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും ഏറ്റക്കുറച്ചിലുകളിൽ മനസ്സു തിരയാതെ തന്നെ അങ്ങയെ മഹത്വപ്പെടുത്താൻ എന്റെ നാവ് ഉയരുക തന്നെ ചെയ്യും. ദൈവകരങ്ങളിൽ നിന്നും നന്മ സ്വീകരിക്കാൻ മടി കാണിക്കാതിരുന്ന ഞാൻ അവൻ അനുവദിച്ചു നൽകുന്ന തിന്മയെ സ്വീകരിക്കാനും മടി കാണിക്കാതിരിക്കുന്ന ദൈവാനുഭവത്തിലേക്ക് വളരുകയും ചെയ്യും. കർത്താവ് അനുവദിച്ചു തരുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ നിറവേറുകയും, കർത്താവിന്റെ നാമം എന്നും മഹത്വപ്പെടുകയും ചെയ്യട്ടെ എന്ന നിഷ്കളങ്കമായ പ്രാർത്ഥനയോടെ അവിടുത്തെ വിശ്വാസത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരിക്കുന്ന ദൈവമക്കളായി മാറാൻ നമുക്കും അവിടുത്തെ അനുഗ്രഹം തേടാം..