❤️🎈 ക്രിസ്തുമസ് ബലൂൺ🎈❤️2020🎊🎉🎆22❤️💞💕

❤️🎈 ക്രിസ്തുമസ് ബലൂൺ🎈❤️2020🎊🎉🎆22❤️💞💕

ജോർജ്ജച്ചൻ പ്രീസ്റ്റ് ഹോമിൽ വിശ്രമത്തിലാണ്. പതിറ്റാണ്ടുകൾ നീണ്ട അജപാലനശുശ്രൂഷ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും മനസ്സിനെയും ആത്മാവിനെയും ഇപ്പോഴും തളർത്തിയിട്ടില്ല. സംസാരത്തിൽ ആ ചൂട് തൊട്ടറിയാം. അച്ചൻ പ്രഭാതത്തിലെ തിരക്കുകൾ കഴിഞ്ഞ്, ചായ കുടിച്ച്, പത്ര പാരായണത്തിലാണ്. പത്രമെല്ലാം വായിച്ചു, കൂടെയുള്ള വൈദീകരോട് കുശലം പറഞ്ഞിരിക്കുമ്പോഴാണ് TV റൂമിൽ നിന്ന് തോമസച്ചൻ വിളിച്ചത്. സാവധാനം എഴുന്നേറ്റ് TV റൂമിലേക്ക് ചെന്നു.

“ടീവിയിൽ കാണുന്നത് എന്താണെന്ന് നോക്കിയേ?”

“എന്താണ്?” അൽപനേരം നോക്കിയിട്ട് ജോർജ്ജച്ചൻ തുടർന്നു. “ഇതേതോ സിനിമാക്കാരുടെ അവാർഡ് ദാനച്ചടങ്ങല്ലേ ?”

“അതെ.”

“ഇത് കാണാനാണോ എന്നെ വിളിച്ചത്? ഇതൊന്നും എനിക്ക് താത്പര്യമില്ലെന്ന് അറിഞ്ഞൂടെ?”

“അതെനിക്കറിയാം. പക്ഷേ അവർ നിങ്ങളുടെ പേരാണ് പറയുന്നത്. അതുകൊണ്ടു വിളിച്ചതാണ്”

“എൻ്റെ പേരോ?”

“Fr ജോർജ് പുതുമന എന്നാണവർ പറഞ്ഞത്“

“അവർ ആരാണ്?”

“മനസ്സിലായില്ലേ? ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വാങ്ങുന്ന കുട്ടിയാണ്. ഏയ്ഞ്ചൽ ജോയ്. എന്നാണു ആ കുട്ടിയുടെ പേര്. നമ്മുടെ തമ്പലക്കാട് ഇടവകക്കാരിയാണ്”

“തമ്പലക്കാടോ? അതിരിക്കട്ടെ അവളെന്തിനാ എൻ്റെ പേര് പറഞ്ഞത്?”

“അവളെ പ്രോത്സാഹിപ്പിച്ചതും വളർത്തിയതും അവൾക്ക് ഉത്തേജനം പകരുന്നതും ജോർജച്ചൻ ആണെന്നാണ് അവളിപ്പോൾ പറഞ്ഞത്. ആളിപ്പോൾ വളരെ പ്രശസ്തയാണ്. സിനിമാരംഗത്തെ അറിയപ്പെടുന്ന പാട്ടെഴുത്തുകാരിയാണ്”

“മുഖമൊന്നും ടീവിയിൽ കണ്ട് മനസ്സിലാക്കാൻ പറ്റാതായി. എന്തെങ്കിലുമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ”

“എയ്‌ഞ്ചൽ ജോയ്, തമ്പലക്കാട്.. “ ഈ പേരുകൾ ഉരുവിട്ടുകൊണ്ട് ജോർജ്ജച്ചൻ പതിയെ റൂമിലേക്ക് പോയി.

സാവധാനം ഓർമ്മകളുടെ വാതിലുകൾ തുറന്നുകൊണ്ടു ഒരു കുഞ്ഞുപെൺകുട്ടി അച്ചൻ്റെ മനസ്സിലേക്ക് വന്നു. എന്നും അതിരാവിലെ പള്ളിയിലെ കുർബ്ബാനയ്ക്ക് വന്നിരുന്ന, അൾത്താരയോട് ചേർന്ന് എന്നും കൈകൾകൂപ്പി നിന്നിരുന്ന, ഉറക്കെ പാട്ടുകൾ പാടിയിരുന്ന, തലയിലൂടെ ഷോൾ ഇട്ട്, തല മറച്ചു നിൽക്കുന്ന ഓമനത്വമുള്ള ഒരു മുഖം.
കുര്‍ബ്ബാന കഴിഞ്ഞാലും എന്നും തൻ്റെ അടുത്ത് വന്നു സ്തുതി പറയാതെ പോകാറില്ലാത്ത മിടുക്കിയായ പെൺകുട്ടി. മഠത്തിനടുത്തായിരുന്നതിനാൽ അവളെന്നും സിസ്റ്റേഴ്‌സിൻ്റെ കൂടെ പള്ളിയിൽ വന്നിരുന്നു. ജോയിച്ചേട്ടനും ഭാര്യക്കും മൂന്നു കുട്ടികളാണ്. മൂത്തവർ രണ്ടും ആൺകുട്ടികൾ, ഏയ്ഞ്ചൽ ആണ് മൂന്നാമത്തവൾ. കുട്ടികളെല്ലാം പഠിക്കുകയാണ്. ജോയിച്ചേട്ടനും ഭാര്യയും കൃഷിയും മറ്റുമായി കഴിയുന്നു.

ജോയിചേട്ടനു ഒരു കുഴപ്പമുണ്ട്. അദ്ദേഹം ഒരു സംശയരോഗി ആയിരുന്നു. വീട്ടിൽ ഇലക്ട്രീഷനും പ്ലമ്പറും പോസ്റ്റുമാനും പോലും വരാൻ പറ്റാത്ത വിധത്തിൽ സംശയമുള്ളയാൾ. അതാ കുടുംബത്തിൻ്റെ താളം തെറ്റിച്ചു. എന്നും വഴക്കും ബഹളവും മാത്രം. പള്ളിയിൽ പോകാനോ, ആരോടെങ്കിലും സംസാരിക്കാനോ, സ്വന്തം വീട്ടിൽ പോകാനോ ഒന്നും ജോയിച്ചേട്ടൻ ഭാര്യയെ സമ്മതിച്ചിരുന്നില്ല. കുട്ടികളുടെ ആവശ്യങ്ങൾക്ക് സ്കൂളിലോ, സാധനങ്ങൾ വാങ്ങാൻ അയല്പക്കത്തേക്കോ പോകാൻ ആകാത്തവിധം ആയിരുന്നു കാര്യങ്ങൾ.

എപ്പോഴെങ്കിലും ആരെങ്കിലും വീട്ടിൽ എത്തിയാൽ, അവർ പോയ്ക്കഴിയുമ്പോൾ കൊടിയ മർദ്ദനവും മനസ്സീകപീഡയുമാണ് ആ പാവം സ്ത്രീ നേരിടേണ്ടി വന്നത്. മാത്രമല്ല, കേട്ടാൽ ചെവിപൊട്ടിപ്പോകുന്ന വാക്കുകളാണ് അദ്ദേഹം ദേഷ്യം വരുമ്പോൾ പറഞ്ഞിരുന്നത്. ജോയിച്ചേട്ടന് ആൺകുട്ടികളോട് മാത്രമായിരുന്നു സ്നേഹം. ഒരിക്കലും എയ്ഞ്ചലിനെ സ്നേഹിക്കാനോ ലാളിക്കാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല, അവളുടെ കാര്യത്തിൽ പിതാവിനടുത്ത ശ്രദ്ധയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ആയിടെ പള്ളിയിൽ നടത്തിയ മത്സരങ്ങളിൽ കവിതാ രചനയ്ക്ക് എയ്ഞ്ചലീനായിരുന്നു ഒന്നാം സ്ഥാനം. സിസ്റ്റേഴ്‌സിൻ്റെ നിർബന്ധത്തിനു വഴങ്ങി എഴുതിയതാണെങ്കിലും മനോഹരമായ ഒരു കവിത അവൾ മാതാവിനെക്കുറിച്ചെഴുതി. അത് വായിച്ചപ്പോൾ അച്ചനും വളരെ സന്തോഷം തോന്നി. അവളിൽ ഒരു പ്രതിഭ മറഞ്ഞിരിക്കുന്നുണ്ടെന്ന് അച്ചന് ബോധ്യമായി. പിറ്റേ ദിവസം അവൾ സ്തുതി പറയാനായി വന്നപ്പോൾ അച്ചനവൾക്ക് സമ്മാനമായി നൽകിയത് ഒരു പേനയായിരുന്നു,. എന്നിട്ട് പറഞ്ഞു. “ഇനിയും എഴുതണം. ഒത്തിരി എഴുതണം. അങ്ങനെ അറിയപ്പെടുന്ന എഴുത്തുകാരിയാകണം. കേട്ടോ.”
തലകുലുക്കി പുഞ്ചിരിയോടെ, ആത്മവിശ്വാസത്തോടെ നടന്നുപോയ എയ്ച്ചലിൻ്റെ മുഖം അച്ചൻ്റെ മനസിലേക്ക് കടന്നു വന്നു.

വൈകാതെ ഫൊറോനാ തലത്തിലുള്ള മത്സരത്തിന് സമയമായി. എയ്ഞ്ചൽ മത്സരിക്കാനുണ്ട്. പക്ഷെ അവളെ ഒരിക്കലും ഒരു പരിപാടിയിലും പങ്കെടുക്കാൻ ജോയിച്ചേട്ടൻ സമ്മതിക്കുകയില്ല. അവൾ പലപ്രാവശ്യം കെഞ്ചി നോക്കിയതാണ്. ജോയിച്ചേട്ടൻ സമ്മതിച്ചില്ല എന്ന് മാത്രമല്ല, ഇനി ആ കാര്യം ചോദിക്കരുതെന്നും ഓർഡർ ഉണ്ട്. എയ്ഞ്ചലിന് വളരെ വിഷമമുണ്ട്. അവൾക്കും കൂട്ടുകാരുടെ കൂടെ ഫൊറോനാ മത്സരത്തിന് പോകണമെന്നും മത്സരത്തിൽ പങ്കെടുക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, ചാച്ചൻ സമ്മതിക്കുകയില്ല എന്നവൾക്കറിയാവും. അച്ചനും ധർമ്മസങ്കടത്തിലായി. മത്സരത്തിന് പോകേണ്ട ദിവസമെത്തി. മത്സരത്തിൽ പങ്കെടുക്കേണ്ടവർക്കായി ഫൊറോനയിലേക്ക് പോകാൻ വണ്ടിയൊരുക്കിയിട്ടുണ്ട്. സിസ്റ്റേഴ്‌സും മത്സരിക്കാനുള്ള കുട്ടികളും വന്നു. എയ്ഞ്ചൽ ഇനിയും വന്നിട്ടില്ല. ജോർജ്ജച്ചൻ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. എയ്ഞ്ചലിൻ്റെ അമ്മയാണ് ഫോണെടുത്തത്.

“എയ്ഞ്ചൽ ഇനിയും എത്തിയില്ലല്ലോ ?“

“അച്ചാ, അവൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.”

“ആണോ, എങ്കിൽ സാരമില്ല. അവളെ വേഗം ഇങ്ങോട്ടെത്തിക്കണേ. പോകാൻ സമയമായി”.

“ഇപ്പോൾ വിടാം അച്ചാ”

അമ്മ ഫോൺ വച്ചു. അവർ ചെന്ന് ജോയിചേട്ടനോട് കാര്യങ്ങൾ പറഞ്ഞു. വർദ്ധിച്ച ദേഷ്യത്തോടെ ആക്രോശിച്ചുകൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്. അത് കേട്ട് ആ കുഞ്ഞു വിറച്ചുപോയി. ദേഷ്യം തീരാതെ അയാൾ ഏയ്ഞ്ചലിൻ്റെ അരികിലേക്കെത്തി. ആലില പോലെ വിറച്ചുനിൽക്കുന അവളോട് ചോദിച്ചു. “നിനക്ക് മത്സരത്തിന് പോകണമോടീ ?”

ഭയന്നുവിറച്ച അവൾക്ക് എന്താണ് പറയേണ്ടതെന്ന് കൂടി അറിയില്ലായിരുന്നു. ഏതായാലും അവൾ സത്യം പറഞ്ഞു

“എനിക്ക് പോകണം“

“ഠപ്പേ” എന്നൊരു ശബ്ദമാണ് മറുപടിയായി കിട്ടിയത്. പേടിച്ചു നിൽക്കുന്ന ആ പാവം കുഞ്ഞിൻ്റെ മുഖത്ത് ആ മനുഷ്യൻ്റെ തഴമ്പുവീണ കൈകൾ ആഞ്ഞുപതിച്ചു.

എയ്ഞ്ചൽ വീണുപോയി. കരഞ്ഞുകൊണ്ട് അമ്മ വന്നു അവളെ എഴുന്നേൽപ്പിച്ചു. എന്തൊക്കെയോ അവർ പുലമ്പുന്നുണ്ട്. എയ്ഞ്ചലിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായതുപോലുമില്ല. കണ്ണിൻ്റെ താഴെയായി, ആ ചെറിയ മുഖത്ത് വിരലുകൾ തിണർത്തുകിടക്കുന്നു. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ള മൊഴുകുന്നുണ്ട്.

കുഞ്ഞു വീണതുകണ്ടപ്പോൾ ജോയിച്ചേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. എയ്ഞ്ചൽ എഴുന്നേറ്റ് ഉടുപ്പുമാറ്റി അച്ചൻ സമ്മാനമായി നൽകിയ പേനയുമെടുത്ത് പള്ളിയിലേക്കോടി. പള്ളിയിലെത്തിയപ്പോഴേക്കും അവളുടെ മുഖം നീരുവന്ന് വീർത്തിരുന്നു. വേദനയോടെ, കരഞ്ഞുകൊണ്ട് വരുന്ന അവളെ ജോർജ്ജച്ചൻ അകലെ നിന്ന് തന്നെ കണ്ടു. അച്ചൻ അവളുടെ അടുത്തേക്ക് ചെന്നു. അവളെ കണ്ടമാത്രയിൽ അദ്ദേഹത്തിൻ്റെ ഉള്ളം പിടഞ്ഞു. അവൾ കരഞ്ഞുകൊണ്ട് അച്ചൻ്റെ ളോഹയിലേക്ക് ചേർന്ന് നിന്നു. ഒന്നും പറയാതെ തന്നെ അച്ചന് എല്ലാം മനസ്സിലായി. അച്ചൻ അവളെയും കൊണ്ട് മത്സരത്തിന് തിരിച്ചു. അച്ചൻ്റെ കൂടെ മുൻസീറ്റിലാണ് അവളെ ഇരുത്തിയത്. മുഖം വേറെ ആരും കാണാതിരിക്കാൻ അവൾ ഷാൾ ഇട്ട് മറച്ചിരുന്നു. എങ്കിലും ആർക്കൊക്കെയോ എന്തൊക്കെയോ മനസ്സിലായിരുന്നു.

മത്സരം തുടങ്ങി. കവിതാ രചനയ്ക്കുള്ള വിഷയം നൽകപ്പെട്ടു. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിലെ പതിമ്മൂന്നാം അദ്ധ്യായം ആണ് വിഷം. “സ്നേഹം – സർവ്വോത്കൃഷ്ടം”. എയ്ഞ്ചൽ മുഖം വേദനിച്ചാണ് ഇരിക്കുന്നത്. അവളുടെ കണ്ണുകൾ നീര് വന്നുവീർത്തു. മുഖം മുഴുവൻ ചുമന്നു. എങ്കിലും എഴുത്തിൽ മാത്രമാണ് അവളുടെ ശ്രദ്ധ.

അച്ചൻ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട്, അവൾ ശ്രദ്ധ മാറാതെ എഴുതുന്നുണ്ട്. അവളുടെ മനസ്സിലൂടെ കടന്നുപോകുന്ന വേദന വേറെ ആരും അറിഞ്ഞില്ല. മത്സരം കഴിഞ്ഞ് വേഗം പള്ളിയിൽ തിരിച്ചെത്തി. അച്ചൻ അവളെ ആശ്വസിപ്പിച്ചു. പോക്കെറ്റിൽ നിന്ന് രണ്ടു മിഠായിയും എടുത്ത് കൊടുത്തു. അവൾ വീട്ടിലേക്കും മടങ്ങി.

പിറ്റേ ദിവസം ഞായറാഴ്ച കുബ്ബാനക്കിടയിൽ അച്ചൻ അറിയിപ്പ് വായിച്ചു. “ഫൊറോനാ മത്സരത്തിൽ എയ്ഞ്ചലിന് കവിതാ രചനയിൽ ഒന്നാം സ്ഥാനം“.

പള്ളിയിൽ വരുമ്പോഴെല്ലാം അച്ചനവൾക്ക് സ്നേഹസേനയും ബൈബിൾ കഥകളുമെല്ലാം വായിക്കാൻ കൊടുക്കുമായിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും നൽകും. കവിതകൾ എഴുതി അവൾ അച്ചനെ കാണിക്കുമായിരുന്നു. വേഗം മൂന്നുവർഷങ്ങൾ കടന്നുപോയി. അച്ചന് വേറെ ഇടവകയിലേക്ക് മാറ്റമായി. അച്ചൻ മാറി പോകുന്ന അന്ന് ആ ഇടവകയിൽ ഏറ്റവും കൂടുതൽ കരഞ്ഞത് എയ്ഞ്ചൽ ആയിരുന്നു. അവൾ അന്ന് പള്ളിയിലേക്ക് അച്ചനെ കാണാൻ പോയതേ ഇല്ല. യാത്ര പറയാതെയാണ് അച്ചൻ അവളെ പിരിഞ്ഞത്. എല്ലാ വർഷവും, എയ്ഞ്ചലിൻ്റെ വിവാഹം കഴിയുന്നതുവരെ അച്ചനവൾക്ക് ക്രിസ്തുമസ് കാർഡ് അയക്കുമായിരുന്നു.

മേശപ്പുറത്തിരുന്ന് ഫോൺ ബെല്ലടിക്കുകയാണ്. ജോർജ്ജച്ചൻസാവധാനം എഴുന്നേറ്റ് ഫോൺ എടുത്തു. മറുവശത്തുനിന്ന് സ്തുതി പറയുന്നുണ്ട്. അച്ചനും സ്തുതി പറഞ്ഞു. “അച്ചാ, ഞാൻ ആരാണെന്നു മനസ്സിലായോ?”

“ഇല്ല”

“ഞാൻ എയ്ഞ്ചൽ ജോയ് ആണ്. തമ്പലക്കാട് ഇടവക. – ഓർമ്മയുണ്ടോ? അച്ചൻ എന്നെ ജീപ്പിൻ്റെ മുന്നിലിരുത്തി ഫൊറോനാ മത്സരത്തിന് കൊണ്ടുപോയത് ഓർമ്മയുണ്ടോ? എൻ്റെ കവിത സ്നേഹസേനയിലേക്ക് അയച്ചു കൊടുത്തത് ഓർമ്മയുണ്ടോ? എൻ്റെ കവിതകൾ വായിച്ച് സമ്മാനങ്ങൾ തരാറുള്ളത് ഓർമ്മയുണ്ടോ/? അച്ചൻ ആദ്യം തന്ന പേന ഇപ്പോഴും എൻ്റെ കയ്യിലുണ്ട്. പോകാറായപ്പോൾ അച്ചൻ തന്ന ഡയറിയും ഉണ്ട്”

“ഉവ്വ് . എനിക്കോർമ്മയുണ്ട്”

“ഞാൻ നാളെ അച്ചനെ കാണാൻ വന്നോട്ടെ?”

ബലിയർപ്പിക്കാൻ കൊണ്ടുവന്ന ആട്ടിൻകുട്ടികളിലൊന്നിനെ ഊനമറ്റതല്ലാത്തതുകൊണ്ട് ദേവാലയത്തിൽ നിന്ന് ഓടിച്ചുവിടുന്ന ഒരു കഥ പറയുന്നുണ്ട് ബോബിയച്ചൻ. ആർക്കും വേണ്ടാതിരുന്ന, എല്ലാവരാലും അവഗണിക്കപ്പെട്ടിരുന്ന കുഞ്ഞാട് അവസാനം ദൈവത്തിനു ബലിയാകുവാൻ തീരുമാനിച്ചു ദേവാലയത്തിലേക്കെത്തുന്നു. പക്ഷെ പുരോഹിതർ ന്യൂനതകളുടെ പേരിൽ കുഞ്ഞാടിനെ ഒഴുവാക്കുകയാണ്. ദൈവത്തിനുപോലും തന്നെ ആവശ്യമില്ലെന്ന ദുഃഖത്തിൽ ആർത്തലച്ചുകരഞ്ഞുകൊണ്ട് ആ കുഞ്ഞാട് ദേവാലയ പടവുകൾ ഇറങ്ങുകയാണ്. പക്ഷേ ഒരാൾ ആ കുഞ്ഞാടിനെ കോരിയെടുക്കുന്നു, മാറോട് ചേർക്കുന്നു, തോളിലേറ്റുന്നു, എന്നിട്ട് ചുറ്റുമുള്ളവരോട് പറയുന്നു “നിങ്ങളിലാരാണ് തനിക്കു നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്‌ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്‌, നഷ്‌ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്‌?”

നാമെല്ലാവരും ഊനമറ്റ കുഞ്ഞാടുകളെ തേടി അലയുന്നവരാണ്. ഏറ്റവും ഗുണമേന്മയുള്ള, ലാഭമുള്ള, കൂടുതൽ ഇറച്ചിയും പാലും നൽകുന്ന ആരോഗ്യമുള്ള ആടുകളെയാണ് നമുക്കിന്നും ആവശ്യം. പക്ഷെ ആരോഗ്യമില്ലാത്ത, ലാഭം നൽകാത്ത, വീണുപോയ ആടുകളെ ആര് നോക്കും? ഇടയൻ്റെ തോളിലെ ആട് എപ്പോഴും പരിക്കുള്ളതായിരിക്കും എന്നൊരു ധ്യാനമുണ്ട്. അതിനു നടക്കാനാകാത്തതിനാൽ ഇടയൻ അതിനെ തോളിലേറ്റുകയാണ്. ഭക്ഷണം സ്വയം കഴിക്കാത്തതിനാൽ അതിനു ഭക്ഷണം കണ്ടെത്തി കൊടുക്കുകയാണ്.

നീയും ഞാനുമൊക്കെ ഇടയനാണ്. എനിക്കും നിനക്കും ഏല്പിയ്ക്കപ്പെട്ട ആടുകളുമുണ്ട്. പലപ്പോഴും നാം അവശതയനുഭവിക്കുന്ന ആടുകളെ ഒഴിവാക്കുകയാണ്. അവയെ പിടിച്ച് എത്രയും വേഗം വിൽക്കും. അല്ലെങ്കിൽ ഒഴിവാക്കും. ഒഴിവാക്കാനും ഉപേക്ഷിക്കാനും എളുപ്പമാണ്. മുറിവുകൾ വച്ചുകെട്ടാനും തോളിലെടുക്കാനും ഭക്ഷണം നൽകാനും ബുദ്ധിമുട്ടാണ്. ക്രിസ്തുമസ്സ് ഈ ബുദ്ധിമുട്ടുകൾ സഹിക്കുന്നവർക്കുള്ള ആഘോഷമാണ്. തോളിൽ മാനവകുലത്തിന് രക്ഷ നൽകാനായി കുരിശു ചുമക്കുവാൻ ഭൂയിൽ അവതരിക്കുന്ന അനുഗ്രഹരാത്രി..

അവൻ്റെ പുൽക്കൂട്ടിൽ അവനെ കാണാനെത്തിയ ഇടയന്മാരുടെ ചുമലിൽ ആടുകളുണ്ടായിരുന്നു. സ്വർഗ്ഗത്തിൻ്റെ വാതിൽക്കൽ പത്രോസുണ്ട്. ചുമലിൽ ആടുമായി വരുന്നവരെ ഒന്നും ചോദിക്കാതെ കടത്തിവിടണം എന്നാണു ദൈവം കൊടുത്തിരിക്കുന്ന നിർദ്ദേശം.

🖋️ Fr Sijo Kannampuzha OM

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s