മറിയോത്സവം 22

✝️ മറിയോത്സവം 22 🛐 💖

പ്രേമം മരണത്തെപ്പോലെ ശക്തമാണ്

ഉത്തമഗീതം 8 : 6

“ഇത്രയും കാലത്തെ അനുഭവത്തിൽ നിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളൂ”

കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിലെ നായിക ചേതന ഗൃദ്ധാ മല്ലിക്ക് പറയുന്ന വാക്കുകളാണ്. ശരിയാണ്, പ്രണയം മരണത്തെപ്പോലെ ശക്തവും മരണത്തേക്കാൾ അനിശ്ചിതത്വം നിറഞ്ഞതുമാണ്.

പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തിൽ ആറു ഗീതങ്ങൾ ഉൾക്കൊളളുന്നതാണ് ഉത്തമഗീതം. ആദിമക്രൈസ്തവർ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചത്. ക്രിസ്തു മണവാളനും സഭ മണവാട്ടിയുമെന്നത് പൗളിയൻ പ്രബോധനത്തിലെ സുപ്രധാനമായ ഒരു പരികൽപനയാണല്ലോ.

അനുരാഗം, വിവാഹം എന്നിവ കൂടാതെ, വിശ്വാസം, ഭക്തി, യാചന, മോക്ഷം എന്നിവയും പ്രണയം എന്ന പദത്തിന്റെ അർത്ഥങ്ങളാണെന്ന് അറിയുമ്പോഴാണ് അതൊരു ഭക്തിസൂചകമായ പദമാണെന്ന് നാം മനസ്സിലാക്കുന്നത്. പ്രേമം എന്നതിന് സ്നേഹം എന്നും, പ്രണയിക്കുക എന്നതിന് സ്നേഹിക്കുക, നയിക്കുക, ഉദ്ധരിക്കുക, പങ്കിട്ടുകൊടുക്കുക എന്നുമൊക്കെയാണ് അർത്ഥം. അതെ, മാംസനിബദ്ധമായ കാമനകളുടെ പേരല്ല; ആത്മനിബദ്ധമായ അനുരാഗത്തിന്റെ പേരാണ് പ്രണയം.

വ്യത്യസ്തമാണെങ്കിലും എന്തിനോടെങ്കിലും പ്രണയമുള്ളതുകൊണ്ടാണ് നാം ഈ കളിമൺ കൂടാരത്തിൽ തുടരുന്നത്. ജീവിതനൈരാശ്യമെന്നത് സത്യത്തിൽ പ്രണയനൈരാശ്യമാണ്.ഒന്നിനോടും പ്രണയം തോന്നാതിരിക്കുന്ന അവസ്ഥ. അപ്പാഴാണ് സ്വയം പൂർണ്ണവിരാമമിട്ട് പാതിവഴിയിൽ മനുഷ്യർ മടങ്ങുന്നത്.

അവൾക്കുമുണ്ടായിരുന്നു ഒരു പ്രണയം! കുട്ടിക്കാലം മുതലേ ഉള്ളതാണ്. ജനിച്ചനിമിഷം മുതൽ ഉള്ളതെന്നതാകും കൂടുതൽ ശരി. അതോ ജനിക്കുന്നതിനും മുമ്പോ? ഓർമവച്ചനാൾ മുതൽ ഹൃദയത്തിന്റെ ശ്രീകോവിലിൽ അവൾ പൂജിക്കുന്നതാണ്. ഒടുവിൽ അത്യുദാത്തമായ ആ പ്രണയം അസാധാരണമാം വിധം പൂവണിഞ്ഞപ്പോൾ അവൾ പാടുന്നത് നോക്കൂ:

” എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.

എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.

ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും.

ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.
അവിടുത്തെ നാമം പരിശുദ്ധമാണ്.

അവിടുത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും…….

നിഷ്ഠയോടെ ഉപാസിച്ചു വളർത്തിയ ആ പ്രണയത്തിന് സ്വർഗം നൽകിയ സമ്മാനമാണ് ഉദരത്തിൽ ഉരുവായ ദൈവാത്മജൻ ! ഒടുവിൽ അവളുടെ തിരുക്കുമാരൻ തന്നെ അവളെ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും പ്രണയരാജ്ഞിയായി മുടിയും കിരീടവുമൊക്കെ അണിയിക്കുന്നുമുണ്ട്.

” എന്റെ ദൈവമെ മോക്ഷത്തെ ആഗ്രഹിച്ചോ നരകത്തെ ഭയന്നോ അല്ല; നിന്നെ കുരിശിൽ കാണുന്നതു കൊണ്ട് നിന്നെ ഞാൻ സ്നേഹിക്കട്ടെ ” എന്ന് ഒരു പ്രേമഭാജനം പറയുന്നുണ്ട്.
(വിശുദ്ധ ഫ്രാൻസിസ് സേവ്യർ )
അതെ, മാനവചരിത്രത്തിലെ നിത്യപ്രണയിയെ പ്രണയിക്കുന്നത് മോക്ഷത്തിനോ സമ്മാനത്തിനോ വേണ്ടിയായിരിക്കരുത്, പ്രണയിക്കാൻ വേണ്ടി മാത്രമായിരിക്കണം.

നമ്മുടെ പ്രണയം ആരോടും എന്തിനോടുമാണ് ?

ശുഭദിനം🌹
S പാറേക്കാട്ടിൽ
22/ 12/ 2020

Leave a comment