ദിവ്യബലി വായനകൾ The Epiphany of the Lord – Mass of the Day 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
. ദിവ്യബലി വായനകൾ :-
. -ലത്തീൻക്രമം
_____________

🔵 ഞായർ,3/1/2021

The Epiphany of the Lord – Mass of the Day 
(see also Vigil Mass)

Liturgical Colour: White.

These readings are for the day of the feast itself:

പ്രവേശകപ്രഭണിതം

cf. മലാ 3:1; 1 ദിന 29:12

ഇതാ, സര്‍വാധീശനായ കര്‍ത്താവ് എഴുന്നള്ളുന്നു;
രാജ്യവും അധികാരവും ആധിപത്യവും അവിടത്തെ കരങ്ങളില്‍.

സമിതിപ്രാര്‍ത്ഥന

അങ്ങേ ഏകജാതനെ നക്ഷത്രത്തിന്റെ മാര്‍ഗദര്‍ശനത്താല്‍
ഈദിനത്തില്‍ ജനപദങ്ങള്‍ക്കു വെളിപ്പെടുത്തിയ ദൈവമേ,
വിശ്വാസം വഴി അങ്ങയെ അറിഞ്ഞ ഞങ്ങള്‍,
അങ്ങേ ഉദാത്തമായ മഹത്ത്വത്തിന്റെ സൗന്ദര്യം
ദര്‍ശിച്ചാനന്ദിക്കുന്നതുവരെ നയിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 60:1-6
കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.

ഉണര്‍ന്നു പ്രശോഭിക്കുക;
നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു.
കര്‍ത്താവിന്റെ മഹത്വം
നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.

അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും.
എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും
അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും.
ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും
രാജാക്കന്മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും.

കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക;
അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു.
നിന്റെ പുത്രന്മാര്‍ ദൂരെനിന്നു വരും;
പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും.

ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും.
സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരുകയും
ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍
നിന്റെ ഹൃദയം ആനന്ദപുളകിതമാകും.

ഒട്ടകങ്ങളുടെ ഒരു പറ്റം,
മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്മാരുടെ കൂട്ടം,
നിന്നെ മറയ്ക്കും.
ഷേബായില്‍ നിന്നുള്ളവരും വരും.
അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും
കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 72:1-2,7-8,10-11,12-13

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

താര്‍ഷീഷിലെയും ദ്വീപുകളിലെയും
രാജാക്കന്മാര്‍ അവനു കപ്പം കൊടുക്കട്ടെ!
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവനു കാഴ്ചകള്‍ കൊണ്ടുവരട്ടെ!
എല്ലാ രാജാക്കന്മാരും അവന്റെ മുന്‍പില്‍
സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ!

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

നിലവിളിക്കുന്ന പാവപ്പെട്ടവനെയും
നിസ്സഹായനായ ദരിദ്രനെയും അവന്‍ മോചിപ്പിക്കും.
ദുര്‍ബലനോടും പാവപ്പെട്ടവനോടും അവന്‍ കരുണ കാണിക്കുന്നു;
അഗതികളുടെ ജീവന്‍ അവന്‍ രക്ഷിക്കും.

എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കട്ടെ!

രണ്ടാം വായന

എഫേ 3:2-3,5-6
ഈ വെളിപാടനുസരിച്ച് വിജാതീയര്‍ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാണ്.

സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടു വഴിയാണ് രഹസ്യം എനിക്ക് അറിവായത്. ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പോസ്തലന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 2:1-12
ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.

ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവന്‍ പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതു കേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സഭയുടെ കാഴ്ചവസ്തുക്കള്‍
ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
ഞങ്ങള്‍ ഇവയിലൂടെ അര്‍പ്പിക്കുന്നത്,
പൊന്നും കുന്തിരിക്കവും മീറയുമല്ല;
പ്രത്യുത അതേ കാഴ്ചവസ്തുക്കള്‍ വഴി,
പ്രഘോഷിക്കപ്പെട്ടവനും ബലിയര്‍പ്പിക്കപ്പെട്ടവനും
സ്വീകരിക്കപ്പെട്ടവനുമായ യേശുക്രിസ്തുവിനെയാണ്.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 2:2

അവിടത്തെ നക്ഷത്രം ഞങ്ങള്‍ കിഴക്കു കണ്ടു;
കര്‍ത്താവിനെ ആരാധിക്കാന്‍ ഞങ്ങള്‍ കാഴ്ചകളുമായി വന്നിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദീപ്തിയോടെ
എല്ലായ്‌പ്പോഴും എല്ലായേടത്തും
ഞങ്ങള്‍ക്കു മുമ്പേ അങ്ങു വരണമേ.
അങ്ങനെ അങ്ങ് ഞങ്ങളോടു
പങ്കുവയ്ക്കാനാഗ്രഹിച്ച രഹസ്യം
വ്യക്തമായ ഉള്‍ക്കാഴ്ചയോടെ തിരിച്ചറിയുന്നതിനും
ഉചിതമായ താത്പര്യത്തോടെ ഗ്രഹിക്കുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment