പുലർവെട്ടം 424

{പുലർവെട്ടം 424}

 
USP ഒരു മാനേജ്‌മെന്റ് പദമാണ്, Unique Selling Proposition. പൊതുവായ ഒരു കാര്യത്തിൽ നിന്ന് നിങ്ങളെ വേർതിരിച്ചു നിർത്തുന്ന ഒരു പ്രത്യേകതയാണ് അതിൽ സൂചിതം. ലളിതമായ വിശദീകരണം ഇങ്ങനെയാണ്- ഒരു തെരുവിൽ ഒരു റെസ്റ്ററന്റ് തുടങ്ങാൻ നിങ്ങൾ തീരുമാനിക്കുന്നു. നിറയെ ഭോജനശാലകളുള്ള ആ കവലയിൽ നല്ല ഭക്ഷണം കിട്ടുന്നു എന്നത് അതിൽത്തന്നെ ഒരു യു എസ് പി അല്ല. അതു കൊടുക്കുമെന്ന് എല്ലാവരും ഉറപ്പുകൊടുക്കുന്നുണ്ട്. ബെസ്റ്റ് ഹോട്ടൽ എന്ന് നാട്ടുകാർ നിശ്ചയിച്ചതല്ല, നമ്മളിട്ട പേരാണ്. അതെന്തായിരിക്കും എന്നു നിർവചിക്കുന്നതിലാണ് പുതിയൊരു സംരംഭത്തിന്റെ പ്രസക്തി.
 
‘അഞ്ചപ്പം’ രൂപപ്പെട്ടപ്പോൾ അതായിരുന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ന് ഉറപ്പുവരുത്തിയത്. മറ്റൊരു റെസ്റ്ററന്റോ അന്നദാനപ്പുരയോ ആയി മാറാൻ സാധ്യതയുള്ള ഒരിടത്തിൽ ആദരവ് എന്നൊരു പദമാണ് വ്യത്യാസമുണ്ടാക്കുന്നത്; അന്നവും അക്ഷരവും ആദരവോടെ. അതിൽ ആദ്യത്തെ രണ്ടു കാര്യങ്ങളോടും ചെറിയ അളവിൽ കോംപ്രമൈസ് ചെയ്താലും ഒടുവിലത്തേത് തർക്കമില്ലാതെ നിലനിർത്തേണ്ട ബാധ്യതയുണ്ട്. എല്ലാത്തരം ബന്ധങ്ങളിലും വ്യവഹാരങ്ങളിലും ഉറപ്പുവരുത്തേണ്ട സൂചനയാണിത്. അങ്ങനെയാണ് ഗന്ധം പോലെ അനന്യതയുള്ള ഒരു സാന്നിധ്യമായി ഒരാൾ ഓർമിക്കപ്പെടേണ്ടത്.
 
സ്നേഹവിചാരങ്ങൾക്ക് ഇതു 101 ശതമാനം ബാധകമാണ്. സ്നേഹം എന്നൊക്കെ പൊതുവേ പറയുമ്പോഴും ഓരോരുത്തരും അതു നമുക്ക് വായിച്ചു വ്യാഖ്യാനിച്ചുതന്ന രീതികൾ ആവർത്തനമില്ലാത്തതായിരുന്നു. അങ്ങനെയാണ് മിസിങ് എന്നൊരു പദം രൂപപ്പെട്ടത്. പഞ്ചഭൂതം പോലെ പകരം വയ്ക്കാനാവാത്ത അനുഭൂതി. മറ്റൊരാൾകൊണ്ട് വളരെ വേഗത്തിൽ കുറുകേ കടക്കാവുന്ന അഭാവമല്ലെന്നു സാരം. ഒരാളും മറ്റൊരാൾക്കു പകരമാകുന്നില്ല. സ്വന്തം സ്നേഹത്തിന്റെ യു എസ് പിയെ കാട്ടിത്തരാനാവണം സെന്റ് പോൾ ഇത്രയും ദീർഘമായ ഒരു സ്നേഹസങ്കീർത്തനം പാടിയത്. ശുദ്ധസ്നേഹത്തിന്റെ സവിശേഷതകളായി പതിനഞ്ച് സൂചനകളാണ് അയാൾ എണ്ണി തിട്ടപ്പെടുത്തുന്നത്. അതിൽ ഏതായിരിക്കും എന്റെ ഓർമയായി ഘോഷിക്കപ്പെടുക എന്നത് നല്ലൊരു പുതുവർഷപ്പുലരിവിചാരമാണെന്നു തോന്നുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment