അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ജനുവരി 6

♦️♦️♦️ January 06 ♦️♦️♦️
എപ്പിഫനി അഥവാ ദെനഹാ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം

ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, എന്ന പേരിലും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയിലെ ലത്തീന്‍ ആചാരമനുസരിച്ച്, യേശു ദൈവപുത്രനാണ് എന്ന വെളിപാടിന്റെ ഓര്‍മ്മപുതുക്കലാണ് ദനഹാ തിരുനാള്‍. പ്രധാനമായും യേശുവിന്റെ ജനനത്തെക്കുറിച്ച് മൂന്ന്‍ ജ്ഞാനികള്‍ക്ക് (പൂജ്യരാജാക്കന്‍മാര്‍) ലഭിച്ച വെളിപാടിനെയാണ് ഈ ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും, ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാന സമയത്തെ വെളിപാടും, കാനായിലെ കല്ല്യാണത്തിന്റെ അനുസ്മരണവും ഈ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു.

പൗരസ്ത്യ ദേശങ്ങളിലെ കത്തോലിക്കര്‍ക്കിടയില്‍ ഈ തിരുനാള്‍ ‘തിയോഫനി’ എന്നാണ് അറിയപ്പെടുന്നത്, ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കുന്ന ദിവസമാണ് തിയോഫനി. ആ ജ്ഞാനസ്നാന വേളയിലെ ‘യേശു ദൈവപുത്രനാണ് എന്ന വെളിപ്പെടുത്തിയതാണ് ഇതിന് പിന്നിലെ അടിസ്ഥാന സംഭവം. പാരമ്പര്യമനുസരിച്ച് ജനുവരി 6-നാണ് ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും, മറ്റുള്ള പാശ്ചാത്യ സഭകളില്‍ നിന്നും വിഭിന്നമായി അതിന് ശേഷം വരുന്ന ഞായറാഴ്ചയാണ് ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളായി അമേരിക്കയില്‍ ആഘോഷിക്കുന്നത്.

എന്നാല്‍, ക്രിസ്തുമസ്സിന്റെ അവസാനം, സമ്മാനങ്ങള്‍ നല്‍കുന്ന ഒരു ആഘോഷ ദിവസം എന്നിവയേക്കാളുമുപരിയായി കൂടുതല്‍ ആഴത്തിലേക്ക് പോകുന്നതാണ് ഈ തിരുനാളിന്റെ അര്‍ത്ഥതലമെന്ന് കത്തോലിക്കാ പുരോഹിതനും, വര്‍ജീനിയ ആസ്ഥാനമാക്കിയുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കത്തോലിക്കാ കള്‍ച്ചറി’ന്റെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഹെസെക്കിയാസ് കരാസ്സോ പറയുന്നു. “നിങ്ങള്‍ക്ക് തിയോഫനിയേ കൂടാതെ തിരുപ്പിറവിയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല; അഥവാ ദനഹാ തിരുനാളിനെ കൂടാതെ തിരുപ്പിറവിയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല. യേശു ഒരു ശിശുവായിരുന്നപ്പോഴും, യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ വേളയിലും ‘യേശു ദൈവപുത്രനാണെന്ന്’ അറിയിക്കുന്ന വെളിപാട് ക്രിസ്തുമസ്സിന്റെ രഹസ്യങ്ങളെ പ്രകാശ പൂരിതമാക്കുന്നു”. ഫാ. ഹെസെക്കിയാസിന്റെ വാക്കുകളാണിവ.

ദനഹാ തിരുനാളിന്റെ ഉത്ഭവം

പാശ്ചാത്യരുടെ ‘എപ്പിഫനി’ തിരുനാളും (ഗ്രീക്ക് ഭാഷയില്‍ നിന്നും വന്നിട്ടുള്ള ഈ വാക്കിന്റെ അര്‍ത്ഥം ‘ഉന്നതങ്ങളില്‍ നിന്നുമുള്ള വെളിപാട്’ എന്നാണ്) പൗരസ്ത്യരുടെ ‘തിയോഫനി’ (ദൈവത്തിന്റെ വെളിപാട് എന്നാണ് അര്‍ത്ഥം) തിരുനാളും, സ്വന്തം ആചാരങ്ങളും ആരാധനാപരമായ പ്രാധ്യാന്യവും വികസിപ്പിച്ചിട്ടുണ്ട്, ഒരേ ദിവസമെന്നതില്‍ ഉപരിയായ പലതും ഈ തിരുനാളുകള്‍ പങ്ക് വെക്കുന്നു. പുരാതന ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് പൗരസ്ത്യ ദേശങ്ങളിലുള്ളവര്‍- തിരുപ്പിറവി, ജ്ഞാനികളുടെ സന്ദര്‍ശനം, ക്രിസ്തുവിന്റെ ജഞാനസ്നാനം, കാനായിലെ കല്ല്യാണം എന്നീ സംഭവങ്ങളുടെ ഓര്‍മ്മപുതുക്കല്‍ ഒരേദിവസം തന്നെ എപ്പിഫനി തിരുനാളായിട്ടായിരുന്നു കൊണ്ടാടിയിരുന്നത്.

നാലാം നൂറ്റാണ്ട് മുതല്‍ ചില രൂപതകളില്‍ ക്രിസ്തുമസ്സും, എപ്പിഫനിയും രണ്ട് തിരുനാളുകളായി ആഘോഷിക്കുവാന്‍ തുടങ്ങി. 567-ലെ ടൂര്‍സിലെ സമ്മേളനത്തില്‍ വെച്ച് ക്രിസ്തുമസ് ഡിസംബര്‍ 25-നും, എപ്പിഫനി ജനുവരി 6-നും വെവ്വേറെ കൊണ്ടാടുവാന്‍ തീരുമാനിച്ചു, ഈ ദിവസങ്ങള്‍ക്കിടയിലുള്ള 12 ദിവസത്തെ കാലാവധിയെ ‘ക്രിസ്തുമസ്സ് കാലം’ എന്ന് വിളിക്കുകയും ചെയ്തു. കാലക്രമേണ, പാശ്ചാത്യ സഭകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള സംഭവങ്ങള്‍ക്കെല്ലാം ഓരോ തിരുനാള്‍ ദിനങ്ങള്‍ നിശ്ചയിക്കുകയും, മൂന്ന്‍ ജ്ഞാനികള്‍ ഉണ്ണീശോയെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മപ്പുതുക്കലായി ജനുവരി 6-ന് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ പൗരസ്ത്യ സഭകള്‍ ഈ ദിവസം ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ എന്ന നിലയില്‍ ആരാധാനാ ദിനസൂചികയിലെ ഏറ്റവും വിശുദ്ധ ദിവസമായി ‘തിയോഫനി’ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

റോമന്‍ പാരമ്പര്യങ്ങള്‍*

കിഴക്ക് നിന്നുമുള്ള ജ്ഞാനികള്‍ എന്ന് ബൈബിളില്‍ വിശേഷിപ്പിച്ചിട്ടുള്ള പൂജരാജാക്കന്‍മാരുടെ സന്ദര്‍ശനത്തെ ബന്ധപ്പെടുത്തി റോമന്‍ സഭയില്‍ അതിന്റേതായ പ്രത്യേക ആചാരങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു. എപ്പിഫനി ദിവസത്തിന്റെ സ്മരണയുടെ ഭാഗമായി പുനരുത്ഥാനമടക്കമുള്ള മറ്റ് ഹൃദയസ്പര്‍ശിയായ ഓര്‍മ്മപുതുക്കലുകളുടെ ദിവസങ്ങള്‍ വിശ്വാസികള്‍ക്കായി പ്രഖ്യാപിക്കുന്ന ഒരു പതിവുണ്ടായിരുന്നു. പുനരുത്ഥാനത്തിന്റെ പ്രാധ്യാന്യവും ആ വര്‍ഷത്തെ പ്രധാന തിരുനാളുകളും വിശ്വാസികള്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള ഉദ്ദേശത്തോടെയായിരുന്നു ആ പ്രഖ്യാപനം.

ഇറ്റലിയില്‍ കുട്ടികള്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്‍കിയിരുന്നത് ക്രിസ്തുമസ്സിനല്ലായിരുന്നു, മറിച്ച് എപ്പിഫനി ദിവസമായിരുന്നു. ‘മൂന്ന്‍ പൂജ്യരാജാക്കന്‍മാരുടെ’ ഓര്‍മ്മപുതുക്കലിന്റെ അന്ന് ലാറ്റിന്‍ അമേരിക്കയിലെ പല പ്രദേശങ്ങളിലേയും, ഫിലിപ്പീന്‍സിലേയും, പോര്‍ച്ചുഗലിലേയും, സ്പെയിനിലേയും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്ന പതിവുണ്ട്. ഇതിനിടയില്‍, അയര്‍ലന്‍ഡിലെ കത്തോലിക്കര്‍ “സ്ത്രീകളുടെ ക്രിസ്തുമസ്സ്” (Women’s Christmas) ആഘോഷിക്കുന്ന പതിവും തുടങ്ങി. ഈ ദിവസം സ്ത്രീകള്‍ വിശ്രമിക്കുകയും വിശേഷപ്പെട്ട ഭക്ഷണങ്ങള്‍ ആസ്വദിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്തു.

ചുണ്ണാമ്പും, സ്വര്‍ണ്ണവും, കുന്തിരിക്കവും, സുഗന്ധ ദ്രവ്യങ്ങളും കയ്യിലെടുത്ത് വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ വെഞ്ചിരിക്കുന്നത് പോളണ്ടിലെ എപ്പിഫനി തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു. വീടുകളിലാകട്ടെ കുടുംബാംഗങ്ങള്‍ ആ വര്‍ഷത്തിന്റെ ആദ്യ അക്കങ്ങള്‍ തങ്ങളുടെ വീടിന്റെ കതകുകളില്‍ എഴുതിയതിനു ശേഷം “K+M+B” എന്നെഴുതുകയും അതിനു ശേഷം വര്‍ഷത്തിന്റെ ബാക്കിയുള്ള അക്കങ്ങള്‍ എഴുതുകയും ചെയ്യുന്ന പതിവുമുണ്ട്. K+M+B എന്ന അക്ഷരങ്ങള്‍ യേശുവിനെ സന്ദര്‍ശിച്ച ജ്ഞാനികളായ കാസ്പര്‍, മെല്‍ക്കിയോര്‍, ബാല്‍ത്താസര്‍ എന്നിവരുടെ നാമങ്ങളുടെ ആദ്യ അക്ഷരങ്ങളോ, ലാറ്റിന്‍ വാക്യമായ ക്രിസ്റ്റസ് മാന്‍സിയോനെം ബെനഡിക്കാറ്റ്’ (Christus mansionem benedicat) എന്നതിന്റെയോ അല്ലെങ്കില്‍ “ക്രൈസ്റ്റ് ബ്ലെസ്സ് ദിസ് ഹൗസ്” (Christ bless this house) എന്നതിന്റേയോ ചുരുക്കമായിരിക്കാമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ലോകത്തിന്റെ ഏതാണ്ട് മിക്ക ഭാഗങ്ങളിലും കത്തോലിക്കര്‍ ‘കിംഗ്സ് കേക്ക്’ (Kings Cake) ഭക്ഷിച്ചുകൊണ്ടാണ് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നത്: ഒരു ചെറിയ പ്രതിമയോ കായ്ഫലങ്ങള്‍ കൊണ്ടോ അലങ്കരിച്ച മധുരമുള്ള കേക്കാണ് കിംഗ്സ് കേക്ക്. ചില സ്ഥലങ്ങളില്‍ സമ്മാനത്തിനര്‍ഹനാകുന്ന ഭാഗ്യവാന് ഈ ദിവസം പ്രത്യേക സല്‍ക്കാരമോ അല്ലെങ്കില്‍ പാരമ്പര്യമായി ദനഹാകാലത്തിന്റെ അവസാനമായി കരുതിവരുന്ന ഫെബ്രുവരി 2-ന് ഒരു പ്രത്യേക സല്‍ക്കാരമോ വാഗ്ദാനം ചെയ്യുന്നു. ഈ ആഘോഷങ്ങള്‍ എപ്പിഫനി തിരുനാളിന്റെ കുടുംബകേന്ദ്രീകൃതമായ ജീവിതത്തിലേക്കും അതിന്റെ അടിസ്ഥാന തിരുനാളും തിരുകുടുംബവുമായുള്ള ബന്ധത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ഈ ജ്ഞാനികളുടെ യാഥാര്‍ത്ഥ പേരുകളെ കുറിച്ചോ, അവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നോ എന്നതിനേക്കുറിച്ച് ബൈബിള്‍ ഒന്നും തന്നെ പറയുന്നില്ലെങ്കിലും, അവര്‍ ബുദ്ധിമാന്‍മാരും സമ്പന്നരും ഏറ്റവും ഉപരിയായി ധൈര്യവാന്‍മാരും ആയിരുന്നു വെന്ന് നമുക്കറിയാം. സ്വര്‍ണ്ണവും, കുന്തിരിക്കവും, മിറായും – ഈ സമ്മാനങ്ങള്‍ യേശു ദൈവപുത്രനാണെന്നും, രാജാധി രാജനാണെന്നതിനെ കുറിച്ച് ജ്ഞാനികള്‍ക്ക് ലഭിച്ച വെളിപാടിനെ മാത്രമല്ല, മറിച്ച് ക്രിസ്തുവിന്റെ കുരിശുമരണത്തേയും സൂചിപ്പിക്കുന്നു. സുഗഗന്ധ ദ്രവ്യങ്ങള്‍ സാധാരണയായി സംസ്കാര ചടങ്ങുകള്‍ക്കാണ് നല്‍കുന്നത്. ഈ സമ്മാനങ്ങള്‍ എന്താണ് സംഭവിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ച് മുന്‍കൂട്ടിയുള്ള ഒരു ബോധ്യം നല്‍കുന്നു.ദൈവത്തിനെ വെളിപാട്

മരണത്തെ ഇല്ലാതാക്കി കൊണ്ട് ജീവന്‍ വീണ്ടെടുത്തു, തിയോഫനി തിരുനാള്‍ യേശുവിന്റെ കുരിശു മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടു സംഭവങ്ങളേയും പ്രതിഫലിപ്പിക്കുന്ന പൗരസ്ത്യ പ്രതീകാത്മകതയുടെ ഒരു പ്രതിഫലനം കൂടിയാണിത്‌. തിരുപ്പിറവിയേ പോലെ നമ്മുടെ കര്‍ത്താവിന്റെ ജ്ഞാനസ്നാനവും വെറുമൊരു ചരിത്ര സംഭവം മാത്രമല്ല: അതൊരു വെളിപാടാണ്,” ഈ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി പൗരസ്ത്യ ക്രൈസ്തവര്‍ ദിവ്യബലികള്‍ അര്‍പ്പിച്ചു തുടങ്ങി, മാമോദീസ തൊട്ടിയിലെ വെള്ളം വെഞ്ചരിക്കുക എന്ന ആചാരവും ഇതില്‍ ഉള്‍പ്പെടുന്നു, തങ്ങളുടെ ശാരീരിക സൗഖ്യത്തിനു മാത്രമല്ല മറിച്ച് ആത്മീയ സൗഖ്യത്തിനുമായി വിശ്വാസികള്‍ ഈ വെള്ളം കുടിക്കുകയും കുപ്പികളില്‍ ശേഖരിച്ച് വീട്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. പല ഇടവകകളിലും ദിവ്യ കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ഭക്ഷണവും വിതരണം ചെയ്തിരുന്നു. മധ്യ-കിഴക്കന്‍ ദേശങ്ങളില്‍ കുഴച്ച മാവ്‌ എണ്ണയില്‍ ചുട്ടെടുത്തു തേന്‍ പുരട്ടി ഭക്ഷിക്കുന്ന പതിവും ഇതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.

Advertisements

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. അനസ്റ്റാസിയൂസ്, യുക്കുന്തൂസ്, ഫ്ലോറൂസ്, ഫ്ലോരിനുസ് പീറ്റര്‍റാറ്റിറ്റെസ്, ടാസിയാ ടിലിസ്

2. 1959-ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്ത സെസ്സെയിലെ ചാള്‍സ് കപ്പൂച്ചിന്‍

3. കോന്നോര്‍ ബിഷപ്പായ ഡീമാന്‍ (ഡീമാസ് ഡീമാ)

4. ബ്രിട്ടനിലെ എഡിണ്‍

5. ഇംഗ്ലണ്ടിലെ എയിഗ്രാഡ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

എന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്തു: കൊലയ്ക്കു വിധിക്കപ്പെട്ട ആടുകളുടെ ഇടയനാവുക.. (സഖറിയ: 11/4)
നല്ലിടയനായ ദൈവമേ..
ഈ പ്രഭാതത്തിലും ഞങ്ങൾ പൂർണ ഹൃദയത്തോടെയും, വിശ്വസ്ഥതയോടെയും അവിടുത്തെ സന്നിധിയിൽ അണയുകയും, അവിടുന്ന് ഞങ്ങൾക്കു ചെയ്ത മഹാകാര്യങ്ങൾ സ്മരിക്കുകയും ചെയ്യുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ അപവാദങ്ങൾ കേൾക്കേണ്ടി വരികയും ശിക്ഷിക്കപ്പെടുകയുമൊക്കെ ചെയ്യേണ്ടി വരുന്നവരുടെ കണ്ണുകളിൽ തെളിഞ്ഞു വരുന്ന നിസ്സഹായത പലപ്പോഴും പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ഉള്ളിൽ ഒരു നോവായി തെളിഞ്ഞു വരാറുണ്ട്. എങ്കിൽ പോലും സത്യം തിരിച്ചറിയാനോ, അവരിൽ മറഞ്ഞിരിക്കുന്ന നന്മയെ കണ്ടെത്താനോ ഒരു നല്ലിടയന്റെ മനസ്സോടെ ഞങ്ങൾ ഒരിക്കലും ശ്രമിക്കാറില്ല. ലോകം മുഴുവൻ തെറ്റുകാരായി മുദ്ര ചാർത്തുമ്പോഴും, യഹൂദരുടെ രാജാവാണെന്നു പരിഹസിക്കപ്പെട്ടു ക്രൂശിതനായി മരിച്ച ക്രിസ്തുവിൽ മാത്രം പ്രത്യാശയർപ്പിച്ച്, ഭയമേതുമില്ലാതെ ജീവിതത്തെ നേരിടാൻ ഉറച്ചവർക്കു വേണ്ടി ഒരു പ്രാർത്ഥനയുടെ കൈത്താങ്ങ് കൊണ്ടു പോലും ശക്തി പകർന്നു കൊടുക്കാതെ നിസംഗതയോടെ നോക്കി നിൽക്കുന്നവരായി ഞങ്ങളും മാറി പോയിട്ടുണ്ട്.
നല്ല ദൈവമേ… അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ വാക്കുകളോ പ്രവൃത്തികളോ കൊണ്ട് ഞങ്ങളും നിരപരാധികളെ കുറ്റം വിധിക്കുകയോ, അവരെ ജീവിതത്തിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റി നിർത്തുകയോ ചെയ്തു പോയിട്ടുണ്ടെങ്കിൽ ഞങ്ങളോട് പൊറുക്കേണമേ. കൊലയ്ക്കു വിധിക്കപ്പെട്ട ആടുകൾക്കു പോലും നല്ലിടയന്റെ അലിവ് പകർന്നു നൽകി കരുതലോടെ ചേർത്തു പിടിക്കുന്ന അങ്ങയുടെ ആർദ്ര മനോഭാവം ഞങ്ങൾക്കും പകർന്നു നൽകണമേ… അപ്പോൾ നഷ്ടപ്പെട്ടു പോയതിനെ അന്വേഷിച്ചു കണ്ടെത്തുന്ന നല്ലിടയന്റെ ഹൃദയഭാവം സ്വന്തമാക്കാനും, അവിടുത്തെ നീതിയെ ജീവിതത്തിൽ പ്രവർത്തികമാക്കാനും ഞങ്ങളും പ്രാപ്തരായി തീരും..
വിശുദ്ധ അന്തോണിസ്… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ… ആമേൻ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s