#ചാവറയച്ചൻ ഒരു വിശുദ്ധനാണ്, # അദ്ദേഹത്തെ # കളങ്കപ്പെടുത്തരുതേ 🙏
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്, പ്രത്യേകിച്ച്, കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനു കാരണമായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന ഇടയലേഖനത്തിന്റെ കർതൃത്വത്തെ സംബന്ധിച്ച വിവാദം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ചില സ്ഥാപിത താൽപര്യക്കാർ പുസ്തകങ്ങളിലൂടെയും പ്രമുഖരെ ഉപയോഗിച്ച് മറ്റു മാധ്യമങ്ങളിലൂടെയും കേരളത്തിന്റെ സ്വന്തം വിശുദ്ധനായ വിശുദ്ധ ചാവറ അച്ചന്റെ പേര് ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ 1853-ൽ വരാപ്പുഴയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ബെർണദീൻ ബെച്ചിനെല്ലി പിതാവിന്റെതാണ് പ്രസ്തുത ഇടയ ലേഖനം. ചുവടെ ചേർത്തിരിക്കുന്ന രേഖാപരമായ തെളിവുകൾ മേൽപ്പറഞ്ഞ പ്രസ്താവനയ്ക്ക് അടിവരയിടുന്നു.
1. 1856 ലാണ് ബെച്ചിനെല്ലി പിതാവ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന് ഇടയലേഖനം പുറപ്പെടുവിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ പ്രസ്തുത ഇടയലേഖനം നഷ്ടപ്പെട്ടതിനാൽ ആണ് അനാവശ്യമായ വിവാദങ്ങൾ ഈ വിഷയത്തെ സംബന്ധിച്ച് ഉണ്ടായത്. എന്നാൽ 1857 മാർച്ചിന് ബെച്ചിനെല്ലി പിതാവ് പുറത്തിറക്കിയ ഇടയലേഖനത്തിൽ മുൻ ഇടയലേഖനത്തെ സംബന്ധിച്ച പരാമർശങ്ങളും നിർദ്ദേശങ്ങളും ഉണ്ട്. അതിൽനിന്നും ഒരു ഭാഗം ചുവടെ ചേർത്തിരിക്കുന്നു:
ഈ എടവകകളില്‍ ഓരൊന്നില്‍ ഉള്‍പ്പെട്ട ജനങ്ങള്‍ എല്ലാവരും സംക്ഷെപ വെദാര്‍ഥം നല്ലപൊലെ പടിപ്പാന്‍ വെണ്ടി എടവകയുടെ വലിപ്പം പൊലെ അക ലപ്പട്ട പാര്‍ക്കുന്ന ജനങ്ങള്‍ക്കും ആണ് പൈതങ്ങള്‍ക്കും പെണ് പൈതങ്ങള്‍ക്കും ബുദ്ധിമുട്ടു കൂടാതെയും ഒരു നാഴികയിലധികം നടക്കാതയും ഇരിപ്പാന്‍ തക്കവണ്ണം ഓരൊരൊ എടവകയില്പ്പെട്ട സലങ്ങളില്‍ ഒക്കയിലും ദിഷ്ടതിയാകുന്ന പള്ളിക്കൂടം വശനത്താലെ നാം കല്പിച്ചിരിക്കുന്നത മാതിരിയില്‍ പണിയിച്ച എല്ലാ ഞായറാഴ്ചകളിലും കടമുള്ള പെരുന്നാളുകളിലും ഉച്ചതിരിഞ്ഞ ആറുനാഴിക പകല്‍ മുതല്‍ രണ്ടര നാഴിക പകല്‍ വരെ സംക്ഷെപ വെദാര്‍ഥം പടിക്കുന്നതിന്ന അവരവര്ക്കടുത്ത പള്ളിക്കൂടത്തില്‍ എല്ലാവരും പ്രത്യെകം ആണ്പൈത ങ്ങളും പെണ്‍പൈതങ്ങളും വന്നു കൊള്ളണെമെന്നും ഓരോ പള്ളിക്കൂടത്തില്‍ സംക്ഷെപ വെദാര്‍ഥം പടിപ്പിക്കുന്നതിനു വെണ്ടുന്ന അറിവും ക്രമവും അടക്കവുമുള്ള തില്‍ ഓരൊരൊ ആശാന്മാരെ നിയമിച്ചാക്കി മെല്‍ എഴുതിയ പ്രകാരം വീഴ്ച കൂടാതെ പടിപ്പിച്ചു കൊള്‍കയും ബ.. വികാരിമാരും അതിന്നടുത്ത അടക്കവും ക്രമവും ഉള്ള…….. പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടികൾക്ക് വേണ്ടി വന്നാൽ ശിക്ഷ നൽകണമെന്നും എന്നിട്ടും കൂട്ടാക്കാത്ത വരെ ദേവാലയത്തിൽ നിന്നും വിലക്കണമെന്നും ഇടവകയുടെ അതിർത്തിയിൽപ്പെട്ട ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വയസ്സും പേരും വിവരവും എഴുതി സൂക്ഷിക്കണമെന്നുമൊ ക്കെ അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. 1861 വരാപ്പുഴയിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസികളുടെ വികാർ ജനറലായി നിയമിക്കപ്പെട്ട ചാവറയച്ചൻ എങ്ങനെയാണ് 1856 ൽ പുറത്തിറക്കിയ ഇടയലേഖനത്തിന്റെ പിതാവ് ആകുന്നത്? മാത്രമല്ല ഇടവക അംഗങ്ങൾക്ക് അംശം മുടക്ക് കൽപ്പിച്ച് വിലക്കേർപ്പെടുത്താൻ വികാർ ജനറാളിന്ന് എങ്ങനെയാണ് സാധിക്കുക? ഇതിൽ നിന്ന് തന്നെ വ്യക്തമാണ് പള്ളിക്ക് ഒപ്പം പള്ളിക്കൂടം എന്ന ആശയത്തിന്റെ പിന്നിൽ ചാവറയച്ചൻ അല്ല ഉള്ളത് എന്ന്.
ലഭ്യമായ മറ്റു ചില തെളിവുകൾ കൂടി പരിഗണിക്കാം:
മാന്നാനം നാളാഗമം പേജ് 89-ൽ നിന്നും റവ. ഫാ. ആന്റണി വളവന്ത്ര സി.എം.ഐ. ഇങ്ങനെ ഉദ്ധരിക്കുന്നു: “പ്രിയോരച്ചന് ഇവിടെ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം തുടങ്ങണമെന്നുള്ള മെത്രാപ്പോലീത്തയുടെ കല്പന കിട്ടി. ഈ കല്പന അവഗഗണിക്കുന്നവര്ക്ക് അംശമുടക്കും കല്പിച്ചിരുന്നു. ഈ ഡിക്രിക്കനുസരണമായി ഞങ്ങള്‍ മാന്നാനത്ത് സ്കൂള്‍ പണി തുടങ്ങി” (എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടി രിക്കുന്ന ചവറയച്ചന്റെ നാളാഗമത്തിൽ 81 മുതൽ 121 വരെയുള്ള പേജുകൾ ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുന്നത്. അത് ചില സത്യങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണെന്ന് പറയാതെ വയ്യ). ഈ നാളാഗമത്തിൽനിന്നും വ്യക്തമാണ് പള്ളിക്ക് ഒപ്പം പള്ളിക്കൂടം എന്ന കൽപ്പന മെത്രാപോലീത്തയുടെ ആണെന്ന്.
കൂടാതെ, ബെര്ണദോസ് തോമാ പട്ടക്കാരന്‍ സി.എം.ഐ. 1908 -ല്‍ മന്നാനത്ത് വിശുദ്ധ യാസേപ്പിതാവിന്റെ അച്ചുകൂടത്തില്‍ നിന്നു പ്രസിദ്ധീകരിച്ച “മലയാളത്തിലെ കല്‍ദായ സുറിയാനി റീത്തില്‍ ചേര്‍ന്ന ക.നി.മൂ.സ. യുടെ ചരിത്ര സംക്ഷേപത്തില്‍ (പേജ് 246) ഇങ്ങനെ എഴുതുന്നു: “മ്രെതാപ്പോലീത്താച്ചന് ചെയ്ത പ്രധാന കാര്യങ്ങള്‍, സ്കൂളുകള്‍ എല്ലാ കരകളിലും ഇടവകകളിലും സ്ഥാപിക്കുന്നതിനും അതുകളില്‍ വേദോപദേശപഠനം ശരിയായി നടത്തുന്നതിനും വേണ്ട നടപടികളൊക്കെ ഏര്‍പ്പെടുത്തിയതും ആണ്… 1856-ാം കാലം മുതല്‍ നമ്മുടെ അച്ചന്മാരില് ചാണ്ടിയച്ചന്, കുരിയാക്കോസ് എലീശാച്ചന്, കാപ്പില്‍ മത്തായി മറിയം അച്ചന്, കാനാട്ട് യാക്കോബ് മറിയം അച്ചന്, തട്ടാച്ചെരില് സ്കറിയാ അച്ചന് എന്നിങ്ങനെ ഒരോ അച്ചന്മാരെ എട്ടും പത്തു പള്ളികളില്‍ അവിടത്തെ സ്ഥാനപതികളായി നിയമിക്കയും അവര്‍ ആ പള്ളികളില്‍ ചുറ്റിനടന്ന് സ്കൂള്‍ നടത്തല്‍, കുട്ടികളുടെ വേദോപദേശപഠനം, ജനങ്ങളുടെ നല്ല വ്യാപാരം എന്നീ കാര്യങ്ങള്‍ അന്വേഷിക്കയും അതിനായി മെത്രാപ്പോലീത്താച്ചന്‍ കല്പിച്ചു നിശ്ചയിച്ച നിയമങ്ങള്‍ പോലെ അവര്‍ തങ്ങളുടെ അധികാരത്തില്‍പ്പെട്ട പള്ളികളില്‍ ചുറ്റിനടന്ന് അതുകളെ നടത്തിവരുകയും ചെയ്തു”.
ഇതിലും സുവ്യക്തമായ തെളിവുകൾ നിരത്താൻ ഉണ്ടോ? സിഎംഐ സഭ അംഗങ്ങൾ തന്നെ എഴുതിയ പുസ്തകങ്ങളിൽ ഇക്കാര്യം അതി വ്യക്തമായി വിവരിച്ചിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് ചാവറയച്ചൻ ആണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ആശയത്തിന്റെയും ഇടയലേഖനത്തിന്റയും പിതാവ് എന്ന് ചിലർ ആണയിടുന്നത്?
കേരളസഭയുടെ സ്വന്തം വിശുദ്ധനാണ് വിശുദ്ധ ചാവറയച്ചൻ. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെക്കുറിച്ചോ കേരള സഭയ്ക്കും സമൂഹത്തിനും നൽകിയ അതിശ്രേഷ്ഠമായ സംഭാവനകളെ കുറിച്ചോ ആർക്കും തർക്കമില്ല. അദ്ദേഹത്തിൽ വിളഞ്ഞിരുന്ന പുണ്യങ്ങളും അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളും നാം മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. അങ്ങനെ അദ്ദേഹത്തിന്റെ മഹത്വം വരും തലമുറയെയും ബോധ്യപ്പെടുത്തണം. എന്നാൽ അദ്ദേഹം ചെയ്യാത്ത പ്രവൃത്തികൾ അദ്ദേഹത്തിൽ ആരോപിച്ച് അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്ക് കളങ്കം വരുത്തരുതേ.
വിശുദ്ധി എന്നാൽ ഏതോ സൂപ്പർമാൻ പദവി ആണെന്ന് ധരിച്ച ചില അല്പ ബുദ്ധികൾ നൂറ്റാണ്ടിൽ നടന്ന എല്ലാ സംഭവങ്ങളുടെയും പിതൃത്വം അദ്ദേഹത്തിൽ ആരോപിക്കുന്നത് അപലപിക്കപ്പെടേണ്ട പ്രവൃത്തി അല്ലേ? 1856 ൽ ബച്ചിനെല്ലി പിതാവ് ഇറക്കിയ ഇടയലേഖനത്തിലൂടെ ഉണ്ടായ മാറ്റത്തെ 1864 ൽ നിയമിതനായ ചാവറയച്ചന്റെ പേരിൽ പ്രചരിപ്പിക്കുന്നവർ ചരിത്രമറിയുന്നവരെ അപഹസിക്കുക മാത്രമാണോ വ്യാജചരിത്രം നിർമിക്കുക കൂടിയല്ലേ ചെയ്യുന്നത് ?
ഒരുകാര്യം ഓർമിക്കുക, മഹത്തായ കാര്യങ്ങൾ ചെയ്തതിനുള്ള അംഗീകാരമായി സഭ നൽകുന്ന പദവിയല്ല വിശുദ്ധൻ എന്ന പേര്. മറിച്ചു ജീവിതവിശുദ്ധിക്ക് സ്വർഗം നൽകുന്ന അംഗീകാരമാണ്. അതിനാൽ ഒരു വിശുദ്ധനെക്കുറിച്ച് അസത്യം പ്രചരിപ്പിക്കപ്പെടുമ്പോൾ മങ്ങലേൽക്കുന്നത് ആ വിശുദ്ധ പദവിക്കാണ്. അതിനാൽ അദ്ദേഹത്തിന്റെ വിശുദ്ധിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ അസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാം.
Categories: Articles