ദിവ്യബലി വായനകൾ The Baptism of the Lord – Feast 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 10/1/2021

The Baptism of the Lord – Feast 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. മത്താ 3:16-17

കര്‍ത്താവ് ജ്ഞാനസ്‌നാനം സ്വീകരിച്ചപ്പോള്‍
സ്വര്‍ഗം തുറക്കപ്പെടുകയും
ആത്മാവ് പ്രാവിനെപ്പോലെ അവിടത്തെമേല്‍ ആവസിക്കുകയും
പിതാവിന്റെ സ്വരം മുഴങ്ങുകയും ചെയ്തു:
ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു;
ഇവനില്‍ ഞാന്‍ സംപ്രീതനാണ്.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ജോര്‍ദാന്‍ നദിയില്‍ ക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചശേഷം
പരിശുദ്ധാത്മാവ് അവിടത്തെമേല്‍ ഇറങ്ങിവന്നപ്പോള്‍,
അങ്ങേ പ്രിയപുത്രനായി അവിടത്തെ
സാഘോഷം അങ്ങ് പ്രഖ്യാപിച്ചുവല്ലോ.
ജലത്താലും പരിശുദ്ധാത്മാവാലും പുതുജന്മംപ്രാപിച്ച
അങ്ങേ ദത്തുപുത്രര്‍ അങ്ങേ പ്രീതിയില്‍
എന്നും നിലനില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, അങ്ങേ ഏകജാതന്‍
ഞങ്ങളുടെ ശരീരത്തിന്റെ സത്തയില്‍ പ്രത്യക്ഷപ്പെട്ടുവല്ലോ.
ബാഹ്യമായി ഞങ്ങള്‍ക്കു സദൃശനാണെന്ന്
ഞങ്ങള്‍ തിരിച്ചറിഞ്ഞ അവിടന്നു വഴി,
ആന്തരികമായി നവീകരിക്കപ്പെടാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 55:1-11
നമ്മുടെ രക്ഷ ദൈവത്തിന്റെ സൗജന്യദാനം.

കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കു വേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്ന പോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും. ഇതാ, ഞാന്‍ അവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റെതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഏശ 12:2-6

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

ദൈവമാണ് എന്റെ രക്ഷ,
ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രണ്ടാം വായന

1 യോഹ 5:1-9
മൂന്നു സാക്ഷികളാണുള്ളത് – ആത്മാവ്, ജലം, രക്തം.

യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്.
പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍
ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.
ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍,
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം.
അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.
എന്തെന്നാല്‍, ദൈവത്തില്‍ നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു.
ലോകത്തിന്മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം.
യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ
മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് – യേശുക്രിസ്തു.
ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്.
ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.
ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.
മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍,
ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്.
ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 1:7-11
നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

അക്കാലത്ത് യോഹന്നാന്‍ ഇപ്രകാരം ഉദ്‌ഘോഷിച്ചു: എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും.
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ജോര്‍ദാനില്‍വച്ച് യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിച്ചു. വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പ്രിയപുത്രന്റെ ഈ വെളിപ്പെടുത്തലില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ വിശ്വാസികളുടെ ബലിവസ്തു,
ലോകത്തിന്റെ പാപങ്ങള്‍ കരുണാപൂര്‍വം കഴുകിക്കളയാന്‍
തിരുവുള്ളമായ അവിടത്തെ ബലിയായി
പരിണമിപ്പിക്കുമാറാകണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 1:32,34

ഇതാ, അവനെക്കുറിച്ച് യോഹന്നാന്‍ പറഞ്ഞത്:
ഞാന്‍ അതു കാണുകയും അവന്‍ ദൈവപുത്രനാണെന്ന്
സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിന് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
അങ്ങേ ഏകജാതനെ വിശ്വസ്തതയോടെ ശ്രവിച്ചുകൊണ്ട്
ഞങ്ങള്‍ അങ്ങേ യഥാര്‍ഥ മക്കളെന്നു വിളിക്കപ്പെടാനും
അപ്രകാരമായിരിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s