പുലർവെട്ടം 425

{പുലർവെട്ടം 425}

എന്തുകൊണ്ടാണ് ഇങ്ങനെ സ്നേഹത്തെക്കുറിച്ച് എഴുതിയെഴുതി മനുഷ്യർക്ക് മടുക്കാത്തത്! ഉടലേത് ഉയിരേതെന്ന് തിരിയാതെ പോയ നിമിഷങ്ങളെക്കുറിച്ച് അവളെഴുതിയ ദീർഘമായ കത്ത് എവിടെയോ നഷ്ടപ്പെട്ടു. എങ്കിലും നിറയെ പൂക്കൾ തുന്നിയ ഒരു നീലത്തൂവാലയായി പഴയൊരു ഇൻലന്റ് ഉള്ളിൽ പതിഞ്ഞിട്ടുണ്ട്.

അങ്ങനെ ഒരു നേരമുണ്ടായിരുന്നു. ജീവനുവേണ്ടി ഈശ്വരനോട് വാശി പിടിക്കുകയായിരുന്നു. ഉടലിനുതാഴെ പ്രാണന്റെ നാളം എരിഞ്ഞുതീരുകയാണ്. അതോ ഉടൽ പാമ്പിന്റെ ഉറയൂരൽ പോലെ ഉയിരിൽനിന്ന് അഴിഞ്ഞുവീഴുകയാണോ എന്ന് പരിഭ്രമിച്ചു. രണ്ടും ഒരുമിച്ച് ചേർക്കുവാൻ തല്ലിയലച്ച നേരം തീവ്രരാഗങ്ങളും അതുപോലെതന്നെ ഉടൽ ഊരിയിട്ട ദേഹിയും വേറെ എവിടെയോ ആവാഹിക്കപ്പെടുകയാണ്. അതറിയുന്നത് മുഴുവൻ ദേഹമാണ്. ഒരേനേരം ഉള്ളിലും പുറത്തും അരികിലും ആരോ ഒരാളുണ്ടെന്ന് തോന്നും. മനസ്സിനുള്ളിൽത്തന്നെ മറ്റൊരു മനസ്സ് തുന്നിച്ചേർത്തവർക്ക് കോൺഫിഡന്റായി ഏത് ധ്രുവങ്ങളിലേക്കും യാത്ര പോകാം. തുന്നിക്കെട്ടുന്നതുപോലെ എളുപ്പമല്ല അതഴിക്കുന്നത്. ഉണങ്ങാത്ത മുറിവുകളുടെ അശാന്തിയാണ് ശിഷ്ടകാലത്തിന്റെ ശിരോവര. ഒരേ കോർമ്പലിൽ കോർക്കപ്പെട്ട മീനുകളെപ്പോലെ ഒരാളുടെ ഓരോ വലിവും മറ്റൊരാൾക്ക് അതേ നോവ് നൽകുന്നു. മീനിന് അതിനു നഷ്ടപ്പെട്ട കടലിനെയോർക്കാൻ ഹൃദയം തുളച്ചു പോകുന്ന ഒരു കോർമ്പൽ…

ഉണങ്ങാത്ത മുറിവുകൾക്കോ നെഞ്ചുതുളയ്ക്കുന്ന നോവിനോ ചില നേരങ്ങളിൽ എന്തൊരു സുഖമാണ്. മസോക്കിസമൊന്നുമല്ല, സ്നേഹത്തിന്റെ മൂർച്ചയുള്ള വാളറ്റങ്ങൾ, പ്രണയത്തിന്റെ വിഷം പുരണ്ട മുറിവുകൾ- കരീബിയൻ ആദിവാസികളുടെ വിഷം നിറച്ചുതിരുന്ന മുളയമ്പുകൾപോലെ. മുറിവായിലൂടെ കയറുന്ന വിഷം പേശികളെയാണ് തളർത്തുന്നത്. വേട്ടമൃഗങ്ങൾ അവിടെത്തന്നെ ഉറഞ്ഞുപോവുകയാണ്; റ്റൂബോ ക്യുറാറി എന്ന കൊടുംവിഷം. ചെറിയ അളവിൽ അതൊരു അനസ്തേഷ്യ മെഡിസിൻ കൂടിയാണ്.

തീവ്രസ്നേഹത്തിന്റെ അമ്പുകളേറ്റവർ കാലവും പ്രായവും മാറിയതതറിയാതെ ഉപ്പുതൂണായി ഉറഞ്ഞുനിൽപ്പുണ്ട്. എന്നിട്ടും കഠിനമായ ആ വേദനയെ ഒരു മാത്ര നിലത്തുവയ്ക്കാതെ അവർ കൂടെക്കൂട്ടുന്നത് എന്തിനായിരിക്കും? അത് ആനന്ദത്തെക്കാൾ ആനന്ദമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കും. ഭൂമിമലയാളത്തിൽ ഒരേയൊരാൾക്ക് മാത്രം അതു പിടുത്തം കിട്ടിയേക്കും; ‘ആനന്ദധാര’ എന്ന കവിത കുറിച്ചയാൾക്ക്.

“ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..”

എല്ലാ ദുഃഖത്തെയും ആനന്ദമാക്കുന്ന എന്തോ ഒരു ആൽക്കെമി ഇപ്പോഴും സ്നേഹത്തിന്റെ ലബോറട്ടറിയിൽ സംഭവിക്കുന്നുണ്ട്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment