ദിവ്യബലി വായനകൾ

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 8/1/2021

08 Jan 2021

പ്രവേശകപ്രഭണിതം

സങ്കീ 112:4

പരമാര്‍ഥഹൃദയര്‍ക്ക് അന്ധകാരത്തില്‍ ഒരു പ്രകാശം ഉദയംചെയ്തു.
കര്‍ത്താവ് കാരുണ്യവാനും കൃപാലുവും നീതിമാനുമാണ്.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
നക്ഷത്രത്തിന്റെ മാര്‍ഗനിര്‍ദേശത്താല്‍ വെളിപ്പെടുത്തപ്പെട്ട
ലോകരക്ഷകന്റെ ജനനം,
ഞങ്ങളുടെ മനസ്സില്‍ എന്നും വെളിപ്പെടാനും വളരാനും
ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 5:5-13
ആത്മാവ്, ജലം, രക്തം.

യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?
ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് – യേശുക്രിസ്തു.
ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്.
ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.
മൂന്നു സാക്ഷികളാണുള്ളത് – ആത്മാവ്, ജലം, രക്തം.
ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.
മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍,
ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്.
ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്.
ദൈവത്തെ വിശ്വസിക്കാത്തവന്‍,
ദൈവം തന്റെ പുത്രനെക്കുറിച്ച് നല്‍കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട്
അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.
ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി.
ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.
പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു.
ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.

ഞാന്‍ ഇവയെല്ലാം എഴുതിയതു
ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു
നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്.
കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 5:12-16
തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി.

യേശു ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. യേശു കൈ നീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചു കൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ളതനുസരിച്ച് ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍, യേശുവിന്റെ കീര്‍ത്തി പൂര്‍വാധികം വ്യാപിച്ചതേയുള്ളു. അവന്റെ വാക്കു കേള്‍ക്കുന്നതിനും രോഗശാന്തി നേ ടുന്നതിനും വേണ്ടി വളരെ ആളുകള്‍ തിങ്ങിക്കൂടി. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്കു പിന്‍വാങ്ങി അവിടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിപൂര്‍വം സ്വീകരിക്കണമേ.
ഭക്തിപുരസ്സരമുളള വിശ്വാസത്താല്‍
അവര്‍ പ്രഖ്യാപിക്കുന്നവ സ്വര്‍ഗീയ കൂദാശകളാല്‍ സ്വന്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

1 യോഹ 4:9

തന്റെ ജാതനായ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിന്
ദൈവം അവനെ ലോകത്തിലേക്കയച്ചു;
അങ്ങനെ ദൈവത്തിന്റെ സ്‌നേഹം
നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

അങ്ങേ കൂദാശയുടെ പങ്കാളിത്തംവഴി
ഞങ്ങളെ സ്പര്‍ശിക്കുന്ന ദൈവമേ,
അതിന്റെ ശക്തിയുടെ ഫലം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണമേ.
അങ്ങനെ അങ്ങേ ദാനം സ്വീകരിക്കാന്‍,
അതേ ദാനത്തിലൂടെ ഞങ്ങള്‍ യോഗ്യരാക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment