ദിവ്യബലി വായനകൾ Saturday after Epiphany Sunday 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 9/1/2021

Saturday after Epiphany Sunday 

Liturgical Colour: White.

പ്രവേശകപ്രഭണിതം

ഗലാ 4:4-5

നമുക്ക് ദത്തുപുത്രസ്ഥാനം ലഭിക്കാന്‍
സ്ത്രീയില്‍നിന്നു ജാതനായ തന്റെ പുത്രനെ ദൈവം അയച്ചു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ ഏകജാതന്‍ വഴി
അങ്ങേക്കായി ഞങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കിയല്ലോ.
അവിടന്നിലാണല്ലോ ഞങ്ങളുടെ പ്രകൃതി
അങ്ങയോടൊത്ത് ആയിരിക്കുന്നതും.
അവിടത്തെ കൃപയാല്‍ ഞങ്ങള്‍
അവിടത്തെ രൂപത്തിലും കാണപ്പെടാനിടയാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 5:14-21
ദൈവപുത്രന്റെ ഇഷ്ടത്തിനനുസൃതമായി നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും.

ദൈവപുത്രന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍,
അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.
നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍,
നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.
മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍
അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും.
മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്.
മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല;
ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു.
ദുഷ്ടന്‍ അവനെ തൊടുകയുമില്ല.
നാം ദൈവത്തില്‍ നിന്നുള്ളവരാണെന്നും
ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു.
ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു
നമുക്കു നല്‍കിയെന്നും നാം അറിയുന്നു.
നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്.
ഇവനാണു സത്യദൈവവും നിത്യജീവനും.
കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 149:1b-2,3-4,5-6a,9b

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍
തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

നൃത്തം ചെയ്തുകൊണ്ട് അവര്‍
അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍
ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍
ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 3:22-30
മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു.

യേശുവും ശിഷ്യന്മാരും യൂദയാ ദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച് സ്‌നാനം നല്‍കി. സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തു വന്ന് സ്‌നാനം സ്വീകരിച്ചിരുന്നു. യോഹന്നാന്‍ ഇനിയും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നില്ല. അവന്റെ ശിഷ്യന്മാരും ഒരു യഹൂദനും തമ്മില്‍ ശുദ്ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി. അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോര്‍ദാന്റെ അക്കരെ നിന്നോടുകൂടി ഉണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന്‍ , ഇതാ, ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്റെ അടുത്തേക്കു പോവുകയാണ്. യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍ നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണ് എന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്. മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു. അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചദ്രവ്യംവഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വം വഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 1:16

അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം
കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിവിധമാര്‍ഗങ്ങളിലൂടെ പരിപാലിക്കപ്പെടുന്ന അങ്ങേ ജനം,
ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment