നല്ലച്ചൻ / A Good Priest

കവിത

നല്ലച്ചൻ (A Good Priest):

നേർച്ചനേർന്നിട്ടല്ല,
പൈസയില്ലാഞ്ഞല്ല,
പഠിപ്പു പേടിച്ചല്ല,
പദവി മോഹിച്ചല്ല
അച്ചനായതു സ്നേഹിക്കാൻ!

കുറ്റമില്ലാഞ്ഞല്ല,
പുണ്യാളനായിട്ടല്ല,
ചാപല്യമില്ലാതല്ല,
സ്ത്രീവിദ്വേഷത്താലല്ല
അച്ചനായതു സ്നേഹിക്കാൻ!

നിങ്ങളെപ്പോൽ കരഞ്ഞും
നിങ്ങളെപ്പോൽ ചിരിച്ചും
നിങ്ങളെപ്പോൽ സ്നേഹിച്ചും
നിങ്ങളെപ്പോൽ ദ്വേഷിച്ചും
നടന്ന നാളിലും കൊതിച്ചു:
അച്ചനാകണം സ്നേഹിക്കാൻ!

എനിക്കും
ഒരമ്മയുണ്ടായിരുന്നു,
ഒരച്ഛനുണ്ടായിരുന്നു,
ഒരേട്ടനുണ്ടായിരുന്നു,
ഒരു പെങ്ങളുണ്ടായിരുന്നു,
ഒരു തോഴനുണ്ടായിരുന്നു,
ഒരുപാടു സ്നേഹിക്കാൻ!

ഒരു നാൾ
എല്ലാവരെയും ഉപേക്ഷിച്ച്,
നാടും വീടും വിട്ടെറിഞ്ഞ്,
അമ്മതൻ കണ്ണീരു
കയ്യാൽ തുടച്ച്,
എൻകണ്ണീർമുത്തു ചങ്കിലേക്കാഴ്ത്തി,
ഒരു കടലിരമ്പലായ് ഞാനിറങ്ങി നടന്നത്
ദൈവസ്നേഹസാഗരത്തിൽ
ഒരു തുളളിയാകുവാൻ മാത്രം!

അതുകൊണ്ട്,
കൊട്ടിയൂരിലും ജലന്ധറിലും
നിങ്ങളെന്നെ കെട്ടിയിട്ട്
ചാട്ടവാറു കൊണ്ടടിച്ചാലും,
അവഗണിച്ചും പുച്ഛിച്ചും
ട്രോളുകൾ കൊണ്ടെന്റെ മുഖത്തു നീട്ടിത്തുപ്പിയാലും,
മാധ്യമവിചാരണ ചെയ്തു
സ്തേഫാനോസിനെയെന്നപോൽ
കല്ലെറിഞ്ഞാലും,
ശബ്ദമില്ലാതെ കരയാൻ
എനിക്കറിയാം;

ഒടുവിൽ,
ദുഃഖം അണമുറിഞ്ഞു
ചങ്കു പൊട്ടി ഞാൻ മരിച്ചാലും
എന്നിലെ സ്നേഹമൊരു
നെയ്ത്തിരി വെട്ടമായെരിഞ്ഞു
നിങ്ങളെ ചൂഴ്ന്നു നിൽക്കും;
ഉന്നതത്തിലേയ്‌ക്ക്‌ ഞാൻ കരങ്ങളുയർത്തുമ്പോൾ
സ്വർഗ്ഗം തുറന്നെന്റെ സ്നേഹഗായകൻ
ഇറങ്ങി വരിക തന്നെ ചെയ്യും..

(സോമി പുതനപ്ര)

Leave a comment